പ്രവാസവും സാഹിത്യവും

 ശ്രീ വൈക്കം മുഹമ്മദ്‌ ബഷീർ
(Image courtesyWikimedia)
                    കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ആദിശങ്കരനെ പോലെയുള്ളവർ ഭാരതമൊട്ടാകെ സഞ്ചരിക്കുകയും മഠങ്ങൾ സ്ഥാപിക്കുകയും കൃതികൾ എഴുതുകയും ചെയ്തതായി കാണാം.                                                                  മലയാളികളുടെ പൊതുവ്യക്തിത്വത്തിൽ ഉൾപ്പെട്ട ലാളിത്യം, വൃത്തി, ഉയർന്ന ബൌദ്ധിക നിലവാരം, തുടങ്ങിയവ പോലെ തന്നെ പ്രവാസവും ശരാശരി മലയാളിയുടെ ജീവിത അവസ്ഥ ആയി മാറിയിരിക്കുന്നു. ഓരോ വീട് എടുത്താലും അതിൽ മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ പഠിക്കുന്നവരോ, തൊഴിൽ തേടി പോയവരോ, കുടുംബസമേതം പ്രവാസ ജീവിതം നയിക്കുന്നവരോ ആയ ആരെങ്കിലും ഒക്കെ കാണും എന്ന അവസ്ഥയാണ് ഉള്ളത്. കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ ഇന്നും പ്രവാസ വരുമാനമാണ്
                    ആധുനിക കേരള സാഹിത്യനായകനായ ശ്രീ വൈക്കം മുഹമ്മദ്‌
 ബഷീർ ഭാരതമൊട്ടാകെയും അറബിനാടുകളും ആഫ്രിക്കയും ഒക്കെ സഞ്ചരിക്കുകയും അനുഭവങ്ങൾ നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ കൃതികളുടെ അന്യാദൃശ്യമായ ആഴവും വിശാലതയും ഒൻപത് വർഷത്തോളം നീണ്ട  ഈ യാത്രാനുഭാവങ്ങളിലൂടെ കൂടെ കിട്ടിയതാവാം.
                                ജ്ഞാനപീഠ ജേതാവായ ശ്രീ എസ്.കെ. പൊറ്റെക്കാട്ട് ഒരു സഞ്ചാര സാഹിത്യകാരനായിരുന്നല്ലോ. അദ്ദേഹം യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. അദ്ദേഹത്തിന്റെ കൃതികൾ ഈ അനുഭവങ്ങൾ നമുക്കായി പങ്കുവെക്കുന്നു.
ശ്രീ എസ്.കെ. പൊറ്റെക്കാട്ട്
(Image courtesyWikimedia)
                       ഡെൽഹി ആയിരുന്നു മലയാള സാഹിത്യകാരന്മാരുടെ ഒരു കാലത്തെ കേന്ദ്രം. സർവ്വശ്രീ, ഒവി വിജയൻ , എം മുകുന്ദൻ, വി. കെ. എൻ, കാർട്ടൂണിസ്റ്റ്  ശങ്കർ,   അബു എബ്രഹാം തുടങ്ങിയ സാഹിത്യകാരന്മാരും കാർട്ടൂണിസ്റ്റുകളും  അവിടെ താമസിച്ച് സൃഷ്ടികൾ രചിച്ചു.
                         ഇന്ന് ഗൾഫ് നാടുകളും അമേരിക്കയും ഒക്കെ മലയാള സാഹിത്യപ്രവര്ത്തകരുടെ കേന്ദ്രങ്ങൾ  ആണ്. സൈബർ മീഡിയ ഗൾഫ് സാഹിത്യ പ്രേമികളെ ഒരുമിപ്പിക്കുന്ന നല്ലൊരു മാധ്യമം ആകുന്നുണ്ട്. ബ്ലോഗുകളിലും മറ്റും സജീവമായി എഴുതിയിരുന്ന ശ്രീ ബന്യാമിൻ ഗൾഫ് ജീവിത പശ്ചാത്തലത്തിൽ എഴുതിയ 'ആടുജീവിതം' എന്ന നോവൽ മലയാളികളായ പ്രവാസികൾ നേടിത്തന്ന എല്ലാ സമ്പത്തിനും അപ്പുറം അവർ  അനുഭവിച്ച ദുഖങ്ങളുടെയും ദുരിതങ്ങളുടെയും ഓർമ്മപ്പെടുത്തലായി നില കൊള്ളുന്നു. ഒരു പക്ഷെ ശ്രീ എം മുകുന്ദന്റെ 'ഡൽഹി' എന്ന നോവലിലായിരിക്കാം പ്രവാസി മലയാളി കളുടെ വ്യഥകൾ ഇതിനു മുന്പ് ശക്തമായി രേഖപ്പെടുത്തിയിരുന്നത്.
             ബ്ലോഗുകളും ഫേസ്ബുക്കും ഗൂഗിൾ പ്ലസും ഒക്കെ ഇന്ന് മലയാളത്തിലെ എഴുത്തുകാരുടെ ഇഷ്ട കേന്ദ്രമാണ്. ഒട്ടേറെ എഴുത്തുകാർ സൈബർ മീഡിയയെ ആത്മാവിഷ്കാരത്ത്തിനും സമൂഹത്തിലെ അനീതികൾക്കെതിരെ തങ്ങൾക്ക് പറയാനുള്ളത് നിർഭയം പറയാനും ഉള്ള വേദി ആക്കുന്നു.
           ഫേസ്ബുക്കിൽ ശ്രീ കുരീപ്പുഴ ശ്രീകുമാർ ആരംഭിച്ച  'ഇന്ന് വായിച്ച കവിത' എന്ന പ്രതിദിന കവിതാ പോസ്റ്റുകൾ യുവ തലമുറയിലും കവിതാ ആസ്വാദനശീലത്തെ വളരെ അധികം വളർത്തുന്നു. ഇന്ന് നിരവധി കാവ്യാസ്വാദകർ പ്രതിദിനം കവിതകൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുന്നു. ഈ കൂട്ടായ്മയിൽ സജീവമായ സാഹിത്യ ചർച്ചകളും സാഹിത്യ ക്യാമ്പുകളും ഉണ്ടാകുന്നു. ഒരു സാഹിത്യ മാസിക തന്നെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അവർ എന്നറിയുന്നു. പ്രവാസികളായ നിരവധി എഴുത്തുകാർ ബ്ലോഗ് രചനയെയും ബ്ലോഗ് എഴുത്ത് കൂട്ടായ്മകളെയും നയിക്കുന്നു.          
      സർവ്വശ്രീ സുഭാഷ് ചന്ദ്രൻ, പികെ പാറക്കടവ്, സുസ്മേഷ് ചന്ദ്രോത്ത്, പി.ജെ. ജെ ആന്റണി, ശ്രീമതി ഇന്ദുമേനോൻ തുടങ്ങിയ മുഖധാരാ വാരികകളിൽ സാഹിത്യ സൃഷ്ടികൾ നടത്തുന്നവർ സൈബർ മീഡിയയിലും സജീവമാണ്.
                വായന മരിക്കുന്നു എന്ന ഒരു കാലത്തെ മുറവിളികൾ അവസാനിച്ചു. സാഹിത്യ സൃഷ്ടികൾ ഇന്ന് സജീവമായി എഴുതപ്പെടുകയും ഗൌരവമായി വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
         പ്രവാസം മലയാളിയെ ഭൗതികമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയെങ്കിലും സാഹിത്യം അവനെ തന്റെ ഭാഷയോടും സംസ്കാരത്തോടും ബന്ധിപ്പിച്ചു നിർത്തി. ഡിജിറ്റൽ യുഗത്തിൽ ഈ ബന്ധം കൂടുതൽ ശക്തമാകുകയാണ്.

Comments