ഓ.എൻ.വി കവിതകളുടെ ഒരു വരിയെങ്കിലും അറിയാത്ത മലയാളികൾ ഇല്ല, ഇനി ഉണ്ടാകുകയും ഇല്ല. അത്രയേറെ നമ്മുടെ കാവ്യ, ഗാന ശാഖകളെ പരിപോഷിപ്പിച്ച മഹാകവിയും ഗുരുനാഥനും ആയിരുന്നല്ലോ അദ്ദേഹം. തുളസികതിരിന്റെ ശുദ്ധത പുലർത്തിയതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മലയാളത്തിന്റെ ഭാഗ്യമായ അദേഹത്തിന് കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ ഞാനൊക്കെ കവിത എന്നത് അദ്ധ്യാപകരുടെ അടി പേടിച്ച് കാണാതെ പഠിക്കുന്ന വിഷമമേറിയ ഒന്നായിട്ടാണ് കണക്കാക്കിയിരുന്നത്. കോളേജിൽ ചെന്നപ്പോൾ ആണ് കവിതയുടെ മനോഹാരിത അറിയാൻ തുടങ്ങിയത് അന്നൊക്കെ സർവ്വശ്രീ വയലാർ രാമവർമ്മ ഒഎൻവി കുറുപ്പ്, കുരീപ്പുഴ ശ്രീകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട് കടമ്മനിട്ട തുടങ്ങിയ ജനകീയ കവികളുടെ കവിതകൾ ചൊല്ലിക്കൊണ്ടു നടക്കുന്നത് കോളേജ് വിദ്യാർഥികളുടെ അഭിമാനം ആയിരുന്നു.
എന്തുകൊണ്ടാണ് ആ കവിതകൾ ജനപ്രിയം ആയത്? ഒന്നാമത് അത് സമകാലിക ജീവിതത്തെ സ്പർശിക്കുന്നത് ആയിരുന്നു. ഏതൊരു കലാ സൃഷ്ടിയിലും ആത്മാംശം കാണുമ്പോഴാണല്ലോ അതിനെ നമ്മൾ ഹൃദയത്തിലേറ്റുന്നത്.
സ്കൂളുകളിൽ കുട്ടികളെ കൂടുതലും പഠിപ്പിക്കുന്നത് കഠിനമായ ക്ലാസ്സിക് കവിതകളുടെ ഭാഗങ്ങൾ ആണ്. അതും യാതൊരു ഈണമോ താളമോ ആസ്വാദ്യതയോ ഇല്ലാതെ ആയിരുന്നു കവിത പഠിപ്പിച്ചിരുന്നത്. ഇങ്ങനെ പഠിപ്പിക്കുമ്പോൾ കവിതയെ ശത്രു ആയി കാണാൻ ആണ് കൊച്ചു കുട്ടികൾക്ക് തോന്നുക.
സ്കൂളുകളിൽ കുട്ടികൾക്ക് അവർക്കിഷ്ടമാകുന്ന ലളിതമായ കവിതകൾ ഈണവും താളവും ചേർത്ത് അധ്യാപകർ തന്നെ ആസ്വദിച്ച് പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് കവിതാ രചനാ വാസന ഉണ്ടാകും. (കൂടുതൽ ഗഹനമായ കവിതകൾ മുതിർന്ന കുട്ടികളെ പഠിപ്പിക്കട്ടെ.) അങ്ങനെ നല്ല ഭാഷാ സ്നേഹികളെയും, കവികളേയും ഇനിയുള്ള തലമുറയ്ക്കും ലഭിക്കട്ടെ.
മലയാള കവിതയുടെയും സംസ്കാരത്തിന്റെയും മഹാഗുരുവിന് ഒരിക്കൽ കൂടി പ്രണാമം അർപ്പിക്കുന്നു

Comments