![]() |
| Charcoal drawing on paper by Harisankar Kalavoor |
മനുഷ്യാവകാശ പ്രവര്ത്തകനായ അഡ്വ. മാത്യു ജോസഫ് വിജേഷിന്റെ കേസ് സ്വയം ഏറ്റെടുത്തിട്ട് ദിവസങ്ങളേ ആയുള്ളൂ. ജയിലഴികൾക്ക് പിന്നിൽ പകച്ച കണ്ണുകളുമായി ജീവിതത്തെ തുറിച്ച് നോക്കി നില്ക്കുന്ന ആ മെലിഞ്ഞ് ഇരുനിറമുള്ള ചെറുപ്പക്കാരനെ കണ്ടപ്പോൾ അവനുമായി ഒരു ആത്മബന്ധം അഡ്വ. മാത്യു ജോസഫിന് തോന്നി. എത്രയും വേഗം അവനെ അവിടെ നിന്ന് രക്ഷിക്കണം എന്ന് അദ്ദേഹം തീരുമാനിച്ചു.
വാസ്തവത്തിൽ ഒരു തെറ്റും ചെയ്യാത്ത ഒരു പാവപ്പെട്ട ചെറുപ്പക്കാരനായിരുന്നു വിജേഷ്. വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെയാണ് അവൻ വളർന്നു വന്നത്.
ചെറുപ്പത്തിൽ തന്നെ അഛൻ ഉപേക്ഷിച്ചു പോയി. പിന്നാലെ കാൻസർ രോഗി ആയിരുന്ന അമ്മയും മരിച്ചു. പിന്നെ അമ്മുമ്മയാണ് അവനെ വളർത്തിയത്.
പാടത്ത് പണിയ്ക്ക് പോയും കുട്ടയും വട്ടിയും ഒക്കെ നെയ്തും ഒക്കെ കിട്ടുന്ന തുക കൊണ്ടാണ് അവനെ ഐ ടി ഐ വരെ പഠിപ്പിച്ചത്. ആ കോഴ്സ് പാസ്സായി ഒരു ചെറിയ കമ്പനിയിൽ ജോലി ചെയ്ത് ഒന്ന് രണ്ടു വർഷം കഴിഞ്ഞപ്പോൾ അവന് വിദേശത്ത് ജോലി ചെയ്യാൻ ഒരു അവസരം കിട്ടി. ഉള്ളതെല്ലാം വിറ്റ് പെറുക്കി ചെറിയ വീടും പറമ്പും പണയം വച്ചും ആണ് വിസയ്ക്കും മറ്റും ഉള്ള പണം അടച്ചത്.
വിദേശത്തേക്ക് പോകുന്നതിന്റെ തലേ ദിവസം അമ്മുമ്മയുടെ മടിയിൽ തലവച്ച് അവൻ കിടന്നു. അമ്മുമ്മ അവന്റെ മുടിയിൽ തലോടി. അവൻ ആ കൈകൾ എടുത്ത് നോക്കി. ഒരായുസ്സ് മുഴുവൻ ചേറിലും പറമ്പിലും ഒക്കെ പണിയെടുത്ത് ആ കറുത്ത കരങ്ങൾ തഴമ്പ് വന്ന് പരുക്കനായി ഇരിക്കുന്നു. അത് തനിക്ക് വേണ്ടി ആയിരുന്നല്ലോ എന്നോർത്ത് അവന്റെ കണ്ണുകൾ നിറഞ്ഞു. ഇനി ഒരിക്കലും അമ്മുമ്മയ്ക്ക് ഒരു ജോലിയും ചെയ്യേണ്ടി വരില്ല എന്ന് അവൻ വാക്ക് കൊടുത്തു. അമ്മുമ്മ അത് കേട്ട് അഭിമാനത്തോടെ പുഞ്ചിരിച്ചു.
അപ്പോഴാണ് വാതിലിൽ ആരോ ശക്തിയായി കൊട്ടുന്നത് കേട്ടത്. ദ്രവിച്ച കതക് പൊളിഞ്ഞു പോകും എന്ന് തോന്നിയ അവൻ ഓടിച്ചെന്ന് വാതിൽ തുറന്നു. പുറത്ത് ഒരു സംഘം പോലീസു കാരെ കണ്ട് അവൻ ഞെട്ടി. "എന്താണ് സാറേ കാര്യം?" അവൻ തിരക്കി.
"അടുത്ത വീട്ടിലെ കുമാരനെ ആരോ വെട്ടി കൊലപ്പെടുത്തിയത് അറിഞ്ഞില്ലേ? ഞങ്ങൾക്ക് എല്ലാവരെയും സംശയം ഉണ്ട്. നീ പോലീസ് സ്റ്റേഷൻ വരെ ഒന്ന് വരണം."
"അയ്യോ പൊന്ന് സാറന്മാരെ എന്റെ കുഞ്ഞ് ഇന്ന് വീട്ടിൽ നിന്ന് പുറത്ത് പോയിട്ടില്ല. നാളെ ഗൾഫിൽ പോകാൻ എല്ലാം ഒരുക്കുന്ന തിരക്കിലായിരുന്നു ഞാനും കുഞ്ഞും. അവനെ കൊണ്ട് പോകല്ലേ പൊന്ന് സാറന്മാരേ .." അമ്മുമ്മ കരഞ്ഞ് കൊണ്ട് പറഞ്ഞു.
"ഏതായാലും സ്റ്റേഷനിൽ കൊണ്ടു ചെന്ന് ഒന്ന് ഒപ്പിടീച്ചിട്ട് ഇന്ന് തന്നെ വിട്ടേക്കാം.." എന്ന് പറഞ്ഞ് വിജേഷിനെ ജീപ്പിൽ കയറ്റി കൊണ്ടു പോയി.
അവർ പറഞ്ഞത് പോലെ അന്ന് തന്നെ വിജേഷിനെ വിട്ടില്ല. അവന്റെ പേരിലും കൊലക്കുറ്റം ചാർജ്ജ് ചെയ്യപ്പെട്ടു. വക്കീലിനെയോ ജാമ്യക്കാരെയോ കെട്ടിവെക്കാനുള്ള പണമോ ഒന്നും സംഘടിപ്പിക്കാൻ ആവാതെ അമ്മുമ്മ നിസ്സഹായയായി. അങ്ങനെ ഒരു കുറ്റവും ചെയ്യാതെ ജയിലഴികൾക്ക് പിന്നിലായി.
ജയിലിനെ പറ്റിയും കോടതിയെ പറ്റിയും നിയമ വ്യവസ്ഥയെ പറ്റിയും അവൻ കുറേഛെ മനസിലാക്കി വന്നു.
കോടതിയിൽ കയറിയപ്പോൾ ജഡ്ജിയുടെ പുറകിൽ ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്ന ഗാന്ധിജിയുടെ ഫോട്ടോ കണ്ടപ്പോൾ അൽപ്പം ആശ്വാസം തോന്നി. ഗാന്ധിജി കോടതിയിൽ പലവട്ടം പ്രതിക്കൂട്ടിൽ നില്ക്കുകയും ശിക്ഷ ഏറ്റു വാങ്ങി ജയിലിൽ കിടക്കുകയും ചെയ്ത ആളായിരുന്നല്ലോ.. നിയമത്തിന്റെ മുന്നിൽ അന്ന് കുറ്റം എന്ന് വിധിച്ച പ്രവർത്തി ആണല്ലോ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്നത്... കുറ്റം ഒന്നും ചെയ്യാത്ത പാവങ്ങളെ അനന്തമായി ജയിലിൽ ആക്കാനാണോ ആ സ്വാതന്ത്ര്യം ഇന്ന് ഉപയൊഗിക്കപ്പെടുന്നത്? അല്ലെങ്കിൽ സാധാരണ സർക്കാർ ഓഫീസുകൾ പോലെ കോടതികൾക്ക് പതിനൊന്ന് മണിക്ക് പകരം ഒൻപത് മണിക്കോ പത്ത് മണിക്കോ പ്രവർത്തനം തുടങ്ങിയാൽ എന്താ? സ്വാതന്ത്ര്യം ലഭിക്കും മുന്പ് വിദേശ ജഡ്ജിമാർക്ക് അവരുടെ രാജ്യത്തേക്ക് പോകാൻ വേണ്ടി തുടങ്ങിയവേനല്ക്കാല കോടതി അവധി ഇന്നും തുടരുന്നത് എന്തിന് ? കറുപ്പ് കോട്ടിന് പകരം നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച വസ്ത്രങ്ങൾ വക്കീലന്മാർക്കും ജഡ്ജിയ്കും നൽകിയാൽ വേനൽക്കാലത്തും അവർക്ക് സുഖമായി അവരുടെ കർമ്മം ചെയ്യാൻ പറ്റില്ലേ ? ഒന്നിനും അവന് ഉത്തരം ലഭിച്ചില്ല.
നിരപരാധികളായ പാവങ്ങൾ വിചാരണ കാത്ത് മാസങ്ങളോ വർഷങ്ങളോ ആയി ജയിലിൽ കിടക്കുന്ന കാലത്തോളം ഒരു ജനാധി പാത്യ രാഷ്ട്രത്തിലെ കോടതികൾ ഒരിക്കലും ഉറങ്ങരുത് എന്ന് അവൻ രോഷത്തോടെ ചിന്തിച്ചു. നിയമ വിചാരണയുടെ പിഴവ് മൂലം നിരപരാധികൾക്ക് നഷ്ടപ്പെടുന്ന ജീവിതത്തിന് തക്കതായ നഷ്ടപരിഹാരം നൽകാൻ നമ്മുടെ സമൂഹം ബാദ്ധ്യസ്ഥരാകണം.
ഓരോ തവണ കേസ് അവധിയ്ക്ക് വക്കുമ്പോഴും അവൻ കരുതും ഈ തവണ വിചാരണ പൂർത്തിയായി താൻ നിരപരാധി ആണെന്ന് കണ്ട് വെറുതെ വിടും എന്ന്. പക്ഷെ കേസ് വിചാരണ പൂർത്തിയാകാതെ വർഷങ്ങൾ കടന്ന് പോയി.
എന്നെങ്കിലും പുറത്ത് കടക്കാം എന്ന പ്രതീക്ഷ പോലും വിജേഷിന് ക്രമേണ നഷ്ടപ്പെട്ടു. എട്ടും പത്തും വർഷം കഴിഞ്ഞിട്ടും വിചാരണ പൂർത്തിയാകാത്തവർ പോലും ജയിലിൽ കൂടെ ഉണ്ടായിരുന്നു.
ഈ സമയത്താണ് പട്ടിണി കിടന്ന് ജീവശ്ചവം പോലെ ഉരുമ്പരിച്ച് കുടിലിൽ കിടന്നിരുന്ന ഒരു വൃദ്ധയെ പറ്റി പത്രത്തിൽ വാർത്ത വന്നത്. അത് വിജേഷിന്റെ അമ്മുമ്മ ആയിരുന്നു. അത് കണ്ടിട്ടാണ് അഡ്വ. മാത്യു ജോസഫ് ഇവരെ പറ്റി അറിഞ്ഞതും ഈ കേസ് ഏറ്റെടുത്തതും. വിജെഷിനെയും അമ്മുമ്മയേയും രക്ഷിക്കാൻ ഒരു ആക്ഷൻ കൌൺസിൽ രൂപം കൊണ്ടു. ലോകമെമ്പാടും നിന്ന് സഹായങ്ങൾ ഒഴുകി എത്തി.
അഡ്വ. മാത്യു ജാമ്യക്കാരെയും കെട്ടിവെക്കാനുള്ള തുകയും ഒക്കെ കൊടുത്ത് വിജേഷിനെ പുറത്തിറക്കി. ഹൈക്കോടതിയിൽ അവന്റെ പേരിലുള്ള അന്യായമായ ചാർജുകൾ നീക്കി തരാനുള്ള ഹർജിയും നല്കി.
വിജേഷ് ജയിലിൽ നിന്ന് പുറത്ത് വന്നപ്പോൾ അഡ്വ. മാത്യു ജോസഫ് കാറുമായി പുറത്ത് നിൽപ്പുണ്ടായിരുന്നു.
"ഇനി നീ ഒന്നു കൊണ്ടും പേടിക്കേണ്ട. നിന്റെ കേസ് ഹൈക്കോടതിയിൽ എറ്റവും നല്ല വക്കീലാണ് ഏറ്റെടുത്തിരിക്കുന്നത് . ഒരു മാസത്തിനുള്ളിൽ നിന്റെ പേരിലുള്ള കേസ് ഇല്ലാതെ ആകും. കൂടാതെ നിന്റെയും അമ്മുമ്മയുടെയും തുടർന്നുള്ള ജീവിതത്തിന് നല്ലൊരു തുകയും ബാങ്കിൽ ഇട്ടിട്ടുണ്ട്." അഡ്വ. മാത്യു ജോസഫ് അതിന്റെ രേഖകൾ നല്കി ക്കൊണ്ട് പറഞ്ഞു.
നിറകണ്ണു കളോടെ അത് വാങ്ങിച്ചു കൊണ്ട് വിജേഷ് പറഞ്ഞു,
"സാർ, ഇത് വരെ ഈ ലോകം ഞങ്ങളുടെ ഒന്നും അല്ല എന്നാണ് കരുതിയിരുന്നത്. ഞങ്ങളെ ഒക്കെ മനുഷ്യരായി പരിഗണിക്കുന്നവർ പുറത്ത് ഉണ്ടെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ദൈവത്തിലും മനുഷ്യരിലും നിയമത്തിലും എല്ലാം വിശ്വാസം നഷ്ടപ്പെട്ട ജീവശ്ചവം ആയി ആണ് ജയിലിൽ കഴിഞ്ഞത്..ആ എനിക്ക് ഇങ്ങനെ ഒരു ജീവിതം തന്ന അങ്ങ് ആണ് എനിക്ക് കൺകണ്ട ദൈവം..."
അഡ്വ. മാത്യു അവനെ ചേർത്ത് പിടിച്ച് ആശ്വസി പ്പിച്ച് കൊണ്ട് പറഞ്ഞു.."വരൂ നിന്റെ അമ്മുമ്മ ആശു പത്രിയിൽ ഉണ്ട്..നമുക്ക് അവരെ പോയി കാണാം.."
"അമ്മുമ്മയ്ക്ക് എന്ത് പറ്റി സാർ.." അവൻ വേദനയോടെ ചോദിച്ചു..
![]() |
| Charcoal drawing on paper by Harisankar Kalavoor |
"എങ്കിൽ നമുക്ക് വേഗം അങ്ങൊട്ട് പോകാം.. എത്ര നാളായി എന്റെ പൊന്നമ്മുമ്മയെ കണ്ടിട്ട് " വിജേഷ് പറഞ്ഞു.
"ശരി " എന്ന് പറഞ്ഞ് അഡ്വ. ജോസഫ് കാറിൽ വിജെഷിനെയും കയറ്റി ഹൊസ്പിറ്റ ലിലേക്ക് പുറപ്പെട്ടു.
ആശുപത്രി യിൽ ചെന്ന് അമ്മുമ്മയെ കണ്ടപ്പോൾ അവന് ആദ്യം തിരിച്ചറിയാൻ പറ്റിയില്ല. അവന്റെ അമ്മുമ്മ അൽപ്പം തടിച്ച് നല്ല ആരോഗ്യം ഉള്ള സ്ത്രീ ആയിരുന്നു. അവിടെ ആ കട്ടിലിൽ കിടന്നിരുന്നത് ഇരുണ്ട ഒരു അസ്ഥികൂടം പോലത്തെ മനുഷ്യ രൂപം ആയിരുന്നു. പക്ഷെ ആ കുഴിഞ്ഞ കണ്ണുകളിലെ സ്നേഹം കണ്ടപ്പോൾ അവൻ അമ്മുമ്മയെ തിരിച്ചറിഞ്ഞു. അവൻ അമ്മുമ്മയുടെ കട്ടിലിനരികിൽ ഇരുന്നു. അമ്മുമ്മയുടെ കൈകൾ
അവൻ എടുത്ത് നോക്കി അത് മെലിഞ്ഞ് ഉണങ്ങി ചുള്ളിക്കമ്പ് പോലെ ആയിരിക്കുന്നു. അവൻ ആ വിരലുകളിൽ തെരുതെരെ ചുംബിച്ചു. "എന്റെ പൊന്നമ്മുമ്മേ എന്നോട് ക്ഷമിക്കൂ.." അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു..
അവൻ എടുത്ത് നോക്കി അത് മെലിഞ്ഞ് ഉണങ്ങി ചുള്ളിക്കമ്പ് പോലെ ആയിരിക്കുന്നു. അവൻ ആ വിരലുകളിൽ തെരുതെരെ ചുംബിച്ചു. "എന്റെ പൊന്നമ്മുമ്മേ എന്നോട് ക്ഷമിക്കൂ.." അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു..
"മോനെ നിന്നെ കാണാൻ പറ്റിയല്ലോ... എന്റെ ദൈവമേ നന്ദി..." അമ്മുമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി..
ആ പുനസമാഗമം കണ്ട് അവിടെ കൂടി നിന്നവരുടെ കണ്ണിലും അശ്രുകണങ്ങൾ പൊടിഞ്ഞു.
അവരുടെ പുതിയ ജീവിതത്തിന് കരുത്ത് പകരാൻ ലോകം പുതുവസന്തം അണിഞ്ഞു.


Comments