അമ്മായിയമ്മയുടെ നില ഗുരുതരമാണെന്നറിഞ്ഞ് സൈക്കിളില്‍ അങ്ങോട്ടു പാഞ്ഞുപോകുകയായിരുന്നു കുഞ്ഞപ്പന്‍ ചേട്ടന്‍. മെലിഞ്ഞ്
ഇരുനിറമുള്ള നീണ്ടമുഖവും വരമീശയും ഉള്ള ഒരു നാല്പത്തിയെട്ടുകാരനാണ് കുഞ്ഞപ്പന്‍ ചേട്ടന്‍. വെള്ള ഷര്‍ട്ടും കൈലിമുണ്ടുമാണ് വേഷം. അമ്മായിയമ്മ, കാലശേഷം എന്നുപറഞ്ഞ് എഴുതിവച്ചിരിക്കുന്ന സ്വത്തിന് ഇപ്രാവശ്യമെങ്കിലും ഒരു നീക്കുപോക്ക് ഉണ്ടാകുമെന്ന പ്രതീക്ഷ കുഞ്ഞപ്പന്‍ ചേട്ടന്‍റെ കണ്ണുകളില്‍ മിന്നുന്നുണ്ട്.
"ദൈവമേ, ഞാനവിടെ ചെല്ലുമ്പോള്‍ അവരുടെ വെടി തീര്‍ന്നുകാണണേ...." അയാള്‍ പ്രാര്‍ത്ഥിച്ചു.
പെട്ടെന്ന് "ഠോ" എന്നൊരു ശബ്ദം കേട്ട് കുഞ്ഞപ്പന്‍ ചേട്ടന്‍ തിരിഞ്ഞുനോക്കി. സൈക്കിളിന്‍റെ വെടി തീര്‍ന്നിരിക്കുന്നു.
"ഛെ! മെനക്കേട്. ഇനി അവിടെവരെ സൈക്കിള്‍ ഉന്തണമല്ലോ?" കുഞ്ഞപ്പന്‍ ചേട്ടന്‍ പിറുപിറുത്തു.
സൈക്കിള്‍ ഉന്തി ഒരു കായലിനടുത്തെത്തിയപ്പോള്‍ ഓലമേഞ്ഞ ഒരു തല്ലിപ്പൊളി ചായക്കട കണ്ടു. കുഞ്ഞപ്പന്‍ ചേട്ടന്‍ അതിനു മുകളിലത്തെ ബോര്‍ഡ് വായിച്ചു. കായലോരം സ്റ്റാര്‍ ഹോട്ടല്‍ എന്നായിരുന്നു അത്. ഈ തല്ലിപ്പൊളി ചായക്കടയ്ക്ക് സ്റ്റാര്‍ ഹോട്ടല്‍ എന്നു വിളിച്ചവന്‍റെ ഭാവനയെ അഭിനന്ദിച്ചുകൊണ്ട് സൈക്കിള്‍ സ്റ്റാന്‍റില്‍ വച്ചുപൂട്ടി താക്കോള്‍ എടുത്ത് ചായക്കടയ്ക്കുള്ളിലേക്ക് കയറി. അകത്താരെയും കണ്ടില്ല. അയാള്‍ ആടുന്ന ഒരു ബഞ്ചില്‍ ഇരുന്നിട്ട് അടുക്കളയിലേക്ക് നോക്കി വിളിച്ചു.
"ഏയ് ഇവിടാരുമില്ലേ.. പൂ....ഹൊയ്" അകത്തുനിന്ന് ലുങ്കി ഉടുത്ത് ഒരു കിളവന്‍ വരുമെന്ന് പ്രതീക്ഷിച്ച കുഞ്ഞപ്പന്‍ ചേട്ടന്‍ ഞെട്ടി. വന്നത് വെളുത്ത്, പാന്‍റ്സും ഷര്‍ട്ടും, ടൈയും ഷൂസും കിന്നരത്തൊപ്പിയും ഒക്കെ വെച്ച് സുമുഖനായ സപ്ലെയര്‍ ആയിരുന്നു. അയാള്‍ അടുത്ത് വന്ന് നിന്നിട്ട് കുഞ്ഞപ്പന്‍ ചേട്ടനോട് ചോദിച്ചു
"What do you want, sir?" അത് കേട്ടതോടെ കുഞ്ഞപ്പന്‍ ചേട്ടന്‍റെ തൊണ്ടയിലെ വെള്ളം വറ്റി. കുഞ്ഞപ്പന്‍ ചേട്ടന്‍റെ വിഷമം കണ്ട് സപ്ലയര്‍ പറഞ്ഞു
ڇസര്‍, ഞാന്‍ മെനു കൊണ്ടുവന്നു തരാം.ڈ അയാള്‍ മെനു എടുക്കാനായ് തിരിഞ്ഞപ്പോള്‍ കുഞ്ഞപ്പന്‍ ചേട്ടന്‍ എഴുന്നേറ്റ് ഓടി രക്ഷപ്പെടാന്‍ ഒന്ന് ആഞ്ഞതാണ്. അപ്പോള്‍ സപ്ലെയര്‍ തിരിഞ്ഞ് നോക്കിയിട്ട് ചേദിച്ചു,
"എന്താ സാര്‍ എ.സി. ഇടണോ?"
"ഉം.. ഉം..." കുഞ്ഞപ്പന്‍ ചേട്ടന്‍ മിഴിച്ച കണ്ണുകളോടെ മൂളി. സപ്ലയര്‍ ചില്ലുവാതില്‍ അടച്ചിട്ട് എ.സി. ഓണ്‍ ചെയ്തു. പിന്നെ മെനു എടുത്ത് അയാള്‍ക്ക് കൊടുത്തു.
പക്ഷേ, അയാള്‍ക്ക് ഒന്നാമതേ ഇംഗ്ലീഷ് വായിക്കാന്‍ അത്ര പിടിയില്ല. മാത്രമല്ല കണ്ണിന് തിമിരവും ഉണ്ട്. അതുകൊണ്ട് അയാള്‍ സപ്ലയറിനോട് പറഞ്ഞു,
"മോനേ ഇതില്‍ പുട്ടിനും കടലക്കും എന്ത് കാശാകും എന്നു നോക്കിക്കെ "
വെറും ചായകുടിക്കാനാണ് കയറിയതെങ്കിലും ഇവന്‍ എ.സി.യൊക്കെ ഇട്ടുതന്നതുകൊണ്ട് അല്പം കാശ് ചിലവാക്കാമെന്ന് കുഞ്ഞപ്പന്‍ ചേട്ടന്‍ കരുതി. അമ്മായിയമ്മയുടെ മരണാനന്തര കര്‍മത്തിനായി വച്ചിരുന്ന 250 രൂപ പോക്കറ്റില്‍ ഭദ്രമായി വച്ചിട്ടുണ്ട്.
പക്ഷേ സപ്ലയര്‍ ഒരു ചിരിയോടെ പറഞ്ഞു,
"സര്‍, ഇവിടെ പുട്ടും കടലയും ഒന്നും കിട്ടില്ല, ഒണ്‍ലി ചൈനീസ,് കോണ്ടിനെന്‍റല്‍ വിഭവങ്ങള്‍ മാത്രം. പിന്നെ സാറിന് വേണമെങ്കില്‍ ചില നോര്‍ത്തിന്ത്യന്‍ ഫുഡ്സ് അറേഞ്ച് ചെയ്തു തരാം. ചപ്പാത്തിയും തന്തൂരി ചിക്കനും പോലെ എന്തെങ്കിലും..."
"അതിനൊക്കെ എന്തു വിലയാകും ? " അയാള്‍ കണ്ണുമിഴിച്ച് ചോദിച്ചു.
"ചീപ്പ് റേറ്റാണ് സാര്‍. തന്തൂരിചിക്കന്‍ - 750 രൂപയില്‍ സ്റ്റാര്‍ട്ട് ചെയ്യും."
"ഈ പറഞ്ഞ ചൈനീസിനും ഒക്കെ ആ വിലയാണോ? "
"അതേ സാര്‍."
"എന്നാ മോനേ ഒരു സത്യം പറയട്ടെ, എനിക്ക് ഒരു ചായമാത്രം മതി. ഞാന്‍ ഉച്ചക്കത്തെ ഊണ് കഴിച്ചതേയുള്ളൂ. പിന്നെ മോനൊരു കച്ചവടം കിട്ടിക്കൊള്ളട്ടെ എന്നു കരുതി പുട്ടും കടലയ്ക്കും പറഞ്ഞെന്നേയുള്ളൂ."
"ശരി സാര്‍." എന്നു പറഞ്ഞിട്ട് ഒരു മധുരചിരിയോടെ സപ്ലയര്‍ അകത്തേക്ക് പോയി. അയാള്‍ ആശ്വാസത്തോടെ പുറത്തേക്ക് നോക്കി ഡസ്കില്‍ താളംപിടിച്ച് ഇരുന്നു.
സപ്ലയര്‍ ചായ കൊണ്ടുവന്ന് വച്ചപ്പോള്‍ കുഞ്ഞപ്പന്‍ ചേട്ടന്‍ കപ്പും സോസറും വിറയ്ക്കുന്ന കയ്യോടെ എടുത്ത് ചായ കുടിക്കാന്‍ തുടങ്ങി. കുഞ്ഞപ്പന്‍ ചേട്ടന്‍ ഇതുവരെ കുടിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും രുചിയുള്ള ചായയായിരുന്നു അത്. അയാള്‍ ചായ ആസ്വദിച്ച് കുടിച്ചു. ഈ ചായക്ക് 10 രൂപ വിലയിട്ടാലും അധികമാകില്ല. അയാള്‍ മനസ്സില്‍ പറഞ്ഞു. ചായ കുടിച്ചു തീര്‍ന്നപ്പോള്‍ സപ്ലെയര്‍ വിനയത്തോടെ ബില്ല് കൊണ്ടുവന്നു. അയാള്‍ അത് വായിച്ചുനോക്കി. ചായ - 125/- രൂപ എന്നായിരുന്നു അത്. അയാള്‍ സപ്ലെയറിനോട് കണ്ണ് മിഴിച്ചു ചോദിച്ചു.
"ഇതെന്നാ മോനേ എഴുതിയിരിക്കുന്നത്?.."
"ചായ 125/- രൂപാ എന്നാണ് സാര്‍. "സപ്ലയര്‍ വിനയത്തോടെ പറഞ്ഞു.
"എന്‍റമ്മച്ചീ..." കുഞ്ഞപ്പന്‍ ചേട്ടന്‍ അറിയാതെ പറഞ്ഞുപോയി.
"എന്താ..." സപ്ലയര്‍ ചോദിച്ചു.
"ഏയ് ഒന്നുമില്ല, ഞാന്‍ പ്രതീക്ഷിച്ചതിലും ചീപ്പ് റേറ്റാണെന്നു പറയുകയായിരുന്നു." കുഞ്ഞപ്പന്‍ ചേട്ടന്‍ നെഞ്ച് തടകിക്കൊണ്ട് പറഞ്ഞു.
അയാള്‍ പോക്കറ്റില്‍ നിന്ന് 150 രൂപ എടുത്ത് സപ്ലയറിന്‍റെ കയ്യില്‍ കൊടുത്തു. എന്നിട്ട് ഇറങ്ങി കൗണ്ടറിന്‍റെ അടുത്ത് പരുങ്ങി നിന്നു.
പോകാതെ നില്ക്കുന്ന കുഞ്ഞപ്പന്‍ ചേട്ടനെ കണ്ട് സപ്ലയര്‍ ചോദിച്ചു.
"എന്താ സാര്‍ ഇനി വല്ലതും വേണോ...? "
"അല്ല, ബാക്കി...."
"ബാക്കി ടിപ്പല്ലേ സാര്‍."
"ഓ... ടിപ്പ്.... ഞാനത് മറന്നുപോയി" എന്നുപറഞ്ഞ് കുഞ്ഞപ്പന്‍ ചേട്ടന്‍ സപ്ലയറിനെ ഒന്നനുഗ്രഹിച്ചതിനുശേഷം പോക്കറ്റില്‍നിന്ന് താക്കോലെടുത്ത് സൈക്കിള്‍ പൂട്ടു തുറന്ന് ടയര്‍ പഞ്ചറായ കാര്യം പോലും മറന്ന് സ്പീഡില്‍ ചവിട്ടിവിട്ടു. കുറച്ചങ്ങോട്ട് ചെന്നപ്പോള്‍ ഒരു സുഹൃത്തിനെക്കണ്ട് അയാള്‍ സൈക്കിള്‍ നിര്‍ത്തി.
"എന്താ കുഞ്ഞപ്പാ, ആ ഫൈവ് സ്റ്റാര്‍ ഹോട്ടലിലേ ഇപ്പോള്‍ കയറത്തൊള്ളോ? " അയാള്‍ ചോദിച്ചു.
"എടാപേ, അതൊരു സാദാ ചായക്കടയാണെന്ന് കരുതിയല്ലേ ഞാന്‍ കയറിയത്. ഒരു ചായക്ക് 125 രൂപയായി പിന്നെ 25 രൂപ ടിപ്പും കൊടുത്തു." കുഞ്ഞപ്പന്‍ ചേട്ടന്‍ പറഞ്ഞു.
"അതേ, സായിപ്പന്‍മാര്‍ക്ക് നമ്മുടെ നാടന്‍ ചായക്കടയില്‍ ഇരുന്ന് അവരുടെ ഭക്ഷണം കഴിക്കാന്‍ വേണ്ടി പഴയ ഒരു ചായക്കട മേടിച്ച് ഒരു സ്റ്റാര്‍ ഹോട്ടലാക്കിയിരിക്കുകയാണ്. പഴയ നാലുകെട്ട് മേടിച്ച് റിസോര്‍ട്ടാക്കുന്നില്ലേ, അതുപോലെ. ടൂറിസ്റ്റ് സീസണ്‍ വരുമ്പോള്‍ ഇവിടെ സായിപ്പന്മാരുടെയും മദാമ്മമാരുടെയും ബഹളമാണ്. നമുക്കൊന്നും അവിടം മുതലാകത്തില്ല." അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
"എതായാലും എനിക്കങ്ങനെ ഒരബദ്ധം പറ്റി എന്ന് ആരോടും പറയരുത് " എന്ന് പറഞ്ഞിട്ട് കുഞ്ഞപ്പന്‍ ചേട്ടന്‍ സൈക്കിള്‍ ആഞ്ഞ് ചവിട്ടിവിട്ടു.
****************************
(2009-ൽ 'നിറച്ചാർത്തുകൾ' എന്ന കഥാ സമാഹാരത്തിൽ പ്രസിദ്ധീകരിച്ചത്)

Comments