'കുട്ടയും പ്ലാസ്റ്റിക് കിറ്റും' അനിമേഷൻ വിഡിയോ പ്രകാശനം.

പ്ലാസ്റ്റിക്ക് വസ്തുക്കൾ ആധുനിക മനുഷ്യർക്ക് ഒഴിച്ച് കൂടാനാവാത്തത് ആണെങ്കിലും അതിന്റെ ദോഷവശങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അവയുടെ ഉപയോഗം കുറക്കാനും പുനരുപയോഗിക്കാനും ലോകമെമ്പാടും ശ്രമങ്ങൾ നടന്നു വരുന്നു. മാലിന്യങ്ങൾ പരമാവധി ഒഴിവാക്കാനായി REUSE, REDUCE, RECYCLE എന്ന മുദ്രാവാക്യം പ്രചരിപ്പിക്കപ്പെടുകയാണ്. 
പ്ലാസ്റ്റിക് കിറ്റുകളുടെ ദോഷങ്ങൾ
1. പ്ലാസ്റ്റിക് കിറ്റുകൾ അപൂർവ്വമായേ പുനരുപയോഗം ചെയ്യപ്പെടാറുള്ളു. അവ 15 മുതൽ 1000 വർഷം വരെ ഡികമ്പോസ് ചെയ്യപ്പെടാൻ എടുക്കുന്നു.
2. അമേരിക്കയുടെ വലിപ്പത്തിനേക്കാൾ വലിയ മാലിന്യ കൂമ്പാരം ആണ് കടലിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. അതിൽ ഭൂരിഭാഗവും പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ്.
3. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിച്ച് പത്ത് ലക്ഷത്തോളം മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും കടലാമകളും മറ്റും വർഷം തോറും മരിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു.
പ്ലാസ്റ്റിക് കത്തിക്കുമ്പോഴും മറ്റും ഉണ്ടാകുന്ന വിഷാംശം കൊണ്ട് കാൻസർ ബാധിച്ച് മരിക്കുന്ന മനുഷ്യരുടെ എണ്ണവും വർധിച്ചു വരുന്നു.
4. പ്ലാസ്റ്റിക്ക് പെട്രോളിയത്തിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഓരോ വർഷവും അമേരിക്കയിൽ ഉപയോഗിക്കപ്പെടുന്ന നൂറു ബില്യൺ പ്ലാസ്റ്റിക് ബാഗുകൾ നിർമ്മിക്കാൻ പന്ത്രണ്ട് മില്യൺ ബാരൽ ഓയിൽ വേണ്ടി വരുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറക്കുക വഴി അമൂല്യമായ പെട്രോളിയം നമുക്ക് സംരക്ഷിക്കാൻ സാധിക്കുന്നു.
5. വീണ്ടും ഉപയോഗിക്കാവുന്ന ഷോപ്പിങ്ങ് ബാഗുകൾ ഉപയോഗിക്കുന്ന ഒരാൾക്ക് , സസ്യ, ജീവജാലങ്ങളുടെ ജീവനപഹരിക്കുന്ന 20,000 പ്ലാസ്റ്റിക് കിറ്റുകൾ വരെ പ്രകൃതിയിലേക്ക് ഉപേക്ഷിക്കുന്നത് ഒഴിവാക്കാൻ സാധിക്കുന്നതായി കണക്കാക്കപ്പെടുന്നു.
6. പ്ലാസ്റ്റിക് ഉപയോഗം കുറക്കുക വഴി ഗ്രീൻ ഹൌസ് വാതകങ്ങൾ ഉണ്ടാകുന്നത് കുറക്കാനും ആഗോള താപനത്തെ ചെറുക്കാനും സഹായിക്കുന്നു.
7. പരിസ്ഥിതിയ്ക്ക് ഇണങ്ങുന്ന ബാഗുകൾ ഷോപ്പിങ്ങിന് ഉപയോഗിക്കുക വഴി ഭൂമിയിലെ സകല ജീവജാലങ്ങളെയും നമുക്ക് എളിയ രീതിയിൽ സഹായിക്കാനാകും. ഒരു സാമൂഹിക പ്രവർത്തകൻ ആകാനുള്ള എളുപ്പമാർഗം ആണ് പ്ലാസ്റ്റിക് കിറ്റുകൾ ഉപയോഗിക്കില്ല എന്ന് തീരുമാനിക്കുന്നത്.
8. മിക്ക സൂപ്പർ മാർക്കറ്റുകളും കടകളും പ്ലാസ്റ്റിക്ക് കിറ്റുകൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ നമ്മളിൽ നിന്ന് പണം ഈടാക്കുന്നുണ്ട്. സ്വന്തം ബാഗ് ഉപയോഗിക്കുകവഴി ഈ പണം നമുക്ക് ലാഭിക്കാം.
9.പ്ലാസ്റ്റിക് കിറ്റുകൾ പൊട്ടിപ്പോകാനും സാധനങ്ങൾ നഷ്ടപ്പെടാനും ഇടയാക്കുന്നു. തുണികൊണ്ടും മറ്റുമുള്ള ഷോപ്പിംഗ് ബാഗുകൾ ഉറപ്പുള്ളതും വീണ്ടും കഴുകി ഉപയോഗിക്കാവുന്നതും സൗകര്യ പ്രദവും ആണ്.
10. കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിച്ച് ഉപയോഗിക്കുമ്പോൾ അവശേഷിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പടെയുള്ള വേസ്റ്റുകൾ അവർ തിരികെ വാങ്ങിക്കുകയും അവയെ വേണ്ട വിധം സംസ്കരിക്കുകയോ പുനരുപയോഗിക്കുകയോ ചെയ്ത് മാലിന്യ നിർമാജനത്തിന് പങ്കാളികൾ ആകേണ്ടതാണ്.
ഏത് വസ്തുവും വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ അത് മാലിന്യം ആകാതെ സംരക്ഷിക്കാൻ നമുക്ക് സാധിക്കും.
(വിവരങ്ങൾക്ക് കടപ്പാട് huffington post, peta.orgtherenewableplanet.comreusethisbag.comepa.govrecycling-guide.org.uk, Wikipedia,)

Comments