കഴിഞ്ഞ ദിവസം രാത്രി എട്ടുമണി ആയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപമുള്ള ചെറിയ ബസ് വെയിറ്റിങ്ങ് സ്റ്റാന്റിൽ സിമന്റ് ബഞ്ചിൽ കിടന്ന് ഒരാൾ നടന്ന് അത് വഴി വന്ന എന്നോട്പത്തോ ഇരുപതോ രൂപ നീട്ടി കൊണ്ട് "എനിക്ക് വെള്ളം മേടിച്ച് തരുമോ ?" എന്ന് കെഞ്ചി ചോദിച്ചു. അയാൾക്ക് അഭിമുഖമുള്ള സിമന്റ് ബഞ്ചിൽ ഇരുന്നിരുന്നവർ വെറും കാഴ്ചക്കാരായി ഇരിക്കുകയാണ്. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നു. അപ്പോൾ ഒരാള് വന്ന് അയാളോട് ചോദിച്ചു. എന്തിനാണ് വെള്ളം ?" അപ്പോൾ അയാൾ പറഞ്ഞു "കുടിക്കാനാണ്" "നിങ്ങൾക്ക് പോയി റോഡിനപ്പുറത്തെ കടയിൽ നിന്ന് മേടിക്കാൻ മേലെ?" എനിക്ക് ക്ഷീണം കൊണ്ട് എഴുന്നേൽക്കാൻ പോലും വയ്യ ... " "എന്ത് വെള്ളമാണ്" "തണുത്ത വെള്ളം.." "തണുത്ത വെള്ളം മേടിച്ചാൽ ഗ്ലാസ് തിരികെ കൊണ്ടു പോയി ഞങ്ങൾ കൊടുക്കണം അതൊക്കെ ബുദ്ധിമുട്ടാണ് "എന്ന് പറഞ്ഞ് അയാൾ അടുത്ത ബസ്സ് വന്നപ്പോൾ കയറി പോയി. അപ്പോൾ അയാൾ നീട്ടിയ പണം മേടിക്കാതെ റോഡിനപ്പുറത്തെ കടയിൽ പോയി ഞാൻ ഒരു കുപ്പി വെള്ളം മേടിച്ചു കൊടുത്തു. അയാൾ അത് മേടിക്കുമ്പോൾ അയാളുടെ വരണ്ട് ഉണങ്ങിയ ചുണ്ടിലെ വെള്ളത്തിനോടുള്ള ആർത്തി കണ്ടു. 

ബസ്ടാന്റിലേക്ക് നടക്കുമ്പോൾ ഓർത്തു ഇപ്പോൾ അയാൾക്ക് വെള്ളം മേടിക്കാനുള്ള പണം ഉണ്ട്. തണുത്ത ഒരു ലിറ്റർ വള്ളത്തിന് ഇരുപത് രൂപയെ ഉള്ളു. എന്നിട്ടും അത് ഒന്ന് മേടിച്ചു കൊടുക്കാൻ ആരും തയാറാകുന്നില്ല. അപ്പോൾ അയാൾക്ക് പണം ഇല്ലാതിരുന്നെങ്കിലോ? പണം ഇല്ലാത്തവർക്ക് ഇനി ഉള്ള കാലം ശുദ്ധവെള്ളം എങ്ങനെ ലഭിക്കും? മനുഷ്യർക്കും പക്ഷികൾക്കും എല്ലാം എല്ലാം..!!
അന്ന് ഫേസ്ബുക്കിൽ റോഡിൽ രക്തത്തിൽ കുളിച്ച് കിടന്നിരുന്ന ഒരു സ്കൂട്ടർ യാത്രക്കാരനെ മൈൻഡ് ചെയ്യാതെ പോകുന്നവരുടെ ഫോട്ടോയും അതിനെതിരെ ഉള്ള പ്രതിഷേധവും കണ്ടു.
ജിഷ മരിക്കും മുന്പ് രക്ഷിക്കാൻ അലറി വിളിച്ചപ്പോൾ കേട്ടവർ ആരും സഹായത്തിന് എത്തിയില്ല എന്ന് വായിച്ചറിഞ്ഞു. ഡൽഹിയിലെ പീഡനത്തിനു ഇരയായ പെൺ കുട്ടി രക്തം വാർന്ന് റോഡിൽ വളരെ സമയം കിടന്നിട്ടും വളരെ നേരം ആരും സഹായിക്കാൻ ഉണ്ടായിരുന്നില്ല.
സമൂഹത്തിന്റെ ഇത്തരം പെരുമാറ്റം മാറ്റാൻ വേണ്ട നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ നാളെ നിങ്ങളോ ഞാനോ ഇത്തരം ഒരവസ്ഥയിൽ പെട്ടാലും ആരും തിരിഞ്ഞു നോക്കില്ല.
Comments