2018 മഴക്കാലത്തിന്റെ തുടക്കത്തിൽ കാർമേഘങ്ങൾ മാനത്ത് നിറഞ്ഞ് കണ്ടപ്പോൾ അതിനെ കുറിച്ച് ഒരു കൊച്ചു കവിത എഴുതിയിരുന്നു. അക്കാലത്ത് ടെക്‌നോ പാർക്കിലെ ടോൺസിൽ ഞാൻ അനിമേഷൻ ഫിലിം മേക്കിങ്ങ് കോഴ്സ് പഠിച്ചിരുന്ന സമയം ആയിരുന്നു. ക്ലാസ്സിലുണ്ടായിരുന്ന മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓണത്തെ പറ്റി വിവരിക്കുന്ന വരികൾ കൂടെ അവസാനം ചേർത്ത് അത് ഒരു ഓണപ്പാട്ട് ആക്കി മാറ്റിയിരുന്നു,
പക്ഷെ പിന്നീട് ആ മഴ നിർത്താതെ പെയ്യുകയും കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കങ്ങളിൽ ഒന്നായി മാറുകയും ചെയ്തപ്പോൾ 'തോരാമഴ' എന്ന ഒരു കവിത എഴുതുകയും ചെയ്തു. കലവൂർ സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലെത്തിയ ജനങ്ങളുടെ വേദനകൾ കൂടെ കണ്ടാണ് ആ കവിത കണ്ണീരോടെ രചിച്ചത്. ആ കാലഘട്ടത്തിൽ നമ്മൾ അനുഭവിച്ച ഭീതിയും നഷ്ടങ്ങളും വേദനകളും എന്നാൽ ആവുംവിധം വാക്കുകളിലേക്ക് ആവാഹിച്ചതാണ് 'തോരാമഴ' എന്ന കവിത.
ഓണംവരുമ്പോൾ..!
(കവിത) - ഹരിശങ്കർ കലവൂർ
മാനം കറുത്താൽമേഘത്തിൽ നിന്നൊരു
പൂമഴ പെയ്തിറങ്ങും
അതുകണ്ടാൽ
ഭൂമിപ്പെണ്ണിൻ
മനം നിറഞ്ഞൊഴുകും.
മഴവില്ലിൻ ചേല് കണ്ടോരു
മയിലഴകൻ മെല്ലെ
നിറമോലും പീലി നീർത്തി
നൃത്തമാടിടും
തിനകൊയ്യാൻ എത്തുമൊരു
ചേറ്റുവാലൻ കിളി
മഴകണ്ടാൽ മരക്കൊമ്പിൽ
ചേക്കേറീടുമയ്യാ !
അറനിറയെ പറനിറയെ
നെല്ലളക്കും കാലം
മനം നിറയെ പൂവുമായി
ഓണമെത്തുന്നു.
ഓണം പൊന്നോണം
തിരുവോണം പൊലിയേകാൻ
വേണം വരേണം
മഹാരാജൻ മാവേലി!
തോരാമഴ
(കവിത) -ഹരിശങ്കർ കലവൂർ
തോരാമഴ പെയ്യുന്നുതീരാത്ത ദുരിതത്തിൽ
തളരുന്നെൻ പ്രിയനാട്
കലിതുള്ളി പെരുകിവരും
കർക്കിടക പെരുമഴയോ
കനിവില്ലാതടരുന്നു
കദനക്കടൽ തീർക്കുന്നു.
ചിങ്ങത്തിൻ പുലരികളിൽ
ചിരിമാഞ്ഞവരായി നാം
പൂക്കളങ്ങൾ തീർക്കും മുറ്റം
പ്രളയത്തിൽ മുങ്ങുന്നു.
വിളയും, വെളിച്ചവുമാകാൻ
അണകെട്ടി നിർത്തിയവെള്ളം
വീട്ടിലെത്തി വിളിച്ചിടാതെ,
നാളെയ്ക്കൊരു മുന്നറിയിപ്പായി !
തോരാമഴ പെയ്താലും
ചോരാത്ത വീര്യവുമായ്
ഉയരും എൻ പ്രിയ നാട്
എന്നുയിരാം പ്രിയനാട്
![]() |
2018 ഓഗസ്റ്റ് പതിനഞ്ചാം തീയതി ആലപ്പുഴ മുല്ലക്കൽ പെയ്ത മഴ. പെയിന്റിങ്ങ് വരക്കാൻ വേണ്ടി ഫോട്ടോ എടുക്കുമ്പോൾ ഈ മഴ നിർത്താതെ പെയ്ത് പ്രളയം ആകുമെന്ന് അന്ന് വിചാരിച്ചില്ല.. |


Comments