ഈ FAQ പേജിൽ എൻ്റെ ചിത്രകല, കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ, എഴുത്ത്, സംഗീതം, കലാപരിശീലനം, വർക്ക്‌ഷോപ്പുകൾ, പകർപ്പവകാശം, "സിൽസില" മ്യൂസിക് വീഡിയോ, കലാജീവിതം എന്നിവയെക്കുറിച്ച് പൊതുവെ ചോദിക്കാറുള്ള പ്രധാന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും നൽകിയിരിക്കുന്നു.
🌐 Looking for the English version?
👉 Read the English FAQ click here
.png)
🎨 General Information
1. ഈ ബ്ലോഗ് എന്തിനെക്കുറിച്ചാണ്?
ചിത്രകല, കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ, കവിതകൾ, കഥകൾ, ലേഖനങ്ങൾ, വ്യക്തിപരമായ അനുഭവങ്ങൾ, സൃഷ്ടിപരമായ ആശയങ്ങൾ എന്നിവ പങ്കുവെക്കുന്ന ഒരു വേദിയാണ് ഈ ബ്ലോഗ്. സർഗാത്മകത, സാഹിത്യം, സാമൂഹിക വിഷയങ്ങൾ, കലാവിദ്യാഭ്യാസം, എന്നിവയും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു.
2. ഈ ബ്ലോഗിന്റെ രചയിതാവ് ആരാണ്?
ആലപ്പുഴ കലവൂർ സ്വദേശിയായ കാർട്ടൂണിസ്റ്റ്, ചിത്രകാരൻ, എഴുത്തുകാരൻ, മ്യൂസിക് ആൽബം നിർമ്മാതാവ്, ചിത്രകലാ അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഹരിശങ്കർ കലവൂർ ആണ് ഈ ബ്ലോഗിന്റെ സ്രഷ്ടാവും പരിപാലകനും.
🖌️ Art & Paintings
3. നിങ്ങൾ ഏത് തരത്തിലുള്ള ചിത്രങ്ങളാണ് വരയ്ക്കുന്നത്?
ആശയചിത്രങ്ങൾ (Conceptual Art), പ്രകൃതി, സാംസ്കാരിക വിഷയങ്ങൾ, പരീക്ഷണാത്മക കലാസൃഷ്ടികൾ തുടങ്ങി വിവിധ ശൈലികളിലും മാധ്യമങ്ങളിലുമാണ് ഞാൻ ചിത്രങ്ങൾ സൃഷ്ടിക്കുന്നത്.
4. നിങ്ങളുടെ ചിത്രങ്ങൾ വാങ്ങാൻ കഴിയുമോ?
കഴിയും. തിരഞ്ഞെടുത്ത ഒറിജിനൽ ചിത്രങ്ങളും കമ്മീഷൻ അടിസ്ഥാനത്തിലുള്ള കലാസൃഷ്ടികളും ലഭ്യമാണ്. ലഭ്യതയും വിലയും അറിയാൻ ദയവായി Contact പേജ് വഴി ബന്ധപ്പെടുക.
5. കമ്മീഷൻ അടിസ്ഥാനത്തിലുള്ള ചിത്രരചനകൾ ഏറ്റെടുക്കുമോ?
അതെ. പോർട്രെയിറ്റുകൾ, ചിത്രീകരണങ്ങൾ (Illustrations), കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ, തിരഞ്ഞെടുത്ത ചിത്രരചനാ പദ്ധതികൾ എന്നിവ ലഭ്യത അനുസരിച്ച് ഏറ്റെടുക്കുന്നു.
✏️ Cartoon Classes & Workshops
6. നിങ്ങൾ ചിത്രരചനയോ കാർട്ടൂൺ പരിശീലനമോ നൽകുന്നുണ്ടോ?
ഉണ്ട്. തുടക്കക്കാർക്കും വിദ്യാർത്ഥികൾക്കും കാർട്ടൂൺ, കാരിക്കേച്ചർ, ചിത്രരചന എന്നിവയിൽ വിവിധ സ്‌കൂളുകളിലും ഓൺലൈനായും പരിശീലനം നൽകുന്നു. ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങളും ട്യൂട്ടോറിയലുകളും ഈ ബ്ലോഗിലും എൻ്റെ യൂട്യൂബ് ചാനലിലും പ്രസിദ്ധീകരിക്കുന്നുണ്ട്.
🔒 Copyright & Usage
7. പത്രങ്ങൾക്കും മാസികകൾക്കും പ്രസിദ്ധീകരണങ്ങൾക്കുമായി കാർട്ടൂണുകൾ ലഭ്യമാണോ?
അതെ. എഡിറ്റോറിയൽ കാർട്ടൂണുകൾ, ചിത്രീകരണങ്ങൾ, സൃഷ്ടിപരമായ മറ്റ് ചിത്രീകരണങ്ങൾ എന്നിവയ്ക്കായി എഡിറ്റർമാർക്കും പ്രസാധകർക്കും ബന്ധപ്പെടാവുന്നതാണ്.
8. നിങ്ങളുടെ ചിത്രങ്ങളോ ലേഖനങ്ങളോ എൻ്റെ വെബ്സൈറ്റിൽ ഉപയോഗിക്കാമോ?
ഇല്ല. രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഈ ബ്ലോഗിലെ ചിത്രങ്ങളും ഫോട്ടോകളും ലേഖനങ്ങളും ഉപയോഗിക്കാനോ പകർത്താനോ പാടില്ല. അവയെല്ലാം പകർപ്പവകാശ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടവയാണ്.
📚 Writing & Blog
9. നിങ്ങളുടെ ലേഖനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാമോ?
തീർച്ചയായും. ലേഖനങ്ങളുടെ ലിങ്കുകൾ പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ട്. എന്നാൽ പൂർണ്ണ ലേഖനങ്ങൾ അനുമതിയില്ലാതെ പകർത്തി പ്രസിദ്ധീകരിക്കരുത്.
10. ലേഖനങ്ങൾ രണ്ട് ഭാഷയിൽ എഴുതിയിരിക്കുന്നത് എന്തുകൊണ്ടാണ്?
മലയാളമാണ് എൻ്റെ മാതൃഭാഷ. വ്യത്യസ്ത ഭാഷാപശ്ചാത്തലങ്ങളിലുള്ള വായനക്കാർക്ക് എൻ്റെ സൃഷ്ടികൾ ആസ്വദിക്കാനാകണമെന്നതിനാൽ മലയാളത്തിലും ഇംഗ്ലീഷിലും ഞാൻ എഴുതുന്നു.
11. ഈ ബ്ലോഗ് എത്ര ഇടവേളകളിലാണ് പുതുക്കുന്നത്?
പുതിയ ചിത്രങ്ങൾ, ലേഖനങ്ങൾ, കവിതകൾ, ട്യൂട്ടോറിയലുകൾ, മറ്റ് സൃഷ്ടിപരമായ ഉള്ളടക്കങ്ങൾ എന്നിവ സ്ഥിരമായി പ്രസിദ്ധീകരിക്കുന്നുണ്ട്.
12. കലയ്ക്ക് പുറമെ മറ്റ് വിഷയങ്ങളിലും എഴുതാറുണ്ടോ?
ഉണ്ട് . കലയ്ക്ക് പുറമെ സാഹിത്യം, സംഗീതം, മ്യൂസിക് വീഡിയോകൾ, മാധ്യമങ്ങൾ, സർഗാത്മകത, വിദ്യാഭ്യാസം, സംസ്കാരം, സമൂഹം, പ്രകൃതി, സാങ്കേതികവിദ്യ, വ്യക്തിപരമായ അനുഭവങ്ങൾ എന്നിവയിലും എഴുതാറുണ്ട്.
📞 Contact
13. വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശത്തിനായി നിങ്ങളെ സമീപിക്കാമോ?
ചിത്രരചന, കാർട്ടൂൺ, കാരിക്കേച്ചർ, സർഗാത്മക വികസനം എന്നിവയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് എന്നെ ബന്ധപ്പെടാം.
14. പുതിയ പോസ്റ്റുകൾ എങ്ങനെ അറിയാം?
ഈ ബ്ലോഗ് സബ്സ്ക്രൈബ് ചെയ്യുകയും എൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുകയും ചെയ്താൽ പുതിയ ചിത്രങ്ങൾ, ലേഖനങ്ങൾ, സൃഷ്ടിപരമായ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
15. നിങ്ങളെ എങ്ങനെ ബന്ധപ്പെടാം?
ഈ വെബ്സൈറ്റിലെ Contact പേജ് ഉപയോഗിക്കുകയോ ബ്ലോഗിൽ നൽകിയിരിക്കുന്ന ഔദ്യോഗിക സോഷ്യൽ മീഡിയ ലിങ്കുകൾ വഴി ബന്ധപ്പെടുകയോ ചെയ്യാം.
16. നിങ്ങളുടെ കലാസൃഷ്ടികളിൽ AI ഉപയോഗിക്കുന്നുണ്ടോ?
ചിത്രങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തൽ, പഴയ ചിത്രങ്ങളുടെ പുനരുദ്ധാരണം, ഗവേഷണം, സാങ്കേതിക എഡിറ്റിംഗ് തുടങ്ങിയ ആവശ്യങ്ങൾക്ക് AI ഉപയോഗിക്കാറുണ്ട്. എന്നാൽ പ്രത്യേകം സൂചിപ്പിച്ചിട്ടില്ലെങ്കിൽ ആശയങ്ങളും ചിത്രങ്ങളും സംഗീതവും കാർട്ടൂണുകളും എഴുത്തുകളും സർഗാത്മക സൃഷ്ടികളും എല്ലാം എൻ്റെ സ്വന്തം സൃഷ്ടികളാണ്.
17. അടുത്ത ലേഖനത്തിനായി ഒരു വിഷയം നിർദ്ദേശിക്കാമോ?
തീർച്ചയായും. പുതിയ ലേഖനങ്ങൾ, ട്യൂട്ടോറിയലുകൾ, ചിത്രരചനകൾ, സൃഷ്ടിപരമായ ചർച്ചകൾ എന്നിവയ്ക്കുള്ള നിങ്ങളുടെ നിർദ്ദേശങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു.
18. സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും നിങ്ങളെ വർക്ക്‌ഷോപ്പുകൾക്കായി ക്ഷണിക്കാമോ?
ക്ഷണിക്കാം. ചിത്രകലാ പരിശീലനം, കാർട്ടൂൺ ക്ലാസുകൾ, കലാപ്രദർശനങ്ങൾ, സർഗാത്മക വർക്ക്‌ഷോപ്പുകൾ എന്നിവയ്ക്കായി ലഭ്യത അനുസരിച്ച് പങ്കെടുക്കുന്നു. ആവശ്യങ്ങൾ അറിയിച്ച് ബന്ധപ്പെടുക.
19. എന്തുകൊണ്ടാണ് ഈ ബ്ലോഗ് പിന്തുടരേണ്ടത്?
ദൃശ്യകല, കാർട്ടൂൺ, സാഹിത്യം, സംഗീതം, ചരിത്ര പഠനം, വ്യക്തിപരമായ അനുഭവങ്ങൾ, പ്രായോഗിക ട്യൂട്ടോറിയലുകൾ എന്നിവയെ ഒരുമിപ്പിക്കുന്ന വ്യത്യസ്തമായ ഒരു സൃഷ്ടിപരമായ വേദിയാണ് ഈ ബ്ലോഗ്. കലാകാരന്മാർക്കും വിദ്യാർത്ഥികൾക്കും ചരിത്ര ഗവേഷകർക്കും വായനക്കാർക്കും സർഗാത്മകതയിൽ താൽപര്യമുള്ള എല്ലാവർക്കും ഇത് പ്രചോദനവും അറിവും നൽകുന്ന ഒരു വിലപ്പെട്ട സ്രോതസ്സാണ്.
👨🎨 About the Artist
20. ചിത്രകാരൻ എന്ന നിലയിൽ എങ്ങനെ സ്വയം വിലയിരുത്തുന്നു ?
ചിത്രരചന ചെറുപ്പം മുതൽ എൻ്റെ കൂടെ ഉണ്ട്. എങ്കിലും S L ലാരിയസ് സാർ നൽകിയ ചിത്രസംരചന എന്ന പുസ്തകം വായിച്ചതിൽ പിന്നെയാണ് ഞാൻ യഥാർത്ഥ ക്രീയറ്റിവ് ആയ ചിത്ര രചനയുടെ പാഠങ്ങൾ പഠിച്ചത്. അതിൽ പറഞ്ഞ തത്വങ്ങൾ വച്ച് രണ്ട് മൂന്ന് ചിത്രങ്ങൾ വരച്ച് ആർട്ടിസ്റ്റ് കെ പളനി സാറിനെ കാണിച്ച് അദ്ദേഹത്തിന്റെ ശിഷ്യനായി മാറുകയും 2000 ഓഗസ്റ്റിൽ ആദ്യ ചിത്രപ്രദര്ശനം നടത്തുകയും ചെയ്തു.
വിവിധ ചിത്രരചനാ രീതികൾ പരീക്ഷിച്ചതിനാൽ എന്റെ സ്വന്തം ശൈലി രൂപപ്പെടാൻ കുറച്ച് സമയം എടുത്തു. എന്നാൽ അതുതന്നെയാണ് പിന്നീട് കൂടുതൽ സ്വതന്ത്രമായ കലാപരമായ പരീക്ഷണങ്ങൾക്ക് വഴിയൊരുക്കിയത്.
21. കഥാകൃത്ത്, കവി, എഴുത്തുകാരൻ നിലയിൽ എങ്ങനെ സ്വയം വിലയിരുത്തുന്നു ?
ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിട്ടുള്ളത് വായിക്കാനും എഴുതാനും സാഹിത്യ ക്യാമ്പുകളിലും സാഹിത്യവേദികളിലും പങ്കെടുക്കാനും ആണ്. അത് കൊണ്ട് തന്നെ എഴുത്ത്കാരൻ എന്ന നിലയിൽ ആണ് ഞാൻ ഏറ്റവും ശക്തൻ എന്ന് വിശ്വസിക്കുന്നു. കൂടുതൽ മികച്ച ഒട്ടേറെ സൃഷ്ടികൾ ഇനിയും എനിക്ക് ചെയ്യാൻ സാധിക്കും.
22. സംഗീത സംവിധായകൻ എന്ന നിലയിൽ എങ്ങനെ സ്വയം വിലയിരുത്തുന്നു ?
ചെറുപ്പത്തിലേ സംഗീതത്തിൽ വലിയ താൽപ്പര്യം ഉണ്ടായിരുന്നെങ്കിലും ശാസ്ത്രീയമായി പഠിക്കാൻ അവസരം ലഭിച്ചില്ല. എങ്കിലും പിന്നീട് വിവിധ ഗുരുക്കന്മാരുടെ കീഴിൽ നിരവധി വർഷങ്ങളായി സംഗീത പഠനം തുടരുന്നു.
എൻ്റെ പാട്ടുകൾ ഒരാശയത്തിൽ നിന്ന് വരികളും ഈണവും ഒന്നിച്ച് ആണ് ജനിക്കുന്നത് അത് കൊണ്ട് സോങ്ങ് റൈറ്റർ (Song writer) എന്ന രീതിയിൽ ഞാൻ എന്നെ വിലയിരുത്തുന്നത്. സംഗീതം ആഴത്തിൽ പഠിച്ച മ്യൂസിഷ്യൻ അല്ലാത്തതിനാൽ മറ്റുള്ളവരുടെ വരികൾ സംഗീതം ചെയ്യാൻ എനിക്ക് സാധിക്കില്ല. എൻ്റെ ആശയങ്ങളെ ലളിതമായ സംഗീതവും താളവും ഉപയോഗിച്ച് ജനങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
23. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചത് ഒരു മേഖലയിൽ മാത്രം കൂടുതൽ ഉയരാനുള്ള സാധ്യത കുറച്ചുവെന്ന് കരുതുന്നുണ്ടോ?
എന്നിലെ കലാകാരനെ ഏറ്റവും സ്നേഹിക്കുന്നത് ഞാൻ തന്നെയാണ്. ഒരു സർക്കാർ ഉദ്യോഗത്തിന് ശ്രമിക്കാതെയും നേരത്തേ വിവാഹിതനാകാൻ ശ്രമിക്കാതെയും എന്നിലെ കലാകാരന് പൂർണ്ണ സ്വാതന്ത്ര്യം ഞാൻ നൽകി. ഒരു രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ ആ രംഗത്ത് എനിക്ക് പ്രൊഫഷണൽ ആയി സമ്പാദിക്കാമായിരുന്നു. പക്ഷെ വ്യത്യസ്ഥ രംഗങ്ങളിൽ പ്രവർത്തിച്ച അനുഭവ പരിചയം ഉള്ളത് കൊണ്ട് തികച്ചും വ്യത്യസ്‍തവും നൂതനവുമായ ചില കലാ പ്രവർത്തനങ്ങൾ എനിക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇനിയും വ്യത്യസ്ത മേഖലകളെ ബന്ധിപ്പിച്ച് എന്തെല്ലാം പുതുമയുള്ള സൃഷ്ടികൾ ചെയ്യാനാവും എന്ന ആകാംഷയോടെ ആണ് ഞാൻ കലാ പ്രവർത്തനം തുടരുന്നത്.
🎵 "Silsila" Music Video FAQ
24. "സിൽസില" എന്ന വാക്കിന്റെ അർത്ഥമെന്താണ്?
"സിൽസില" എന്നത് തുടർച്ച, ഒരു ശൃംഖല, പരസ്പരബന്ധം, അല്ലെങ്കിൽ അവസാനിക്കാത്ത ഒരു യാത്ര എന്നൊക്കെയാണ് അർത്ഥമാക്കുന്നത്.
25. സിൽസില പാട്ടിലൂടെ പറയാൻ ആഗ്രഹിച്ച സന്ദേശം എന്താണ് ?
നമ്മുടെ ജീവിതം പലപ്പോഴും പല കാരണങ്ങൾ കൊണ്ടും തടസ്സപ്പെട്ട് നിൽക്കുന്ന അവസ്ഥയിൽ ആത്മഹത്യ വരെ ചെയ്ത് പോകുന്നവരുണ്ട്. എന്നാൽ ആ പ്രതിസന്ധികൾ ഒക്കെ നമ്മൾ ഒന്നും ചെയ്തില്ലെങ്കിൽ പോലും ക്രമേണ കാലം മായ്ച്ച് കളയും എന്നതാണ് യാഥാർഥ്യം. യൗവ്വനവും പ്രണയവും ജീവിതവും ഒക്കെ തുടരുന്നതാണ്. ജീവിതത്തെ നമ്മൾ ആടിയും പാടിയും വ്യായാമങ്ങൾ ചെയ്തും നല്ല ഭക്ഷണം കഴിച്ചും ഒക്കെ ആസ്വദിക്കണം എന്നതാണ് ഈ പാട്ടിലൂടെ പകരുന്ന ആശയം.
26. കുമിള പോലെ ക്ഷണ ഭംഗുരമാണ് ജീവിതം എന്നും ജീവിതം തുടരുന്നതാണ് എന്നും പറയുന്നത് പരസ്പര വിരുദ്ധം അല്ലേ?
അല്ല. ഈ രണ്ട് ആശയങ്ങളും പരസ്പരവിരുദ്ധമല്ല; മറിച്ച് ജീവിതത്തിന്റെ രണ്ട് വ്യത്യസ്ത തലങ്ങളെയാണ് അവ സൂചിപ്പിക്കുന്നത്.
ജീവിതം, ഓരോ ദിവസവും ഓരോ പുതിയ ജന്മം പോലെ വ്യത്യസ്തമായതും പുതുമയുള്ളതും ആണ്. പക്ഷെ ജീവിതം എന്ന മഹാപ്രവാഹം ഒരിക്കലും അവസാനിക്കുന്നില്ല. ഒരു തലമുറയ്ക്ക് ശേഷം മറ്റൊരു തലമുറ വരുന്നു. ഓരോ ദിവസവും ഓരോ നിമിഷവും പുതുമയുള്ളതാണ്. ഒരേ വെള്ളത്തിൽ രണ്ടാമതൊരിക്കൽ കാൽ നനയ്ക്കാൻ കഴിയില്ലെന്ന് പറയുന്നതുപോലെ, ഓരോ നിമിഷവും പുതിയതും അതേസമയം തുടർച്ചയുള്ളതുമാണ്.
അതുകൊണ്ടാണ് തത്ത്വചിന്തകർ പഴയ കാര്യങ്ങളെ ഓർത്ത് അനാവശ്യമായി ദുഃഖിക്കുകയോ, വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അമിതമായി വ്യാകുലപ്പെടുകയോ ചെയ്യാതെ ഈ നിമിഷത്തിൽ ജീവിക്കാൻ ഉപദേശിക്കുന്നത്. "സിൽസില" എന്ന ഗാനവും ജീവിതത്തെ സന്തോഷപൂർവ്വം സ്വീകരിക്കാനും, അതിന്റെ തുടർച്ചയെ പ്രത്യാശയോടെ ആഘോഷിക്കാനുമുള്ള ഒരു സന്ദേശമാണ് നൽകുന്നത്.
27. "സിൽസില" എങ്ങനെ പിറന്നു?
ഏകദേശം ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് വയസ്സുണ്ടായിരുന്ന കാലത്ത് ഒരു കീബോർഡ് വാങ്ങിച്ച് കഴിഞ്ഞ് ഒരു പാട്ട് എഴുതി സംഗീതം ചെയ്തു നോക്കണമെന്ന് കരുതി പെട്ടെന്ന് ഹിന്ദിയിൽ വരികളെഴുതി ചെയ്തതാണ് ഈ പാട്ടിൻ്റെ തുടക്കത്തിലെ വരികൾ. മലയാളത്തേക്കാൾ ഹിന്ദി തമിഴ് ഭാഷകൾ ആണ് ആവേശമുണർത്തുന്ന പാട്ടുകൾക്ക് അനുയോജ്യം എന്ന് എവിടെയോ വായിച്ചത് ഓർത്താണ് ഹിന്ദിയിൽ വരി എഴുതിയത്.
28. ഈ ഗാനത്തിന് പ്രചോദനമായത് എന്താണ്?
എ ആർ റഹ്മാൻ സംഗീതത്തിൻ്റെ സ്വാധീനം അന്നത്തെ എല്ലാ ചെറുപ്പക്കാരെയും ആവേശം കൊള്ളിച്ചത് പോലെ എന്നെയും സ്വാധീനിച്ചിട്ടുണ്ട്. അത് പോലെ തന്നെ 'ഐ ആം എ ഡിസ്‌ക്കോ ഡാൻസർ' പോലുള്ള മിഥുൻ ചക്രവർത്തി അഭിനയിച്ച സിനിമകളിലെ പാട്ടുകളും എന്നെ ഇൻഫ്ളുവൻസ് ചെയ്തിട്ടുണ്ട്. അത്പോലെ ബപ്പി ലാഹിരി, അലിഷ ചിനായ്, ജാസി ഗിഫ്റ്റ്, റിമി ടോമി തുടങ്ങിയവരുടെ പാട്ടുകളും സ്വാധീനിച്ചിട്ടുണ്ട്.
ശരിക്കും സിൽസില ചെയ്ത് നോക്കുമ്പോൾ അത് പാട്ട് ആക്കി ഇറക്കണം എന്ന് കരുതി ചെയ്തതല്ല. പക്ഷെ അത് കീബോർഡിലെ ഉപകരണ സംഗീതസഹിതം ടേപ് റിക്കോർഡറിൽ റിക്കോർഡ് ചെയ്ത് കേട്ട് നോക്കിയപ്പോൾ ഇത് ഹിറ്റാകും എന്ന് സ്വയം തോന്നുകയും മറ്റുള്ളവർ പറയുകയും ചെയ്തു..
29. വിമർശനങ്ങൾ പ്രതീക്ഷിച്ചോ ?
പ്രതീക്ഷിച്ചു. കാരണം ഇതേ പോലുള്ള 'ലജ്‌ജാവതിയേ..' എന്ന പാട്ട് വളരെ അധികം വിമർശനങ്ങൾ ആണ് ഗാന നിരൂപകരിൽ നിന്ന് നേരിട്ടത്. മലയാളികൾ പൊതുവെ മെലഡി സോങ്ങുകൾ മാത്രം ഇഷ്ടപ്പെടുന്നവർ ആണ്. മറ്റു ഭാഷകളിലെ അടിപൊളി പാട്ടുകൾ ഇഷ്ടപ്പെടുമ്പോഴും മലയാളത്തിൽ അത്തരം പ്രവണതകളെ സ്വീകരിക്കുവാൻ വിമുഖത കാട്ടുന്നവരാണ് കേരളീയർ.
കൂടാതെ ആൽബം രംഗത്ത് ശക്തരായി നിൽക്കുന്നവരിൽ നിന്ന് പ്രൊഫഷണൽ കോംപെറ്റീഷനും മാർഗ്ഗ തടസ്സം സൃഷ്ടിക്കലും ഒക്കെ സ്വാഭാവികമായും ഞാൻ പ്രതീക്ഷിച്ചിരുന്നു.
30. മറ്റേതെല്ലാം മ്യൂസിക് വിഡിയോകൾ ആണ് നിർമ്മിച്ചിട്ടുള്ളത് ?
വ്യത്യസ്തമായ മ്യൂസിക് വിഡിയോകൾ ആണ് ആദ്യം മുതൽ ഞാൻ നിർമ്മിച്ചിട്ടുള്ളത്. ആദ്യമായി 2009 ൽ ഇറക്കിയ യന്ത്രപ്പാട്ട് എന്ന അനിമേഷൻ വിഡിയോ മുതിർന്നവർക്ക് വേണ്ടി നിർമ്മിച്ച മലയാളത്തിലെ ആദ്യ അനിമേഷൻ പാട്ടായിരുന്നു. അതിന് ശേഷം ഇറക്കിയ സിൽസില നിരവധി ടിവി പ്രോഗ്രാമുകളിലും സിനിമകളിലും സ്റ്റേജ് ഷോകളിലും വന്ന് റിക്കോർഡ് സൃഷ്ടിച്ചതാണ്.
അതിന് ശേഷം എടുത്ത ഒരു പക്ഷി പോലും എന്ന് തുടങ്ങുന്ന ആൽബം സോങ്ങ് കൃഷിയിലെ രാസ കീടനാശിനികൾ വരുത്തുന്ന ദോഷങ്ങളെ പറ്റി ബോധവൽക്കരിച്ച് ശുദ്ധമായ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.
അതിന് ശേഷം പുന്നമട കായലിലെ എന്ന് തുടങ്ങുന്ന പാട്ടിൽ വള്ളം കളിയെ ആസ്പദമാക്കി ഐക്യമാണ് അഭിവൃദ്ധി എന്ന ആശയത്തെ ആവിഷ്കരിക്കുന്നത് ആയിരുന്നു,
പ്ലാസ്റ്റിക്കിന്റെ വിപത്തിനെതിരെ ബോധവൽക്കരണം ചെയ്യുന്ന കുട്ടയും പ്ലാസ്റ്റിക് കിറ്റും എന്ന അനിമേഷൻ മ്യൂസിക് വിഡിയോ അതിനു ശേഷം ഇറക്കി.
എൻ്റെ മ്യൂസിക് വീഡിയോകളിലൂടെ നിരവധി പ്രശസ്തരും പ്രഗത്ഭരും ആയ കലാകാരന്മാരെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
31. മറ്റു സൃഷ്ടികളെ കുറിച്ചുള്ള മാധ്യമ പ്രതികരണം എന്തായിരുന്നു ?
സിൽസില ഒഴിച്ചുള്ള എൻ്റെ ഒരു മ്യൂസിക് വിഡിയോകളിലോ പെയിന്റിങ്ങുകളിലോ കഥകളിലോ കവിതകളിലോ കാർട്ടൂണുകളിലോ യാതൊരു തരത്തിലുള്ള വിമർശനവും ഒരു ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പക്ഷെ മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് എൻ്റെ മറ്റു സൃഷ്ടികൾക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിട്ടില്ല.
32. "സിൽസില" ഇത്രയും ചർച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
പ്രതീക്ഷിച്ചിരുന്നു എന്ന് മാത്രമല്ല അതിൽ ഞാൻ ഉൾക്കൊള്ളിച്ച ആശയങ്ങൾ ഇത് വരെ ജനങ്ങൾ പൂർണ്ണമായി മനസിലാക്കിയിട്ടില്ലാത്തത് കൊണ്ട് ഇനിയും ആ പാട്ട് ചർച്ച ചെയ്യപ്പെടും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ജനങ്ങൾക്ക് ഈ കാലഘട്ടത്തിൽ ആവശ്യമായ ആശയങ്ങൾ അതിൽ ഉണ്ട്.
33. സോഷ്യൽമീഡിയ വിമർശനങ്ങളെ എങ്ങനെ ആണ് നേരിടേണ്ടത് ?
വിമർശനങ്ങളെ ധീരമായി നേരിടണം. അത്പോലെ സ്വയം മാറ്റം വരുത്തേണ്ടതാണെങ്കിൽ മാറ്റം വരുത്തണം. സോഷ്യൽമീഡിയയിൽ വ്യക്തിഹത്യയാണ് നേരിടുന്നതെങ്കിൽ അവരെ അവഗണിച്ചാൽ അത് അവർക്ക് ഒരു വളം മാത്രമേ ആകുന്നുള്ളു. ഭൂരിഭാഗവും ഭീരുക്കളും സ്വന്തം കർമ്മരംഗത്ത് പരാജിതരും ആണ് ഇതിന് തുനിയുന്നത്.
അവരിൽ പലരും സ്വന്തം ഐഡൻറിറ്റി മറച്ചുവെച്ചാണ് പ്രവർത്തിക്കുന്നത്. തിരിച്ച് പ്രതികരണം ഇല്ലെങ്കിൽ എന്തും വിളിച്ച് പറയാൻ അവർ ധൈര്യം കാണിച്ച് നമ്മളെ നശിപ്പിക്കാൻ നോക്കും. അത് കൊണ്ട് നിയമപരമായി അത്തരക്കാരെ നേരിടുകയും സോഷ്യൽ മീഡിയ തന്നെ ഉപയോഗിച്ച് നമ്മുടെ ഭാഗം ജനങ്ങൾക്ക് വിശദീകരിച്ച് കൊടുക്കുകയും വേണം.
34. വിമർശനങ്ങൾ നേരിടുന്ന യുവകലാകാരന്മാർക്ക് എന്താണ് നിങ്ങളുടെ ഉപദേശം?
ഏത് ശക്തമായ വിമർശനവും ഉൾക്കൊണ്ട്കൊണ്ട് , നമ്മുടെ സൃഷ്ടിയുടെ പോരായ്മകൾ നികത്തി കൂടുതൽ ശക്തമായി മുന്നേറാനുള്ള കരുത്ത് നാം ആർജ്ജിക്കണം.
******************************************
Comments