ചേർത്തലയുടെ സംഗീതപെരുമയും പുത്തനമ്പലത്തിന്റെ സംഭാവനയും

കേരളത്തിലെ കർണ്ണാടക സംഗീതത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന നാടാണ് ചേർത്തല.  ഒട്ടേറെ  മഹാന്മാരായ കർണ്ണാടക സംഗീതജ്ഞർ ചേർത്തലയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഉയർന്ന് വന്നിട്ടുണ്ട്. ഇവിടുള്ള പല ക്ഷേത്രങ്ങളും സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രശസ്തമാണ്. 
                                അത്തരത്തിൽ വളരെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് തിരുവിഴയ്ക്ക് സമീപം ഉള്ള ചെരുവാരണം പുത്തനമ്പലം.   കർണ്ണാടക സംഗീതജ്ഞൻമാരായ ആലപ്പുഴയിലെ ഗുരുക്കൻമാരോടും സുഹൃത്തുക്കളോടും ഒക്കെ സംസാരിക്കുമ്പോൾ അവർക്ക് ഈ അമ്പലത്തിലെ ഉത്സവത്തിന് കേട്ട ഒരു കച്ചേരിയെ പറ്റി പറയാനുണ്ടാവും. അങ്ങനെ കേട്ട് കേട്ട് ഈ ഉത്സവത്തിന് പുത്തനമ്പലത്തിൽ ഈ ശനി ആഴ്ച പോകാൻ സാധിച്ചു. അന്ന് ശ്രീ ഓ. എസ്. ത്യാഗരാജന്റെ  കച്ചേരി ആണ് ഉണ്ടായിരുന്നത്.
        അക്കൂട്ടത്തിൽ ഒരു കാര്യം കൂടെ പറയണം. ശ്രീ ഒ എസ് ത്യാഗരാജൻ അന്ന് കാലത്ത് വന്ന് വിശ്രമിച്ചത് മുഹമ്മയ്ക്കടുത്ത് ആര്യക്കര ഉള്ള പ്രമുഖ വ്യവസായിയും വയലിനിസ്റ്റും കർണ്ണാടക സംഗീതത്തെ ഏറ്റവും അധികം സ്നേഹിക്കുന്ന വ്യക്തിയും അയ ശ്രീ ജോൺ സാറിന്റെ വീട്ടിൽ ആണ്. എന്നെ സംഗീതം  പഠിപ്പിച്ച ശ്രീ ധനപാലൻ സാറിനോട് സംസാരിക്കാൻ തുടങ്ങിയാൽ ജോൺ സാറിനെ പറ്റി പറയാതെ സംസാരം തീരില്ല. 
                        തമിഴ് നാട്ടിൽ ഒരു പത്ത് ദിവസം നീണ്ടു നില്ക്കുന്ന പ്രമുഖ സംഗീതോത്സവം ഉള്ളപ്പോൾ ഇവിടുന്ന് അത് കേൾക്കാൻ ഭാര്യയുമായി അവിടെ പോയി താമസിച്ച് സംഗീതോത്സവം മുഴുവൻ ആസ്വദിച്ചിട്ട് വരുന്ന ഒരു കൃസ്തുമത വിശ്വാസിയാണ് അദ്ദേഹം. 
                അദ്ദേഹത്തിന്റെ അനുജൻ ശ്രീ മാത്യു പോൾ പ്രമുഖ സിനിമാ, പരസ്യചിത്ര സംവിധായകനും കലാമണ്ഡലത്തിൽ നിന്ന്  ആദ്യമായി ചെണ്ട പഠിച്ച കൃസ്ത്യൻ മതവിഭാഗത്തിൽ നിന്നും ഉള്ള ആളുമാണ്.  
                         ധനപാലൻസാർ പറഞ്ഞിട്ടുണ്ട് ഒരിക്കൽ ജോൺസാറിന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ ശ്രീ ദക്ഷിണാമൂർത്തിസ്വാമി ഉണ്ടായിരുന്ന വിവരവും അദ്ദേഹത്തെ പരിചയപ്പെടാൻ പറ്റിയ ഭാഗ്യത്തെ പറ്റിയും. 
                     പറഞ്ഞു വന്നത് പുത്തനമ്പലത്തെ പറ്റിയാണ്. പണ്ടു കാലം മുതൽ സംഗീത കച്ചേരിക്ക് പ്രാമുഖ്യം കൊടുക്കുന്ന പുത്തനമ്പലം പോലെയുള്ള ക്ഷേത്രങ്ങൾ ആ പ്രദേശത്തെ മുഴുവൻ എത്രയേറെ സംഗീതജ്ഞന്മാരെ കൊണ്ടു നിറച്ചു എന്ന് ഗവേഷണം ചെയ്യേണ്ടതാണ്. അവിടെ വന്നു പാടിയ പ്രമുഖ സംഗീതജ്ഞർ നിരവധി ആണ്. സർവ്വശ്രീ ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എം. ബാലമുരളികൃഷ്ണ, മധുരൈ സോമസുന്ദരം, മധുരൈ സ്വമിനാഥ്, മഹാരാജപുരം സന്താനം, ശീർക്കാഴി ഗോവിന്ദരാജൻ, മധുരൈ മണി അയ്യർ , ബോംബെ സിസ്റ്റേഴ്സ്, ശരത് സാർ, തൃക്കൊടിത്താനം സച്ചിതാനന്ദൻ തുടങ്ങിയ അനേകം പ്രമുഖ സംഗീതജ്ഞരാണ് അവിടെ വന്നു കച്ചേരി അവതരിപ്പിച്ചതായി കേട്ടിട്ടുള്ളത്. ഇവരുടെ ഒക്കെ കച്ചേരി കേട്ട് വളരുന്ന ഒരു തലമുറയെ പറ്റി ചിന്തിച്ചു നോക്കൂ. അതും ശരിക്കും ഒരു ഉൾനാടൻ കൊച്ചു ഗ്രാമത്തിലെ !  
                          കച്ചേരി കഴിഞ്ഞാൽ നാടകം പോലെയുള്ള സാധാരണ ജനങ്ങൾക്ക് ഇഷ്ടമുള്ള പരിപാടികൾ കാണും. അത് കൊണ്ട് സാധാരണക്കാർ പോലും കച്ചേരി മുഴുവൻ കേൾക്കുകയും ക്രമേണ അവർ ശാസ്ത്രീയ സംഗീതം ആസ്വദിക്കാൻ എങ്കിലും അറിവുള്ളവരായി തീരുകയും ചെയ്യും. 
                         ചേർത്തല താലൂക്ക് തന്നെ കർണ്ണാടക സംഗീതജ്ഞൻമാരെ കൊണ്ടു പണ്ടു തൊട്ടേ നിറഞ്ഞിരുന്നെങ്കിലും പുത്തനമ്പലം ഭാഗത്തും പരിസരത്തും ആയി ധാരാളം സുപ്രസിദ്ധ സംഗീതജ്ഞൻമാരെ പ്രത്യേകിച്ചും കാണാം. 
                  മിക്ക ഇടത്തും ഇക്കാലത്ത്  അമ്പലത്തിൽ പരിപാടികൾ നിശ്ചയിക്കുന്നവർ യാതൊരു വിധദീർഘ വീക്ഷണവും ഇല്ലാതെ ആണ് അത് ചെയ്യുന്നത്. പണ്ടു നാടകം തുടങ്ങുന്നതിന് മുൻപ് ഉണ്ടായിരുന്ന കച്ചേരികളും ശ്രീ സാംബശിവന്റെയും മറ്റും കഥാപ്രസംഗവും മറ്റും കലയെയും സാഹിത്യത്തെയും സംഗീതത്തെയും സംസ്കാരത്തെയും ഒക്കെ എത്ര പരിപോഷിപ്പിക്കുന്നവയായിരുന്നു. അത് പോലെ എത്ര നല്ല നാടകങ്ങൾ ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. കേരളത്തിൽ സാംസ്കാരിക നവോദ്ധാനം ഉണ്ടാക്കാൻ അവ എത്രയോ സഹായിച്ചു. 
                    ഉത്സവ പരിപാടികൾ വെറും വിനോദം മാത്രമല്ല ലക്‌ഷ്യം വയ്‌ക്കേണ്ടതെന്നും  അതിന് അതിലും വലിയ ലക്ഷ്യങ്ങൾ പണ്ടുള്ളവർ കണ്ടിരുന്നു എന്നും നാം മനസ്സിലാക്കേണ്ടി ഇരിക്കുന്നു. 

              

Comments