സംഗീതവും സാങ്കേതികവിദ്യകളും


ശാസ്ത്രീയമായി സംഗീതം ആവിഷ്കരിക്കാനുള്ള 'പേപ്പർ' ആണ് ശ്രുതി. അതിന് ശ്രുതി ബോക്സോ തമ്പുരുവോ വേണം.സംഗീതത്തെ കൂടുതൽ സൂക്ഷ്മമായി ആവിഷ്കരിക്കാൻ ഹർമൊണിയമൊ ഗിറ്റാറോ  പോലെയുള്ള ഉപകരണം സഹായിക്കും. സാഹിത്യമോ ചിത്രകലയോ ഒക്കെ പുസ്തകങ്ങളുടെ സഹായത്തോടെ  കുറെയൊക്കെ സ്വയം പഠിക്കാം . എന്നാൽ ശാസ്ത്രീയ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ തൊട്ട് ഒരു ഗുരുവിന്റെ സഹായം കൂടിയെ കഴിയൂ. ഇന്ന് മിക്ക ഗായകർക്കും സംഗീത സംവിധായകർക്കും  സ്വന്തം റിക്കൊർഡിങ്ങ് സ്റ്റുഡിയോ ഉണ്ട്. അവരുടെ പാട്ടുകൾ സാങ്കേതികമായി കുറ്റമറ്റതും മെച്ചപ്പെട്ടതും ആക്കാൻ സ്വന്തം സ്റ്റുഡിയോ സഹായകമാണ്.  ഇതൊക്കെ കൊണ്ട് സംഗീതം  ഇന്ന് എറ്റവും പണച്ചിലവ് ഏറിയ ഒരു കലയായി മാറിയിരിക്കുന്നു...

                  ഭാരതീയർക്ക് ഇഷ്ടപ്പെട്ട രീതിയിൽ മികച്ച ഒരു പാട്ട് കമ്പോസ് ചെയ്യണമെങ്കിൽ കർണ്ണാടക സംഗീതമോ ഹിന്ദുസ്ഥാനിയോ അറിഞ്ഞിരിക്കണം. പക്ഷെ അതിന്റെ ഓർക്കസ്ട്രേഷനും റിക്കൊർഡിങ്ങും ചെയ്യണമെങ്കിൽ പാശ്ചാത്യ സംഗീതവും അറിഞ്ഞിരിക്കണം. പാശ്ചാത്യ സംഗീതം ആലപിക്കാൻ കൂടുതൽ പേരും ഇവിടെ പഠിക്കാറില്ല. പക്ഷെ ഗിറ്റാർ വയലിൻ തുടങ്ങിയ ഉപകരണങ്ങൾ വായിക്കാനും റിക്കോർഡ് ചെയാനും ഒക്കെയാണ് കൂടുതലായി പാശ്ചാത്യ സംഗീതം ഉപയോഗിക്കുന്നത്. ( പാശ്ചാത്യ സംഗീത രീതിയിൽ ധാരാളം നല്ല പാട്ടുകൾ പണ്ടും ഇപ്പോഴും ഇന്ത്യയിൽ പ്രഗത്ഭ സംഗീതജ്ഞർ ഉണ്ടാക്കുന്നുണ്ട്. )
     സംഗീതം പഠിപ്പിക്കാനും അടുത്ത തലമുറയ്ക്ക് വേണ്ടി സൂക്ഷിക്കാനും പണ്ടുള്ളവർ കണ്ടു പിടിച്ച ഒരു മാർഗ്ഗം കൂടി ആയിരുന്നിരിക്കണം സംഗീതത്തെ സ്വരപ്പെടുത്തി എഴുതി വക്കുക എന്നത്. കീർത്തനങ്ങളുടെ സാഹിത്യത്തിൽ ഉൾപ്പെടുത്തിയ  മുദ്രയിലൂടെ വാഗ്ഗേയകാരനെ  മനസ്സിലാക്കാൻ സാധിക്കുന്നു.  അങ്ങനെ ശിഷ്യരിലൂടെ ആ കീർത്തനങ്ങൾ  വ്യത്യാസം കൂടാതെ തലമുറകളായി പകർന്നു വന്നു.
                             ഏകദേശം  ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ആണ് പൊതു ജനങ്ങൾ കേരളത്തിൽ മലയാളം പാട്ടുകൾ റിക്കോർഡ് ചെയ്തത് കേൾക്കാൻ തുടങ്ങിയത്. അത് വരെ ഒക്കെ തമിഴ് ഹിന്ദി പാട്ടുകൾ ആണ് കേരളത്തിൽ പ്രചാരം നേടി ഇരുന്നത്. അതിനും മുൻപൊക്കെ തത്സമയം പാട്ട് പാടുന്നവരിൽ നിന്ന് കേട്ട് ആസ്വദിക്കുക എന്നതായിരുന്നു ഒരേ ഒരു മാര്ഗ്ഗം.
                          സിനിമാ വ്യവസായത്തിന്റെ വളർച്ചയോടെ ആണ് ലോകമെമ്പാടും നിന്നുള്ള മികച്ച സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ മികച്ച പാട്ടുകൾ ജനങ്ങൾ ആസ്വദിക്കാൻ തുടങ്ങിയത്. അത് പോലെ തന്നെ നാടക ഗാനങ്ങളും റേഡിയോയിലെ ലളിത ഗാനങ്ങളും സംഗീത ആൽബങ്ങളും ജനപ്രിയം ആയി.
                               ആദ്യകാലത്ത് ജനങ്ങൾ മോണോ ആയി റേഡിയോയിലൂടെയോ
മറ്റോ മാത്രം കേട്ട് കൊണ്ടിരുന്നപ്പോൾ സംഗീതോപകരണങ്ങൾക്ക് വലിയ പ്രാധാന്യം ഇല്ലായിരുന്നു. എന്നാൽ സ്റ്റീരിയൊ ടേപ്പ് റിക്കൊർഡറും സിഡി പ്ലയറും ഒക്കെ വന്നപ്പോൾ ഉപകരണ സംഗീതം വരികളെക്കാളും ആലാപനത്തെക്കാളും ശ്രോതാക്കൾ ശ്രദ്ധിക്കാൻ തുടങ്ങി. കാസറ്റ്, സിഡി വിൽപ്പന ലക്ഷങ്ങൾ വിറ്റ്‌ വരവുള്ള വലിയ ഒരു ബിസിനസ് ആയി മാറി. പിന്നീട് ടീവിയും വിഡിയോ പ്ലയറും ഒക്കെ വന്നപ്പോൾ പാട്ട് പോലെയോ അതിലേറെയോ ഗാന ചിത്രീകരണം നന്നാകണം എന്ന അവസ്ഥ വന്നു. 
                                      ഈ കാലഘട്ടത്തിൽ ആണ് കമ്പ്യുട്ടറും എംപി ത്രീ സിഡികളും ആവിർഭവിക്കുന്നത്. അതോടെ സംഗീത വ്യവസായം ഏതാണ്ട് തകര്ന്നു. കാരണം ഏത് പാട്ടും   വിലകൊടുക്കാതെ ലഭിക്കും എന്ന അവസ്ഥ വന്നു. സിനിമാ കാസറ്റുകൾ ഒന്നും തന്നെ വിൽക്കാൻ പറ്റാത്ത അവസ്ഥ ആയി. 
                           കംപ്യുട്ടർ ജനകീയമായതോടെ ഒരു കമ്പ്യുട്ടറും ഒരു കീ ബോർഡും ചില സോഫ്റ്റ്‌ വെയറുകളും ഉണ്ടെങ്കിൽ ഏത് കുടുസ്സു മുറിയും റിക്കോർഡിംഗ് തീയേറ്റർ ആക്കി മാറ്റാം എന്നായി.  മുന്പ് സിനിമാ തീയേറ്ററിന്റെ വലിപ്പം ഉണ്ടായിരുന്ന റിക്കോർഡിംഗ് സ്റ്റുഡിയോയിൽ നൂറു കണക്കിന് സംഗീതജ്ഞൻ മാർ ചേർന്ന് ഒരുക്കിയ പാട്ടുകൾ ഒരു കൊച്ചു മുറിയിൽ ഒന്നോ രണ്ടോ പേര് ചേർന്ന് ഉണ്ടാക്കാം എന്ന അവസ്ഥ വന്നു.
                          എന്നാൽ ഇന്ന് കമ്പ്യുട്ടറിൽ നിന്ന് മോബൈലേക്ക് റിക്കോർഡിംഗ് സ്റ്റുഡിയോകൾ മാറിക്കൊണ്ടിരിക്കുന്നു. ഒരു സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ ഏത് ഉപകരണവും വായിച്ച് മൾട്ടി ട്രാക്കിൽ റിക്കോർഡ് ചെയ്യാൻ സൗജന്യമായി ആപ്പ് സ്റ്റോറിൽ നിന്ന് ലഭിക്കുന്ന ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പോലും സാധിക്കും. പക്ഷെ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന കൃത്രിമ സംഗീതത്തിന് കേരളത്തിലെ ജീവിതമോ സംസ്കാരമോആയി വലിയ ബന്ധം കാണില്ല എന്നത് തന്നെയാണ് പ്രധാന പോരായ്മ.

                                   എങ്കിലും സംഗീതവും സംഗീത സംവിധാനവും പഠിക്കുന്നവർക്ക് വളരെ പ്രയോജനം ചെയ്യുന്ന ചില ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ കണ്ടത് ഒന്ന് പരിചയപ്പെടുത്തുന്നു. (ഇവയുടെ പ്രവർത്തനത്തെ പറ്റി ഒരു ഉറപ്പും തരാൻ ഞാൻ ആളല്ല. )



തമ്പുര ഡ്രോയിഡ്  (TANPURA DROID)
ഇഷ്ടപ്പെട്ട ശ്രുതി മൊബൈലിൽ പ്ലേ ചെയ്ത് സംഗീതം പ്രാക്ടീസ് ചെയ്യാൻ സഹായകമാണ് ഈ ആപ്ലിക്കേഷൻ. 

പിയാനോ പ്ലസ്‌  ( Piano +)
മൊബൈലിൽ പിയാനോ വായിക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷൻ. പ്രശസ്ത  ഗാനങ്ങൾ  ഡൌൺ ലോഡ് ചെയ്ത്  വായിക്കാൻ പഠിക്കാം.

ദ ടുണെർ ലൈറ്റ് (  DaTuner Lite )
ഗിറ്റാർ ടൂൺ ചെയ്യാൻ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷൻ. കേൾക്കുന്ന സ്വരം ഏതെന്ന് ഇത് കാണിച്ച് തരും.

സിങ്ങ് ഷാർപ്പ്  ( Sing Sharp )
ശ്രുതി ശുദ്ധമായി പാടി ശീലിക്കാൻ സഹായിക്കുന്ന ഒരു നല്ല ആപ്ലിക്കേഷൻ. റിക്കോർഡിംഗ് സ്റ്റുഡിയോയിൽ പാടാൻ ആഗ്രഹിക്കുന്നവർ ഇതിൽ പരിശീലിക്കുന്നത് നല്ലതായിരിക്കും എന്ന് കരുതുന്നു.

   ഈ വിഷയത്തെ പറ്റി നന്നായി അറിയുന്നവർ അഭിപ്രായം കമന്റ് ആയി എഴുതിയാൽ വളരെ സഹായകം ആയിരിക്കും. 


Comments