![]() |
| എഴുത്തച്ചന് (താളിയോല കാലഘട്ടം) |
മലയാള കവിതയുടെ ജന്മദശയില് സംസ്കൃത സാഹിത്യത്തി ന്റെ സ്വാധീനം മൂലം ഭക്തികാവ്യങ്ങളോ രാജാക്കന്മാരുടെ വീരചരിതങ്ങളോ ആയിരുന്നു ഉത്തമ കവിതകളായി പരിഗണിക്കപ്പെട്ടിരുന്നത്. കൂടാതെ കവിത കണക്കു മുതല്‍ ശാസ്ത്രം വരെയുള്ള എല്ലാ വിഷയങ്ങളെയും ഉള്‍ക്കൊണ്ടിരുന്നു. പിന്നീട് ഇംഗ്ലീഷ് സാഹിത്യ രചനാ രീതികളുടെ സ്വാധീന ഫലമായി കണക്കും ശാസ്ത്രവും എല്ലാം ഗദ്യമായും കഥകള്‍, നോവല്‍ ചെറുകഥ തുടങ്ങിയവയും ആയി വേറിട്ട് മാറി. അതോടെ
കവിതയുടെ പ്രതാപം ക്ഷയിക്കാന്‍ തുടങ്ങി. രാജാക്കന് മാരുടെ കൊട്ടാരങ്ങള്‍ വിട്ടു സാധാരണക്കാരുടെ പട്ടിണിയും ദാരിദ്ര്യവും വരെ കവിത ഹൃദയം കൊണ്ടറിഞ്ഞു. സാധാരണക്കാര്‍ക്ക് വേണ്ടി കവിത ലളിതമായ ഭാഷ കൈക്കൊള്ളാന്‍ തുടങ്ങി. ഇതോടൊപ്പം പ്ര ശസ്തരും അപ്രശസ്തരുമായവരുടെ ഫോക് ലോര്‍ കവിതയുടെ ഒരു ഒഴുക്കും അടിത്തട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാട്ട് രൂപത്തിൽ ആയതു കൊണ്ടു അവയെ കവിത ആയി പൊതുവെ ഗണിച്ച്ചിരുന്നില്ല.
![]() |
| ചങ്ങമ്പുഴ (പുസ്തക കാലഘട്ടം) |
കുമാരനാശാന്, ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങിയ മഹാകവികളും ചങ്ങമ്പുഴയുടെ അടിമുടി കാല്‍പ്പനിക കവിതകളും ഒക്കെ മലയാളികളെ കാവ്യ ലോകത്തിന്റെ ശക്തിയും സൗന്ദര്യവും കാട്ടികൊടുത്തു.
പിന്നീട് സിനിമ എന്ന കലാരൂപത്തിന്റെ രംഗപ്രവേശവും റെഡിയോ ഗ്രാമഫോണ്‍ തുടങ്ങിയവയുടെ വരവോടും കൂടെ കവിത പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്തി. ക്ലാസിസം,
റൊമാന്റിസം, ഫോക് ലോര്‍ തുടങ്ങിയ എല്ലാ സിദ്ധാന്തങ്ങളിലും പെട്ട വരികളുമായി കവികള്‍ സിനിമാഗാനങ്ങളും നാടക ഗാനങ്ങളും എഴുതാന്‍ തുടങ്ങി.
![]() |
| കടമ്മനിട്ട (കാസറ്റ് കാലഘട്ടം) |
കവിത അങ്ങനെ അത്ഭുതപൂര്‍വ്വമായ ജനപ്രീതി അതിവേഗം നേടി എടുക്കുന്ന ഒന്നായി മാറി. വയലാര്‍, പി ഭാസ്കരന്, ഓ എന്‍ വി തുടങ്ങിയ കവികള്‍ സിനിമാ ഗാന രചയിതാക്കള്‍ ആയതു സിനിമയുടെ ഭാഗ്യവും കവിതയുടെ നഷ്ടവും
ആയിരിക്കാം. ഗാനരചനയില്‍ താല്പര്യം കാട്ടാതിരുന്ന കടമ്മനിട്ട ബാലചന്ദ്രന് ചുള്ളിക്കാട് തുടങ്ങിയ കവികള്‍ കവിതയെ വേദികളില്‍ ചൊല്ലി അവതരിപ്പിക്കാന്‍ തുടങ്ങി. അത് മലയാളികള്‍ക്ക് കവിതയുടെ മറ്റൊരു ആസ്വാദന രീതിയായി മാറി. കവി തന്നെ സ്വന്തം കവിത താളത്തിലും ഈണ ത്തിലും ചൊല്ലിത്തരിക എന്നത് ഒരു അസുലഭ ഭാഗ്യമായി ആസ്വാദകര്‍ കരുതി. പിന്നെ അത് കാസറ്റുകളില്‍ ലഭ്യമാകാന്‍ തുടങ്ങി. കടമ്മനിട്ടയും ഓ എന്‍ വി യും മധുസൂദനന്‍നായരും ഒക്കെ ചൊല്ലിയ കവിതകള്‍ നാം വാങ്ങിച്ചു കേട്ട് ആസ്വദിച്ചു.
![]() |
മുരുകന് കാട്ടാക്കട (വിഡിയോ കാലഘട്ടം)
|
ക്ലാസ്സിസതിലും റൊമാന്റിസത്തിലും ഉണ്ടായിരുന്ന വൃത്ത അലങ്കാര പ്രാസനിബന്ധനകള്‍ അയ്യപ്പപണിക്കര്‍ നേതൃത്വം നല്കിയ ആധുനിക കവിതയുടെ രംഗ പ്രവേശത്തോടെ പോയി. അതോടെ കവികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. കടമ്മനിട്ടയും ബാലചന്ദ്രന് ചുള്ളിക്കാടും സച്ചിതാനന്ദനും ഒക്കെ ഒഴിഞ്ഞ കവിയരങ്ങുകളില്‍ ഞങ്ങളൊക്കെ ആശാന്മാരായി. ടി വി എന്ന മാധ്യമം വന്നതോടെ കവികള്‍ പാടുന്നതിനൊപ്പം അനുയോജ്യമായ ദൃശ്യവും ആസ്വാദകര്‍ക്ക് കാണുവാനുള്ള അവസരം ലഭിച്ചു തുടങ്ങിയിരുന്നു.
![]() |
| ഇന്റര്‍നെറ്റ് കാലഘട്ടം. |
ഇന്റര്‍ നെറ്റ് എന്ന മാധ്യമത്തി ന്റെ വരവോടു കൂടി ബ്ലോഗ്, യു ടുബ്, ഫെസ് ബുക്ക് എന്നിവയിലൂടെ പത്രാധിപര്‍ എന്ന കടമ്പ പോലും ഇല്ലാതെ
പുതിയ കവിതകള്‍ അനുസ്യൂതമായി ഒഴുകാന്‍ തുടങ്ങി. ഇവിടെ
ചില ചോദ്യങ്ങള്‍ ഉയരുന്നു,
ഒന്ന്, സംഗീതം, ദൃശ്യം എന്നിവയുടെ സഹായത്തോടെ കവിതയെ കൂടുതല്‍ വാണിജ്യവത്കരിക്കുന്നത് കവിതയുടെ വികാസത്തിന് സഹായകമാണോ?
രണ്ട്, അനായാസമായി എഴുതപ്പെടുന്ന ആധുനിക കവിതകള്‍ നിഷ്കളങ്കവും ലളിതവും ആണെങ്കിലും വേണ്ടത്ര ശക്തമല്ലാത്തതിനാല് വൃത്തവും അലങ്കാരവും ഒക്കെയുള്ള പഴയകാല കവിതയിലേക്ക് തിരിച്ചു പോക്ക് അനിവാര്യമാണോ?
പ്രതീക്ഷ
1, കച്ചവട ലക്ഷ്യങ്ങള്‍ പരമാവധി ഉപേക്ഷിക്കുകയും ഓരോ വരിയുടെ പിന്നിലും അഗാധമായ
ജ്ഞാനവും പ്രയത്നവും ആത്മാര്‍ത്ഥതയും സ്നേഹവും ഉള്‍ക്കൊള്ളുകയും ചെയ്താല്‍ കവിതയെ പുനരുജ്ജീവിപ്പിക്കാം .
2, എഴുതി മൂന്നു മാസമെങ്കിലും കഴിഞ്ഞേബ്ലോഗുകളില് തങ്ങളുടെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കൂകയുള്ളൂ എന്ന് തീരുമാനിക്കുകയും അതിനിടെ പല സാഹിത്യ സദസ്സുകളില്‍ അവതരിപ്പിച്ചും വിഷയത്തിൽ അറിവുള്ളവരിൽ നിന്ന് അഭിപ്രായം തേടിയും തിരുത്തലുകൾ വരുത്തിയും മറ്റും കവിതകള്‍ പരമാവധി മെച്ചപ്പെടുത്താന്‍ ശ്രമിക്കും എന്ന് നമ്മള് തീരുമാനം എടുത്താല്‍ ബ്ലോഗ് കവിതകളുടെ നിലവാരം ഉയര്‍ത്താന്‍ സാധിക്കും.
ഓരോ കാലഘട്ടവും കവിതയ്ക്ക് പുതിയ രൂപങ്ങളും അവതരണരീതികളും സമ്മാനിച്ചിട്ടുണ്ട്. ഇവയൊന്നും പരസ്പരം മത്സരിക്കുന്നവയല്ല; മറിച്ച് മലയാള കവിതയുടെ സമ്പന്നമായ പാരമ്പര്യത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്. മാധ്യമങ്ങൾ മാറിയാലും, മനുഷ്യഹൃദയത്തെ സ്പർശിക്കുന്ന ആഴമുള്ള അനുഭവങ്ങളും ഭാഷയുടെ സൗന്ദര്യവും നിലനിൽക്കുന്നിടത്തോളം കവിതയ്ക്ക് പുതുജന്മങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
(Copyright of this essay excluding photos Harisankar Kalavoor)





Comments