ബസ്സിനുള്ളിലേക്ക് മഴത്തുള്ളികള്‍ ശക്തിയായി വീഴാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഷട്ടര്‍ താഴ്ത്തിയിട്ടു. പിന്നെ തല പിന്നിലേക്ക് ചാരി ഉറങ്ങാന്‍ ശ്രമിച്ചു.
"ഏയ് സമയമെത്രയായി?" അടുത്തിരുന്ന പെണ്‍കുട്ടി ചോദിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ഉണര്‍ന്ന് വാച്ചില്‍ നോക്കിയിട്ട് പറഞ്ഞു,
"പതിനൊന്നര"
അപ്പോഴാണ് ഞാന്‍ ആ പെണ്‍കുട്ടിയെ ശ്രദ്ധിക്കുന്നത്. ചന്ദന നിറമുള്ളശരീരവും നീണ്ട് വിടര്‍ന്ന താമരപ്പൂഇതള്‍ പോലെയുള്ള കണ്ണുകളും, മന്ദഹാസം തുളുമ്പുന്ന ചുവന്ന ചുണ്ടുകളും, കറുത്തിരുണ്ട് നീണ്ട മുടിയും ഉള്ള, നീലചുരിദാര്‍ ധരിച്ച ഒരു സുന്ദരിയായ പെണ്‍കുട്ടി. അവളുടെ കൈകളില്‍ നീലവളകളും നെറ്റിയില്‍ നീലപ്പൊട്ടും ഉണ്ടായിരുന്നു. അവളുടെ നീണ്ട് മനോഹരങ്ങളായ വിരലുകളിലെ നഖങ്ങളില്‍ നീല ക്യൂട്ടെക്സ് ആണ് ഇട്ടിരുന്നത്.
"ഈ ബസ്സ് എത്ര മണിക്ക് എറണാകുളത്തെത്തും?" അവള്‍ ജിജ്ഞാസ നിറഞ്ഞ മുഖത്തോടെ ചോദിച്ചു.
"ഇനി 30 മിനിറ്റ് മതിയാകും." ഞാന്‍ പറഞ്ഞു.
അവള്‍ ആശ്വാസത്തോടെ ദീര്‍ഘനിശ്വാസം പൊഴിച്ചു.
"കുട്ടി എന്ത് ചെയ്യുന്നു?" ഞാന്‍ ചോദിച്ചു.
"ഞാന്‍ സെണ്റ്റ് തേരസാസില്‍ ബിയെസ്സിക്ക്് പഠിക്കുകയാണ്" അവള്‍ പറഞ്ഞു.
"ഓഹോ, എണ്റ്റെ പെങ്ങളും അവിടെയുണ്ട്. അവള്‍ സെക്കണ്റ്റ് ഇയര്‍ ബോട്ടണിയാണ്"
"ആ കുട്ടിയുടെ പേരെന്താണ്?" അവള്‍ ചോദിച്ചു.
"പാര്‍വതി" ഞാന്‍ പറഞ്ഞു. "ഓ പാറുക്കുട്ടി, ഞാനറിയും. നല്ല നീണ്ട മുടിയും വട്ടമുഖവും ഉള്ള കുട്ടിയല്ലേ? ഞങ്ങള്‍ സുഹൃത്ത്ക്കളാണ്" അവള്‍ പറഞ്ഞു.
എന്റെ പെങ്ങള്‍ക്ക് അത്ര നീണ്ട മുടിയില്ല. എങ്കിലും ഞാന്‍ എതിര് പറഞ്ഞില്ല.
"ഇടുക്കിയിലെ മൂന്നാറില്‍"
"അവിടെ എന്താ?""അവിടെ രാജമലയിലെ ഇരവികുളം ദേശീയോദ്യാനത്തില്‍ ഇപ്പോള്‍ നീലക്കുറിഞ്ഞികള്‍ പൂത്തിരിക്കുകയല്ലേ? അത് കാണാന്‍ പോകുകയാ." ഞാന്‍ പറഞ്ഞു.
"അയ്യോ എനിക്കും അത് കാണണമെന്ന് വലിയ ആഗ്രഹമാണ്"
"എങ്കില്‍ കൂടെപ്പോരൂ." ഞാന്‍ പറഞ്ഞു.
"ഞാന്‍ വരും ചേട്ടന് കുഴപ്പമുണ്ടോ?"
"എനിക്കെന്ത് കുഴപ്പം? പോന്നോളൂ പക്ഷെ നാളെ വൈകിട്ടേ അവിടെ നിന്ന് പോരാന്‍ പറ്റൂ. ""അത് പ്രശ്നമില്ല. ഹോസ്റ്റലില്‍ നാളെയോ മറ്റന്നാളൊ ചെന്നാല്‍ മതി. ഞാന്‍ വീട്ടില്‍ പനിപിടിച്ച് കിടക്കുകയാണെന്ന് ഫോണ്‍ ചെയ്ത് പറഞ്ഞേക്കാം. "
"ശരി." ഞാന്‍ പറഞ്ഞു.
ബസ്സ് എറണാകുളത്തെത്തിയപ്പോള്‍ ഞങ്ങള്‍ ഇറങ്ങി മൂന്നാറിലേക്കുള്ള്ള ബസ്സില്‍ കയറി.നീലക്കുറിഞ്ഞി കാണാന്‍ പോകുന്നവര്‍ക്കുള്ള സ്പെഷ്യല്‍ ടൂറിസ്റ്റ് ബസ്സായത് കൊണ്ട് നല്ലസീറ്റിലിരുന്ന് വേഗത്തില്‍ ഇടുക്കിയിലെ മൂന്നാറില്‍ എത്താന്‍ പറ്റി. എങ്കിലും അവിടെ എത്തിയപ്പോള്‍ സമയം രാത്രിയായി. "നമുക്ക് ലോഡ്ജില്‍ മുറിയെടുക്കാം" ഞാന്‍ പറഞ്ഞു.
"ശരി" അവള്‍ പറഞ്ഞു.
"കുട്ടിയുടെ പേരെന്താണ്?" ഞാന്‍ അപ്പോഴാണ് അവളുടെ പേര് ചോദിച്ചില്ലല്ലോ എന്നോര്‍ത്തത്.
"ഷേര്‍ലി, ഷേര്‍ലി സെബാസ്റ്റ്യന്‍.
"ചേട്ടൻറെ പേരെന്താണ്?" അവള്‍ തിരിച്ച് ചോദിച്ചു.
"രാജീവ്" ഞാന്‍ പറഞ്ഞു. ഞങ്ങള്‍ നടന്ന് ഒരു ലോഡ്ജില്‍ ചെന്നപ്പോള്‍ അവിടെ റൂമില്ല. പിന്നെ പല ലോഡ്ജുകളില്‍ ചെന്നപ്പോഴും അവിടെയെങ്ങും റൂമില്ല. എല്ലാം ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ഒരു ലോഡ്ജില്‍ ഒരു ഡബിള്‍ റൂം മാത്രമേയുള്ളു. ഞാന്‍ ഷേര്‍ലിയോട് ചോദിച്ചു,
"എന്ത് ചെയ്യും ഒരു ഡബിള്‍ റൂമേയുള്ളല്ലോ?"
"അതിനെന്താ നമുക്ക് ഒന്നിച്ച് താമസിക്കാം. എനിക്ക് ചേട്ടനെ വിശ്വാസമാണ്" അവള്‍ പറഞ്ഞു.
ഞാന്‍ ആ റൂമെടുത്തു. രണ്ടാംനിലയില്‍ സാമാന്യം വീതിയും സൌകര്യങ്ങളുമെല്ലാമുള്ള മുറി. നീല വിരിയിട്ട ഡബിള്‍ക്കോട്ട് കട്ടിലും ഒരു മേശയും കസേരയും അറ്റാച്ച്ഡ് ബാത്ത് റൂമും അതിനുണ്ട്. അവള്‍ അവളുടെ നീല നിറമുള്ള ബാഗ് മേശപ്പുറത്ത് വച്ചിട്ട് പറഞ്ഞു,
"എനിക്ക് ക്ഷീണം കൊണ്ട് മേല. ഞാന്‍ ഒന്ന് കുളിക്കട്ടെ. "
"എങ്കില്‍ ശരി. ഞാന്‍ അപ്പോള്‍ പുറത്ത് പോയി ആഹാരം മേടിച്ചുകൊണ്ട് വരാം. "
"ശരി" അവള്‍ പറഞ്ഞു.
ഞാന്‍ വാതില്‍ ചാരിയിട്ട് പുറത്തിറങ്ങി ഒരു ഹോട്ടലില്‍ പോയി ചോറുണ്ടിട്ട് ഒരു ഊണ് പാഴ്സലായി മേടിച്ചു. പിന്നെ ഒരു കിലോ ആപ്പിളും മേടിച്ചു. അപ്പോഴേക്കും മഴപെയ്യാന്‍ തുടങ്ങി. ഒരു വിധത്തില്‍ കടകളുടെ ഓരം ചേര്‍ന്നും ഓടിയും റൂമില്‍ തിരിച്ചെത്തി. അപ്പോള്‍ ഷേര്‍ലി കുളികഴിഞ്ഞ് കട്ടിലില്‍ ഇരുന്ന് തണ്റ്റെ നീണ്ട മുടി ഈരുകയാണ്. അടുത്ത് മൊബൈല്‍ ഫോണില്‍ നിന്ന് പാട്ട് കേള്‍ക്കുന്നു,
"നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ച് നിന്നു..... ""
"ഈ പാട്ട് എവിടെ നിന്ന് കിട്ടി?" ഞാന്‍ ചോദിച്ചു.
"എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറമാണ് നീല. അതുകൊണ്ട് നീല നിറത്തെപ്പറ്റിയുള്ള പാട്ടുകളെല്ലാം എണ്റ്റെ മൊബൈലില്‍ സ്റ്റോര്‍ ചെയ്തിട്ടുണ്ട്. "
"അതുകൊള്ളാമല്ലോ? എണ്റ്റെയും ഇഷ്ടനിറമാണ് നീല. പക്ഷെ എനിക്കിത്ര ഭ്രാന്തൊന്നുമില്ല." ഞാന്‍ പറഞ്ഞു.
അവള്‍ അത് കേട്ട് ചിരിച്ചു.
"ഇതാ ഊണ് കഴിക്കൂ. പിന്നെ ആപ്പിളുമുണ്ട്. ആപ്പിളിന് ചുവന്ന നിറമായത് കൊണ്ട് കഴിക്കാതിരിക്കുകയൊന്നുമില്ലല്ലോ?" ഞാന്‍ ചോദിച്ചു.
അവള്‍ ചിരിച്ചിട്ട് ചോറ് പൊതി തുറന്ന് കഴിക്കാന്‍ തുടങ്ങി. ഞാന്‍ വെറുതെ ഒന്ന് പുറത്തിറങ്ങി ഒന്ന് കറങ്ങിയിട്ട് വന്നപ്പോള്‍ അവള്‍ ചോറുണ്ട് കൈകഴുകിയിട്ട് കട്ടിലില്‍ പുതച്ച് കിടന്നു കഴിഞ്ഞു. എന്നെ കണ്ട് അവള്‍ സംതൃപ്തിയോടെ മധുരമായ് ചിരിച്ചിട്ട് പറഞ്ഞു.
"വന്ന് കിടന്ന് ഉറങ്ങികോളൂ, രാവിലെ ഏഴ് മണി മുതല്‍ നമുക്ക് നീലക്കുറിഞ്ഞി കാണാന്‍ പോകണം. "
"ശരി" എന്ന് പറഞ്ഞ് കതകടച്ചിട്ട് ഞാന്‍ ബാഗില്‍ നിന്ന് പുതപ്പെടുത്ത് പുതച്ച് കിടന്നു. ഇടയ്ക്ക് അവളുടെ മുഖത്തേക്ക് നോക്കി. അവള്‍ ഒരു കൊച്ച് കുഞ്ഞിനെപ്പോലെ ഉറങ്ങുന്നു. യാതൊരു ഭയമോ ആശങ്കയോ ആ മുഖത്തില്ല. ജീവിതത്തില്‍ ആദ്യമായാണ് ഒരു പെണ്ണുമൊത്ത് ഒരു കട്ടിലില്‍ ഉറങ്ങാന്‍ കിടക്കുന്നത്. ഇങ്ങനെ ഒരു ഭാഗ്യം എനിക്ക് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
അല്ലെങ്കിലും ജീവിതത്തില്‍ ഏറ്റവും മധുരമായതൊക്കെ അപ്രതീക്ഷിതമാ യിട്ടായിരിക്കുമല്ലോ കിട്ടുന്നത്. ഒരുകൈ അകലത്തില്‍ ത്രസിക്കുന്ന ഒരു സ്തീശരീരം കിടക്കുമ്പോള്‍ ഒരു ആണിന് എങ്ങനെ ഉറങ്ങാന്‍ പറ്റും? ഹരം പിടിപ്പിക്കുന്ന സ്ത്രൈണഗന്ധവും, സ്ത്രീ ഹൃദയം മിടിക്കുന്ന താളവും, പുറത്ത് പെയ്യുന്ന മഴയുടെ തണുപ്പും ഒക്കെ എന്നെ ഒരു കാന്തം പോലെ അവളിലേക്ക് അടുപ്പിക്കുന്നെങ്കിലും ഞാന്‍ സ്വയം നിയന്ത്രിച്ചു. ഒരു രാത്രികൊണ്ട് അവസാനിപ്പിക്കേണ്ടതല്ല ഇവളുമായുള്ള ബന്ധം. ഇനി എന്നും എനിക്ക് കൂട്ടായി, എണ്റ്റെ പാതിമെയ്യായി ഇവള്‍ വേണം.
ലൈഗികത സ്ത്രീപുരുഷന്‍മാര്‍ പൂര്‍ണ്ണമനസ്സോടെ ആസ്വദിക്കേണ്ടതാണ്. അല്ലാതെ സ്ത്രീയുടെ നിസ്സഹായാവസ്ഥയെ ഒരു മൃഗത്തെപ്പോലെ ചൂഷണം ചെയ്യുന്നത് പരിഷ്കാരമുള്ള മനുഷ്യര്‍ക്ക് ചേര്‍ന്നതല്ല.
പ്രണയം ഒരു പളുങ്ക്പാത്രം പോലെയാണ്.. ഒരു നിമിഷത്തെ തെറ്റായ വാക്കോ പെരുമാറ്റമോ മതി അത് ഒരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ വയ്യാത്ത വിധം പൊട്ടിത്തകര്‍ന്ന് പോകാന്‍. അത്കൊണ്ട് ക്രമേണ അവളോട് അവളെപ്പറ്റി എല്ലാം തിരക്കിയിട്ട് എൻറെ ആഗ്രഹം പറയണം. ഇങ്ങനെ ഓരോന്ന് ആലോചിച്ച് രാത്രി എപ്പൊഴോ ഞാന്‍ ഉറങ്ങി.
"ഏയ് എഴുന്നേല്‍ക്കൂ" അവള്‍ കുലുക്കി വിളിക്കുന്നത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.
"ങാഹാ നേരം വെളുത്തോ?" എഴുന്നേറ്റ് കൊണ്ട് ചോദിച്ചു.
"പിന്നെ മണി ഏഴരയായി. ഞാന്‍ കുളിച്ച് റെഡിയായി നില്‍ക്കുകയാ. നമുക്ക് നീലക്കുറിഞ്ഞി കാണാന്‍ പോകെണ്ടേ? വാ... "
"ഞാനിപ്പോള്‍ റെഡിയാകാം." എന്ന് പറഞ്ഞ് എഴുന്നേറ്റ് ബാഗില്‍നിന്ന് പേസ്റ്റും ബ്രഷും എടുത്ത് ബാത്ത് റൂമിലേക്ക് പോയി. ഒരുങ്ങി റെഡിയായി ഞങ്ങള്‍ ഒരു ഹോട്ടലില്‍ കയറി പ്രഭാതഭക്ഷണം കഴിച്ചിട്ട് നീലക്കുറിഞ്ഞി പൂത്ത മലകളിലേക്ക് ടൂറിസ്റ്റുകളെ കൊണ്ടുപോകുന്ന ഒരു ജീപ്പില്‍ കയറി പോയി. അവിടെ ഓരോ കുറിഞ്ഞിപ്പൂക്കളേയും അവള്‍ വിസ്മയത്തോടെ നോക്കിക്കണ്ടു. അവളുടെ മൊബൈല്‍ ഫൊണ്‍ ക്യാമറയില്‍ കുറിഞ്ഞിപ്പൂക്കളുടെയും വരയാടുകളുടെയും ഒക്കെ ഫോട്ടോ അവള്‍ എടുത്തു. കൂട്ടത്തില്‍ അവള്‍ എണ്റ്റെ ഫോട്ടോയും എടുത്തു. അവള്‍ നീലപ്പൂക്കളുടെ സാഗരത്തിലൂടെ ഒരു മാന്‍ കിടാവിനെപ്പോലെ തുള്ളിച്ചാടി നടന്നു. കുറിഞ്ഞിപ്പൂക്കളുടെ സൌന്ദര്യമാണോ അതോ ഷേര്‍ലിയുടെ സൌന്ദര്യമാണോ ആസ്വദിക്കേണ്ടതെന്നറിയാതെ പുറകെ ഞാനും നടന്നു. പിന്നെ ഞാന്‍ നോക്കുമ്പോള്‍ അവള്‍ ഒരു വരയാടിന്‍ കുഞ്ഞിന് പുല്ല് പറിച്ച് കൊടുക്കുന്നത് കണ്ടു. പിന്നെ അവള്‍ ബാഗില്‍ നിന്ന് ആപ്പിള്‍ എടുത്ത് മുറിച്ച് അതിന് കൊടൂത്തു. പിന്നെയും കുറേ സമയം അവള്‍ അതുമായി കളിച്ചു നടന്നു. അപ്പോള്‍ അകലെ ആ വരയാടിൻറെ അമ്മയാണെന്ന് തോന്നുന്നു കരയുന്നത് കേട്ടപ്പോള്‍ ആ കുഞ്ഞ് വരയാട് തുള്ളിച്ചാടി ഓടിപ്പോയി. അപ്പോഴേക്കും ഉച്ചയ്ക്ക് ഉണ്ണാന്‍ സമയമായി. പിന്നെ ഞങ്ങള്‍ ഉണ്ണാനായി ഹോട്ടലിലേക്ക് പോയി.
"ഇനി നമുക്ക് ഒന്നുകൂടെ നീലക്കുറിഞ്ഞി കണ്ടിട്ട് തിരിച്ച് പോകാം. വൈകിട്ട് മൂന്നാറില്‍ നിന്ന് ബസ്സുണ്ട്. പുലരാറാകുമ്പോള്‍ എറണാകുളത്തെത്തും. പിന്നെ കുറച്ച് സമയം ബസ്റ്റാൻറിൽ ഇരുന്നിട്ട് ഒരു ൯ മണിക്ക് തനിക്ക് ഹോസ്റ്റലിലേക്ക് പൊകാം.
" ഞാന്‍ പറഞ്ഞു."
"ശരി" അവള്‍ എന്തോ ചിന്തിച്ചുകൊണ്ട് പറഞ്ഞു. "പിന്നെ ഇയാളുടെ ഫോണ്‍ നമ്പരും അഡ്രസ്സും എനിക്ക് താ" ഞാന്‍ പോക്കറ്റില്‍ നിന്ന് പേനയും പേപ്പറും എടുത്തിട്ട് പറഞ്ഞു.
"എൻറെ ഫോണ്‍ നമ്പര്‍ പോരെ? ഫോണ്‍ വിളിച്ചാല്‍ പോരെ? . എന്തിനാണ് കത്തയക്കുന്നത്?" അവള്‍ ചോദിച്ചു.
"എങ്കില്‍ ഫോണ്‍ നമ്പര്‍ തരൂ." ഞാന്‍ പറഞ്ഞു. അവള്‍ ഫോണ്‍ നമ്പര്‍ തന്നു. എണ്റ്റെ ഫോണ്‍ നമ്പര്‍ അവള്‍ക്കും കൊടുത്തു. ചോറുണ്ടിട്ട് ഞങ്ങള്‍ പിന്നെയും നീലക്കുറിഞ്ഞിമലകളിലേക്ക് പോയി. ആറ് മണിയാകാറായപ്പോള്‍ ഞാന്‍ പറഞ്ഞു ,"നമ്മുടെ ബസ്സ് വരാറായി. നമുക്ക് പോകാം. "
"എനിക്കിത് എത്ര കണ്ടിട്ടും മതിയാകുന്നില്ല"
"എങ്കില്‍ നമുക്ക് ഒന്നു കൂടെ വന്ന് കാണാം"
"എപ്പോള്‍?"
"അടുത്തതവണ"അവള്‍ അത് കേട്ട് മന്ദഹസിച്ചു.
"എങ്കില്‍ നമുക്ക് റൂം വെക്കേറ്റ് ചെയ്ത് ബസ്സില്‍ കയറിയിരിക്കാം." ഞാന്‍ പറഞ്ഞു.
"ശരി " മനസ്സില്ലാമനസ്സോടെ അവള്‍ പറഞ്ഞു.
പെട്ടന്ന് എവിടെ നിന്നോ അവളുടെ കൂട്ടുകാരിയായ വരയാടിന്‍ കുഞ്ഞ് പാഞ്ഞ് വന്ന് അവളുടെ മുന്നില്‍ നിന്ന് അണച്ചു. അവള്‍ നിറകണ്ണുകളോടെ അതിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചിട്ട് ബാഗില്‍ ഉണ്ടായിരുന്ന ഒരു ആപ്പിള്‍ കൂടെ അതിന് മുറിച്ച് കൊടുത്തു.
"അതിനെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ നമുക്ക് അതിനെക്കൂടെ കൊണ്ടുപോകാം" ഞാന്‍ പറഞ്ഞു.
"കൊണ്ടുപോയിട്ടും കാര്യമില്ല." എന്നു പറഞ്ഞ് അവള്‍ ആ വരയാടിനെ അവിടെ വിട്ടു. പിന്നെ ഞങ്ങള്‍ ലോഡ്ജിലേക്ക് ഒരു ജീപ്പില്‍ കയറി പോയി. ഇടയ്ക്ക് അവള്‍ കണ്ണ്‍നീര് തുടയ്ക്കുന്നത് കണ്ടു. മൂന്നാറില്‍ ചെന്ന് റൂം വെക്കേറ്റ് ചെയ്ത് ഞങ്ങള്‍ ഏറണാകുളത്തേക്കുള്ള ബസ്സില്‍ കയറി. ഞാന്‍ സൈഡ് സീറ്റിലാണ് ഇരുന്നത്. കഴിഞ്ഞ ദിവസത്തെ ഉറക്ക ക്ഷീണം കാരണം രാത്രി ഊണ് കഴിച്ച ഉടന്‍ ഞാന്‍ ചാരിക്കിടന്ന് ഉറക്കമായി. ആരോ കുലുക്കി വിളിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്.
"എറണാകുളമായി ഇറങ്ങുന്നില്ലേ?" കണ്ടക്ടറാണ്. ഞാനപ്പോള്‍ എണ്റ്റെ അടുത്തിരുന്ന ഷേര്‍ലിയെ നോക്കി. അവളെ കാണുന്നില്ല. ഷേര്‍ലി പുറത്ത് കാണുമെന്ന് കരുതി ബാഗെടുത്ത് ബസ്സിന് പുറത്തിറങ്ങി നോക്കിയിട്ട് അവിടെയെങ്ങും കണ്ടില്ല. പിന്നെ മൊബൈലെടുത്ത് അവളുടെ നമ്പരിലേക്ക് വിളിച്ചു. സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണ് കിട്ടിയത്. വീട്ടിലെത്തി എണ്റ്റെ അനുജത്തിയെ കൊണ്ട് സെൻറ് തേരസാസ് കോളേജ് മുഴുവന്‍ അന്യോഷിച്ചിട്ടൂം ഇങ്ങനെ ഒരു പെണ്‍കുട്ടി അവിടെ പഠിച്ചിരുന്നില്ല എന്നാണ് വിവരം കിട്ടിയത്. അവളുടെ നമ്പരിലേക്ക് വിളിക്കുമ്പോള്‍ ഈ നമ്പര്‍ നിലവിലില്ല എന്ന മറുപടിയാണ് പിന്നെ കിട്ടിയത്.
ഷേര്‍ലിയെ തേടി ഞാന്‍ പിന്നെ എവിടെയൊക്കെയോ അലഞ്ഞു. മാസങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് ഞാന്‍ കോളേജ് അധ്യാപകനാണ്. അവിവാഹിതന്‍. വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിക്കുമ്പോഴും എൻറെ പ്രതീക്ഷ ഷേര്‍ലി എന്നെങ്കിലും എന്നെത്തേടി വരും എന്നായിരുന്നു. അങ്ങനെ പന്ത്രണ്ട് വര്‍ഷങ്ങള്‍ കടന്നു പോയി. നീലക്കുറിഞ്ഞികള്‍ വീണ്ടും പൂക്കാന്‍ തുടങ്ങി. എണ്റ്റെ മനസ്സു പറഞ്ഞു ഷേര്‍ലി, അവള്‍ നീലക്കുറിഞ്ഞിപ്പൂക്കളെ കാണാന്‍ എന്തായാലും വരും. നീലക്കുറിഞ്ഞി പൂത്ത മലകളേയും വരയാടുകളേയും മറക്കാന്‍ അവള്‍ക്കാവില്ല. അവള്‍ വരും. ഞാന്‍ അവളെ കാണും. ഞാന്‍ മൂന്നാറിലേക്ക്് എണ്റ്റെ കാറില്‍ പുറപ്പെട്ടു. അവിടെ ആ പഴയ ലോഡ്ജിന് മുന്നില്‍ ഞാന്‍ ചെന്നു. ഭാഗ്യത്തിന് ആ പഴയ മുറിതന്നെ എനിക്ക് കിട്ടി.
"സാറിന് എത്ര ദിവസത്തേക്ക് വേണം ഈ മുറി." മനേജര്‍ ചോദിച്ചു.
"അത് പറയാനാവില്ല. ചിലപ്പോള്‍ അവസാന നീലക്കുറിഞ്ഞിപ്പൂവും കൊഴിഞ്ഞ് വീഴുന്നത് വരെ ഞാന്‍ ഇവിടെ താമസിച്ചെന്ന് വരാം" ഞാന്‍ പറഞ്ഞു.
"ശരി" എന്ന് പറഞ്ഞിട്ട് മനേജര്‍ റൂം ബോയിയുടെ കൈയ്യില്‍ താക്കോല്‍ കൊടുത്തു. റൂമില്‍ ഞാന്‍ പ്രവേശിച്ചു. ബെഡിന് ഇളം ചുവപ്പ് വിരിയാണ്. ഞാന്‍ അത് മാറ്റി നീല ബെഡ് ഷീറ്റ് വിരിച്ചു. പിന്നെ കട്ടിലില്‍ കിടന്ന് എണ്റ്റെ മൊബൈലില്‍ കെ. എസ്സ്. ചിത്ര പാടിയ ഷേര്‍ലിയുടെ പ്രിയപ്പെട്ട പാട്ട് വെച്ചു, 'നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ച് നിന്നു. ഒരു കൃഷ്ണതുളസിക്കതിരുമായിന്നും ഞാന്‍ നിന്നെ പ്രതീക്ഷിച്ചു നിന്നു. നീയിത് ചൂടാതെ പോകയോ? നീയിത് കാണാതെ പോകയോ?......... '
പിന്നെ രണ്ട് ദിവസം അവിടെ ഒക്കെ ഞാന്‍ പരതി നടന്നിട്ടും അവളെ കണ്ടില്ല. ലോഡ്ജിലെ ജനല്‍ വഴി നോക്കുമ്പോള്‍ മുകളില്‍ കുരിശ് വച്ച ഒരു ശവമാടം കാണാം. അതിന് മുന്നില്‍ ദിവസവും വൈകിട്ട് ഒരു വൃദ്ധനും വൃദ്ധയും വന്ന് നീലപ്പൂക്കള്‍ വെച്ചിട്ട് പോകുന്നത് കാണാം. ഒരു ദിവസം ഞാന്‍ അവരുടെ അടുത്ത് ചെന്നു. നീലപ്പെയിണ്റ്റടിച്ച് ആ ശവമാടത്തില്‍ എഴുതിയിരിക്കുന്നത് ഞാന്‍ ഞെട്ടലോടെ വായിച്ചു, 'ഷേര്‍ലി സെബാസ്റ്റ്യന്‍. ജനനം 22-6-1987 മരണം 30-12-2006' എന്ന്.
"നിങ്ങള്‍ ഷേര്‍ലിയുടെ ആരാണ്?" ഞാന്‍ ആ വൃദ്ധരോട് ചോദിച്ചു. അവര്‍ എണ്റ്റെ ഇളം നീല ഷര്‍ട്ടിലും നീല ജീന്‍സിലും മാറി മാറി നോക്കിയിട്ട് ചോദിച്ചു.
"നിങ്ങളാണോ രാജീവ്?"
"അതെ, എന്നെ നിങ്ങള്‍ക്ക് എങ്ങനെ അറിയാം?" ഞാന്‍ ജിജ്ഞാസയോടെ ചോദിച്ചു.
"ഞങ്ങളോട് ഷേര്‍ലിമോള്‍ രാജീവിനെപ്പറ്റി എല്ലാം പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഇവിടെ വന്നതില്‍പ്പിന്നെ കുറച്ചു നാള്‍ കൂടിയേ അവള്‍ ജീവിച്ചിരുന്നുള്ളു. തലച്ചോറില്‍ രോഗബാധിതയായ അവള്‍, മരണം ഉറപ്പാണെന്ന് മനസ്സിലായപ്പോള്‍ അവസാന നാളുകളില്‍ വെറുതെ അലഞ്ഞു നടന്നു. അങ്ങനെയാണവള്‍ നിങ്ങളുമായി ഇവിടെ വന്നത്. പക്ഷെ നിങ്ങളെ ഷേര്‍ലിമോള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. അവളോട് രാജീവിനും ശരിക്കും ഇഷ്ടമുണ്ടെങ്കില്‍ പന്ത്രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഇവിടെ നിങ്ങള്‍ അവളെത്തേടി നീല വസ്ത്രം ധരിച്ച് വരുമെന്ന് ഷേര്‍ലിമോള്‍ മരിക്കും മുന്‍പ് കരഞ്ഞുകൊണ്ട് പറഞ്ഞു. അതിന് വേണ്ടിയാണവള്‍ അവളുടെ ശവകുടീരം ഇവിടെത്തന്നെ നിര്‍മ്മിക്കണമെന്ന് പറഞ്ഞതും. "ഷേര്‍ലിയുടെ അഛന്‍ പറഞ്ഞു. "നിങ്ങള്‍ക്ക് തരാന്‍ അവള്‍ ഒരു എഴുത്തും തന്നിട്ടുണ്ട്. ഞങ്ങള്‍ 12 വര്‍ഷം ആ എഴുത്ത് സൂക്ഷിച്ചു. ഇതാ ആ കത്ത്. ഇനി ഞങ്ങള്‍ക്ക് സ്വസ്ഥമായി മരിക്കാം." എന്ന് പറഞ്ഞ് ഷേര്‍ലിയുടെ അമ്മ ഒരു കത്ത് പേഴ്സില്‍ നിന്ന് എടുത്ത് എണ്റ്റെ കൈയ്യില്‍ തന്നു. നിറം മങ്ങിയ ആ നീലക്കത്ത് ഞാന്‍ പൊട്ടിച്ച് വായിച്ചു. അത് ഇങ്ങനെ ആയിരുന്നു.
'പ്രിയപ്പെട്ട രാജീവ്,എന്തൊക്കെയുണ്ട് വിശേഷം. സുഖം തന്നെ അല്ലേ? നമ്മള്‍ പിരിഞ്ഞിട്ട്, അല്ല രണ്ട് ലോകത്തായിട്ട് 12 വര്‍ഷം തികഞ്ഞു. നീലക്കുറിഞ്ഞിപ്പൂക്കളേയും വരയാടുകളേയും നീലമലകളേയും എന്നേയും കാണാന്‍ രാജീവ് വീണ്ടും വന്നിട്ട് എന്നെ മാത്രം കാണാന്‍ പറ്റുന്നില്ല അല്ലേ? സാരമില്ല. രാജീവിണ്റ്റെ കണ്ണുകളിലൂടെ ഞാനൊന്ന് ഈ ലോകം കാണട്ടെ. എണ്റ്റെ കുഴിമാടത്തിലേക്ക് ഒന്ന് നോക്കൂ, അത് നീല നിറമല്ലേ? നീലക്കുറിഞ്ഞികള്‍ പൂത്ത മലകള്‍ക്കും ആകാശത്തിനും നീലനിറമല്ലേ? എന്നെ സ്നേഹിച്ച ആ വരയാടിന്‍ കുഞ്ഞ് ഇന്നുണ്ടോ? അത് അമ്മയായി, അമ്മുമ്മയായി, മുത്തശ്ശിയായ് മലമേടുകളില്‍ സുഖിച്ച് വാഴുന്നുണ്ടായിരിക്കും അല്ലേ? അന്ന് ഒരു വാക്ക് പോലും മിണ്ടാതെ ഒരു കള്ളിയെപ്പോലെ ആ ബസ്സില്‍ നിന്നിറങ്ങിപ്പോന്നപ്പോള്‍ രാജീവിന് എന്നോട് ദേഷ്യം തോന്നിയോ? സത്യത്തില്‍ ഇനി ഒരിക്കലും തമ്മില്‍ കാണരുതെന്ന് കരുതിയാണ് ഞാന്‍ അന്ന് ഇറങ്ങിപ്പോന്നത്. പക്ഷെ പിന്നീടുള്ള ദിവസങ്ങളിലാണ് ഞാന്‍ രാജീവിനെ എത്രമാത്രം പ്രണയിച്ച് പോയി എന്ന് ഞാന്‍ തന്നെ തിരിച്ചറിഞ്ഞത്. മനസ്സിൻറെ വിങ്ങല്‍ സഹിക്കാനാവാതെ എത്ര രാത്രികള്‍ ഞാന്‍ ഉറങ്ങാതെ കിടന്നിട്ടുണ്ട്. പക്ഷെ ദിവസങ്ങള്‍ എണ്ണപ്പെട്ട ഒരു പെണ്ണിന് അവളുടെ പ്രണയം അറിയിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? അതുകൊണ്ടാണ് തീവ്രമായ വിരഹ വേദന മനസ്സിലുണ്ടായിട്ടും ഞാന്‍ രാജീവിന് ഫോണ്‍ ചെയ്യാതിരുന്നത്. പിന്നെ മകളുടെ കാമുകന് വേണ്ടി 12 വര്‍ഷം ഈ കത്തും കൊണ്ട് നടന്ന എൻറെ പപ്പയും മമ്മിയും എങ്ങനെയുണ്ട്. പാവങ്ങളാണ് രാജീവ് അവര്‍. അവര്‍ക്കിനി രാജീവേയുള്ളു. ഇനിയും എത്രയോ കാര്യങ്ങള്‍ പറയാന്‍ ബാക്കി നില്‍ക്കുന്നു. പക്ഷെ കാലം എൻറെ നാവ് കവര്‍ന്നെടുത്തല്ലോ?പക്ഷെ ഞാന്‍ മരിക്കില്ല രാജീവ്. സ്നേഹം അവസാനിക്കാത്തിടത്തോളം ജീവിതവും അവസാനിക്കുകയില്ല. രാജീവിനോടുള്ള എണ്റ്റെ സ്നേഹം ഇല്ലാതാക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. ഭൂമിയില്‍ പര്‍വ്വതങ്ങളും സമുദ്രങ്ങളും, ആകാശത്ത് സൂര്യചന്ദ്രന്‍മാരും നക്ഷത്രങ്ങളും ഉള്ള കാലത്തോളം ഞാന്‍ രാജീവിനെ സ്നേഹിച്ചു കൊണ്ടിരിക്കും. രാജീവ് ഇനി പൊക്കോളൂ, പോയി സുഖമായി ജീവിച്ചു കൊള്ളൂ. പക്ഷെ ഈ നീലക്കുറിഞ്ഞി പൂക്കുന്ന താഴ്‌വരയില്‍ ഞാനെന്നും കാണും, രാജീവിനേയും സ്നേഹിച്ചുകൊണ്ട്.
ഒരു കാര്യം കൂടി, ഇനി അടുത്ത തവണ നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ രാജീവ് വീണ്ടും ഇവിടെ വരില്ലേ? ഒരുകുലപ്പൂക്കള്‍ എണ്റ്റെ കുഴിമാടത്തില്‍ അര്‍പ്പിക്കുകയില്ലേ?
എന്ന്,
രാജീവിണ്റ്റെ സ്വന്തം ഷേര്‍ലി.
കത്ത് വായിച്ച് തീര്‍ന്നതും നിറമിഴികളോടെ ഷേര്‍ലിയുടെ മാതാപിതാക്കളെ നോക്കി. അവര്‍ കാറില്‍ കയറിപ്പോയിരുന്നു. ഞാന്‍ മുട്ട് കുത്തിയിരുന്ന് ഷേര്‍ലിയുടെ കുഴിമാടത്തില്‍ മുഖം ചേര്‍ത്ത് വിതുമ്പിക്കരഞ്ഞു.
********************************************************************************
(2009 ൽ പ്രസിദ്ധീകരിച്ച 'നിറച്ചാർത്തുകൾ' എന്ന കഥാ സമാഹാരത്തിൽ പ്രസിദ്ധീകരിച്ച കഥ. )


Comments