ശ്രീ നാരായണ ഗുരുവിലെ കവിയെ തേടി: ഒരു വായനക്കാരൻ്റെയും ചിത്രകാരൻ്റെയും യാത്ര

"എന്നെ അറിയുന്നു 
നിൻ്റെയുള്ളിൽ
നിന്നെ അറിയുന്നു എൻ്റെയുള്ളിൽ
രണ്ടുടലായി പിറന്നെങ്കിലും
കണ്ടുമുട്ടാനായ് പിറന്നതല്ലേ..'
എന്ന് തുടങ്ങുന്ന ഞാനെഴുതിയ മിസ്റ്റിക് സ്വഭാവമുള്ള ഒരു കവിത ഗുരുസ്ഥാനീയനായ ഒരാളെ കാണിച്ചിട്ട് പറഞ്ഞു ഇത് പ്രണയ കവിത ആണെങ്കിലും അതിൽ ആത്മീയമായ പ്രണയം  ആണ് ആവിഷ്കരിക്കാൻ ശ്രമിച്ചത്, നീയും ഞാനും ഒരേ ആത്മാവാണ് എന്ന ആശയം ആണ് പ്രതിഫലിപ്പിക്കുന്നത് എന്ന്.                           അപ്പോൾ അദ്ദേഹം പറഞ്ഞു ശ്രീ നാരായണ ഗുരുദേവൻ ആത്മോപദേശ ശതകത്തിൽ
"അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം;  എന്നെഴുതിയിട്ടുണ്ട് എന്ന്. (ഈ ശ്ലോകത്തിന്റെ അടുത്ത ഈരടികൾ ഏറ്റവും പ്രശസ്തമാണ്,
"അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.") 
അപ്പോഴാണ് ഞാൻ ആത്മോപദേശശതകം എടുത്ത് വായിക്കാൻ തുടങ്ങിയത്. പണ്ട് എം കൃഷ്ണൻനായർസാർ  സാഹിത്യവാരഫലത്തിൽ ശ്രീനാരായണ ഗുരുവിവിന്റെ ഒരു കൃതി വായിച്ചപ്പോൾ ഗുരുവിലെ കവിയെ താൻ കണ്ടു എന്ന് എഴുതിയത് ഓർമ്മവന്നു. (ഏത് കൃതിയെ പറ്റി ആണ് അന്ന് അദ്ദേഹം പറഞ്ഞതെന്ന് ഞാൻ  മറന്നു പോയി.)                                                            ആത്മോപദേശശതകം വായിച്ചാൽ തന്നെ മനസ്സിലാകും ഒരു മഹാകവിയ്ക്ക് മാത്രമേ ഇത്ര അനായാസമായി ഭാഷയെ കൈകാര്യം ചെയ്യാനാവൂ എന്ന്. 
                                  ഗുരുദേവൻ്റെ കൃതികൾ സാഹിത്യരൂപം എന്നവിധത്തിൽ ഇനിയും കൂടുതൽ വായിക്കപ്പെടേണ്ടിയിരിക്കുന്നു. ഗാന്ധി സാഹിത്യം എന്ന് പറയുന്നത് പോലെ തന്നെ ഗുരുദേവന്റെ സാഹിത്യവും ആ രീതിയിൽ കൂടെ കാണണം എന്ന് കരുതുന്നു. ശ്രീ നാരായണ ഗുരുവിലെ സാഹിത്യകാരനെ ആഴത്തിൽ അറിയാൻ കൂടെയാണ്  ഇത്തവണത്തെ ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കണം എന്ന് ആഗ്രഹിച്ചത്.  
                                വിഗ്രഹവൽക്കരിക്കപ്പെടുന്ന ഗുരുവിനെ കാണാനല്ല ആശയങ്ങളിലൂടെ ജീവിക്കുന്ന, സാഹിത്യകാരൻ കൂടെ ആയ ശ്രീനാരായണ ഗുരുവിനെ അറിയാനാണ് അവിടെ പോയത്. നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിച്ചാണ് അവിടെ നിന്ന് മടങ്ങിയത്. അവയെ പറ്റി ഇനിയും എഴുതാൻ ഉണ്ട്. 
                                ആത്മോപദേശശതകം ഉൾപ്പടെയുള്ള ക്ലാസ്സിക് കൃതികൾ സാഹിത്യതൽപ്പരർ എല്ലാം വായിച്ചിരിക്കേണ്ടതാണ് . 
                              *************************************************************

ശ്രീ നാരായണ ഗുരുവിന്റെ സാഹിത്യ സൃഷ്ടികളെ ആസ്പദമാക്കി പിന്നീട് ഞാൻ വരച്ച പെയിന്റിങ്ങ് 
ശ്രീ നാരായണ ഗുരുവിൻ്റെ ദൈവദശകത്തെ ആസ്പദമാക്കി ഞാൻ വരച്ച ചിത്രമാണ് ഇത്. ദൈവദശകത്തിൻ്റെ തുടക്കം മുതൽ അവസാനം വരെ

കടലിൻ്റെ സാന്നിധ്യം ഉണ്ട്. 
                            ആ കൃതിയുടെ തുടക്കത്തിൽ ഗുരു ജീവിതമാകുന്ന സാഗരത്തിലെ പ്രശ്നങ്ങളെ എല്ലാം അതിജീവിക്കാൻ സഹായിക്കുന്ന ആവികൊണ്ടുള്ള കപ്പലായി ദൈവപദത്തെ സങ്കല്പിച്ചിരിക്കുന്നതായിട്ടാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. ആ ആശയത്തെ ആസ്പദമാക്കിയാണ് ഈ പെയിന്റിങ്ങ്.. ദൈവദശകത്തിലെ കടലിനെ പറ്റി പരാമർശിക്കുന്ന വരികൾ ഇവയാണ്... 

"ദൈവമേ! കാത്തുകൊൾകങ്ങു 
കൈവിടാതിങ്ങു ഞങ്ങളെ; 
നാവികൻ നീ, ഭവാബ്ധിക്കൊ‌
രാവിവൻതോണി നിൻപദം" ..... 

"ആഴിയും തിരയും കാറ്റു- 
മാഴവുംപോലെ ഞങ്ങളും 
മായയും നിൻ മഹിമയും 
നീയുമെന്നുള്ളിലാകണം." ......... 

"ആഴമേറും നിൻമഹസ്സാ- 
മാഴിയിൽ ഞങ്ങളാകവേ 
ആഴണം വാഴണം നിത്യം
 വാഴണം വാഴണം സുഖം." 

              *************************************************************

                            ശ്രീ നാരായണ ഗുരുവിൻ്റെ സാഹിത്യ കൃതികളിലെ കടലിൻറെ സാന്നിധ്യത്തെ പറ്റി കൂടുതൽ അറിയാൻ എന്നെ സഹായിച്ച ഗ്രന്ഥമാണ് ഡോക്ടർ കെ പ്രശോഭൻ സാറിൻ്റെ "ശ്രീനാരായണ ഗുരു - ബഹുസ്വരതയുടെ ആചാര്യനും കവിയും" (ശിവഗിരിയിൽ നിന്ന് ആണ് എനിക്ക് ഈ പുസ്തകം വാങ്ങിക്കുവാൻ സാധിച്ചത്. )
                            ഈ പുസ്തകത്തിലെ "മൗനം ഘനീഭവിച്ച് അമൃതക്കടലായ കവിത" എന്ന അദ്ധ്യായം മുഴുവൻ ഗുരുവിൻ്റെ കൃതികളിലെ കടലിന്റെ സാന്നിധ്യത്തെ പറ്റിയാണ്. 
                     ആ പുസ്തകത്തിൽ ആത്മോപദേശശതകത്തിലെ "അനുഭവിയാതറിവീലഖണ്ഡമാം ചിദ്-
ഘനമിതു മൌനഘനാമൃതാബ്ധിയാകും." 
                    എന്ന ഭാഗത്തെ പറ്റിയുള്ള വിവരണം ഇപ്രകാരമാണ്,"പരമമായ ജ്ഞാനം  വേറൊരാളെ പറഞ്ഞറിയിക്കാൻ പറ്റില്ല. അനുഭവത്തിനു മാത്രം വിധേയമാണത്! പിന്നെന്തിനീ വൃഥാവ്യായാമമെന്ന ചോദ്യത്തിനുത്തരം 'മൗനഘനാമൃതാബ്ധി ' എന്ന സവിശേഷമായ സമസ്ത പദത്തിൽ തന്നെയുണ്ട്. വായനക്കാരെ സ്വയം അർത്ഥ നിർമ്മാണത്തിന് പ്രേരിപ്പിക്കുന്ന പദമാണത്. മൗനം സാന്ദ്രമാകുകയും അത് അമൃതക്കടലാകുകയും ചെയ്യുന്നതാണ് ചിതാനന്ദം എന്നു പറയുമ്പോൾ ആ കടൽ മനസ്സിന്റെ ഒരു മായക്കാഴ്ചയാകുകയും വായനക്കാരന്റെ ഉള്ളിൽ മഹാമുഴക്കങ്ങൾ സൃഷ്ടിക്കുന്ന മൗനമായിത്തീരുകയും ചെയ്യുന്നു. ഒരർത്ഥത്തിൽ മൗനം സർഗ്ഗാആത്മകമായിത്തീരുന്ന ശ്ലോകമായി അത് മാറുന്നു. 
                         1880 കളിൽ എഴുതിയിരിക്കാവുന്ന ഷണ്മുഖ സ്തോത്രത്തിൽ സുബ്രഹ്മണ്യൻ ഈശ്വരനാകുന്ന മഹാസാഗരമാണെന്നും ഉണ്ടായി, വർധിച്ച്, നശിച്ചു പോകുന്ന പ്രപഞ്ച പ്രതിഭാസങ്ങൾ ആ സമുദ്രത്തിലെ തിരക്കും പ്രവാഹവും മാത്രമാണെന്നും പറയുന്നു...  

അംബുധിത്തിരയും തിരക്കുമിളപ്രവാഹവുമൊക്കെയോ-

 രംബുരാശിയതായടങ്ങിയൊടുങ്ങിടുംപടിനിന്നില്‍ നി-

ന്നംബ, പൊങ്ങിമറിഞ്ഞുയര്‍ന്നുമറഞ്ഞിടുന്നഖിലാണ്ഡവും

അംബയാ സഹ വര്‍ത്തമാന വിജന്മഷണ്മുഖ! പാഹിമാം.


ദേവീസ്തവത്തിൽ, നിലയില്ലാക്കയത്തിൽ തിരമാലകളുടെ അതിഭീഷണമായ ആക്രമണത്തിനിരയായ ഒരുവന്റെ അവസ്ഥയിലാണ് ജീവിത കാമനകളെ അതിജീവിക്കാൻ ശ്രമിക്കുന്ന ഭക്തൻ. ഈ അവസ്ഥ മാറ്റി നിലയുണ്ടാക്കി തന്ന് ജീവിതം നീരാട്ട് പോലെ സുഖകരമായ ജലഅനുഭവമാക്കിത്തരാനാണ് ഭക്തൻ്റെ അഭ്യർത്ഥന. 


തൊഴുമെന്നെയങ്ങുവിളി,യിങ്ങുനിന്നാഴിയിൽ
തുഴയുന്നെനിക്കു തുണയില്ല നീയെന്നിയേ
അഴലിങ്കലിട്ട മെഴുകല്ല, നെയ്യെൻ മനം
കുഴയുന്നിതങ്ങു കുഴലൂതു കാർകൊണ്ടലേ!       8

അല പൊങ്ങിവന്നു നുര തള്ളിയുള്ളാഴി നി-
ന്നലയുന്നു പെൺകുതിരയല്ലി മല്ലിന്നു നീ!
നിലപെറ്റു നിന്നിതു നുറുക്കി നീരാടു നീ-
രലയുന്നതില്ല, തണലെന്നറിഞ്ഞൂതു നീ!       9
 "ആടലാം കടലിൽ ഒന്നായി വീണു വലയുന്ന .." ഭക്തൻ്റെ വിലാപമാണ് നവരത്നമഞ്ജരിയിൽ ഉയരുന്നതെങ്കിൽ "മഹാഘോരസംസാരവാരാന്നിധി"എന്ന് ലോകജീവിതത്തെ കാളീ നാടകത്തിൽ രൂപണം ചെയ്യുന്നു. 
ശിവശതകത്തിലാകട്ടെ ഒരേ സമയം കടൽ പല ഭാവം കൈക്കൊള്ളുന്നു. 
ഒരു ശ്ലോകത്തിൽ 'ശോകമാം കടലെങ്കിൽ മറ്റൊന്നിൽ നരകക്കടലാണ് ജീവിതം. ഇനിയൊരിടത്ത് 'പെരുകിന സങ്കടവങ്കടലായി' ജീവിതം 'വേകുമിരുൾ കടൽ സ്വാനുഭൂതി എന്ന കവിതയിലെ മറ്റൊരു കടൽ ദർശനമാണ് 'എരിനരകാബ്‌ധിയായ് ' അത് ആത്മോപദേശശതകത്തിൽ പുനർജ്ജനിക്കുന്നു. 
'കല്ലോലിനിയ്ക്കും പടുത്വം 
കൊടുക്കുന്നൊരാനന്ദവാരിധിക്കടൽ' 
എന്ന് കാളീനാടകത്തിൽ ദേവിയെ ദർശിക്കുന്നു. 

കടലുമായി ബന്ധപ്പെട്ട ഗുരുവിൻ്റെ, ഇത്തരത്തിൽ നിരവധി കൃതികളിൽ വന്നിട്ടുള്ള, ബിംബനിർമ്മിതി യാദൃശ്ചികമല്ലെന്ന് ഡോ. പ്രശോഭൻ സാർ ആ പുസ്തകത്തിൽ പറയുന്നു. 
       ഒരു കാല്പനികനെപ്പോലെ യോഗിയായ ഗുരുവും പ്രകൃതിയുമായി ഏറ്റവുമടുത്തു ബന്ധപ്പെട്ടു ജീവിച്ചിരുന്നു. ഗുഹകളും കുന്നുകളും മലകളും നദീതീരങ്ങളും മാത്രമല്ല സമുദ്രതീരവും ഗുരുവിനു പ്രിയപ്പെട്ട ആവാസകേന്ദ്രമായിരുന്നു. 
              ശംഘുമുഖം, കോവളം,വർക്കല, എന്നീ കടൽത്തീരങ്ങൾ ഗുരുവിനു ചിരപരിചിതങ്ങളായിരുന്നല്ലോ. അവധൂതനായി കഴിഞ്ഞ കാലത്ത് കുറേക്കാലം സമുദ്രതീരത്ത് താമസിക്കുകയും അക്കാലത്ത് മുക്കുവരുടെ ജീവിതവുമായി ഏറെ അടുത്തിഴപഴകുകയും ചെയ്തിരുന്നു.
                          ഒരു തോണി യാത്രക്കാരൻ്റെയും അതെ സമയം കാല്പനികനായ മിസ്റ്റിക്കിൻ്റെയും മട്ടിൽ ഗുരു കടലിനെ ഉൾക്കൊണ്ടതിൽ അതിശയമില്ല. ദുരൂഹതകൾ നിറഞ്ഞ ഒരു ഭൗതിക യാഥാർഥ്യം പോലെ അപാരതകൾ തേടുന്ന ഒരാത്മീയ യാഥാർഥ്യമായിരുന്നു ഗുരുവിനു സമുദ്രംഎന്ന് ഡോ. പ്രശോഭൻ സാർ നിരീക്ഷിക്കുന്നു.
       ***************************************************************
                          ഒരു ചെറിയ കവിതയിൽ നിന്ന് ആരംഭിച്ച ഈ അന്വേഷണം എന്നെ ആത്മോപദേശശതകത്തിലേക്കും ദൈവദശകത്തിലേക്കും അവിടെ നിന്ന് ഗുരുവിന്റെ മുഴുവൻ സാഹിത്യലോകത്തിലേക്കും എത്തിച്ചു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാകുന്നത്, ഞാൻ ഗുരുവിനെ വായിച്ചതല്ല; ഗുരുവിന്റെ കൃതികൾ എന്നെ വായിക്കാൻ പഠിപ്പിക്കുകയായിരുന്നു എന്നതാണ്. ആ വായനയിൽ നിന്ന് ജനിച്ച ചിത്രങ്ങളും ചിന്തകളും ഇനിയും പൂർത്തിയായിട്ടില്ല. അതുകൊണ്ടുതന്നെ ഈ കുറിപ്പ് ഒരു സമാപനമല്ല, ഒരു പുതിയ യാത്രയുടെ തുടക്കമാണ്.

                                                                                      (Blog post updated in 2=7-2026)

Comments