ദുഃഖശമിനി (ചെറുകഥ) ഹരിശങ്കർ കലവൂർ

Acrylic on canvas by Harisankar Kalavoor
പൊടിയൻ പതിവുപോലെ സന്ധ്യ കഴിഞ്ഞപ്പോൾ വീട്ടിലേക്ക് മദ്യപിച്ച് നാല്കാലിൽ കയറിച്ചെന്നു. എന്നും താൻ വരാറുള്ള സമയത്ത് മക്കൾ തിണ്ണയിൽ ഇരുന്ന് ഉറക്കെ വായിച്ചു പഠിക്കുന്നത് കേള്ക്കാമായിരുന്നു. ഇന്നതില്ല. താൻ പതിവിലും താമസിച്ചു കാണും എന്ന് പൊടിയൻ മനസ്സിൽ ഓർത്തു.
"എടീ  വാതിൽ തുറക്കടീ .." പൊടിയൻ വാതിലിൽ മുട്ടിക്കൊണ്ട് വിളിച്ചു. പക്ഷെ മറുപടി ഒന്നും കേള്ക്കുന്നില്ല.
"എടീ എരണം കേട്ടവളേ, വാതിൽ തുറക്ക്.." പൊടിയൻ ഉറഞ്ഞ വാതിലിൽ ചവിട്ടിക്കൊണ്ട് ഉറക്കെ വിളിച്ചു.
പെട്ടെന്ന് സ്കൂളിൽ പഠിക്കുന്ന മകൻ വന്ന് വാതിൽ തുറന്നു.
"അവഴെന്തെടാ" കുഴഞ്ഞ നാക്കൊടു കൂടി പൊടിയൻ ചോദിച്ചു.
"ആരാ"
"നിന്റെ അമ്മ "
"അമ്മ കിടക്കുകയാ"
"അവളോട് എഴുന്നേറ്റ് ചോറ് വിളമ്പിത്തരാൻ പറയെടാ."
"അത്താഴം വിളമ്പി വച്ചിട്ടുണ്ടെ ന്ന് അമ്മ പറഞ്ഞു"
പൊടിയൻ അടുക്കള വാതിൽ തുറന്ന് വഴച്ച്ചുവട്ടിൽ വച്ചിരുന്ന കുടത്തിൽ നിന്ന് വെള്ളം എടുത്ത് കൈയും കാലും കഴുകി. പിന്നെ വേച്ച് വേച്ച് അകത്തേക്ക് കയറി. ഉണ്ണുന്ന സ്ഥലത്ത് ഇരിക്കത്തടുക്കിൽ പൊടിയൻ ഇരുന്നു. പിന്നെ കണ്ണ് ഒന്നുകൂടെ മിഴിച്ച് ആഹാരത്തിലേക്ക്  നോക്കി. ഒരു മദ്യക്കുപ്പിയും ഗ്ലാസ്സും പുട്ടുകലത്തിൽ വെള്ളവും. കുപ്പിയിൽ മദ്യം പകുതിയേ ഉള്ളു.
പൊടിയന് താനിതെവിടെയാണ് ഇരിക്കുന്നത് എന്ന് സംശയം തോന്നി. ഇത് സ്വപ്നമാണോ അതോ യാധാർഥ്യമോ?
തന്നെ പരിഹസിക്കാൻ അവൾ കൊണ്ടു വന്ന് വച്ചതായിരിക്കും. പൊടിയൻ വെള്ളം വച്ചിരുന്ന പുട്ട് കലത്തിൽ ഒരു ചവിട്ട് വച്ച് കൊടുത്തിട്ട് എഴുന്നേറ്റ് ഭാര്യ കിടക്കുന്ന മുറിയിലേക്ക് പാഞ്ഞ് ചെന്നു.
"ഏടീ  നിനക്ക് കിട്ടിയത് പോരല്ലേ?.." പൊടിയൻ ഭാര്യയുടെ മുടിക്കുത്തിൽ പിടിച്ച് എഴുന്നെല്പ്പിച്ചു.
"തൊട്ടു പോകരുതെന്നെ.." അവർ അലറി.
"അത്താഴത്തിന് ബ്രാണ്ടിയാണോ വീട്ടിൽ വിളമ്പുന്നെ..?"പൊടിയൻ കീഴോട്ടു പോകുന്ന തല ഉയർത്തിക്കൊണ്ട് ചോദിച്ചു.
"ഇന്നിവിടെ അരിമേടിക്കാൻ കാശില്ലായിരുന്നു. ആ ദുഃഖം മാറ്റാൻ ഞാൻ മണ്ണ് ചുമക്കാൻ പോയിക്കിട്ടിയ കിട്ടിയ കാശിന് ഒരു കുപ്പി ബ്രാണ്ടി മേടിച്ചു"
"എഴീ അപ്പോൾ പിള്ളേർക്കോ ?"പൊടിയൻ ഉത്തരവാദിത്തമുള്ള പിതാവിനെ പോലെ ചോദിച്ചു.
നിങ്ങളെ പോലെ മനസാക്ഷി ഇല്ലാത്തവളല്ല ഞാൻ പിള്ളേർക്കും കൊടുത്തിട്ടാണ് ഞാൻ കുടിച്ചത്..ബാക്കി നിങ്ങൾക്കും വച്ച്ചിട്ടുണ്ട്. എടുത്ത് കുടിച്ച് നിങ്ങളുടെ ദുഖവും തീർക്ക്" ഭാര്യ ദേഷ്യവും സങ്കടവും മൂലം  അണച്ചു കൊണ്ട് പറഞ്ഞു.
അത് കേട്ട് പോടിയന്റെ കൈകൾ തളർന്നു. കാലുകൾ മരവിച്ചത് പോലെയായി..വാതിൽക്കൽ നിന്നിരുന്ന മകനെ കൈകൊണ്ട് മാറ്റി അയാൾ പുറത്തിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു പോയി.
                ***************************************************************

   (2001 ൽ  'ഒഴുകുന്ന പൂവിതൾ' എന്ന സാഹിത്യ സമാഹാരത്തിൽ പ്രസിദ്ധീകരിച്ച കഥ)

Comments