![]() |
| മഹാന്മാരായ സംഗീതജ്ഞൻ മാരുടെയും കലാകാരന്മാരുടെയും കേന്ദ്രമായിരുന്ന മുഹമ്മയിലെ YCAC ക്ലബ്. |
എങ്ങിനെ ആണ് സിൽസില പാട്ട് കമ്പോസ് ചെയ്തത് എന്ന് മാധ്യമങ്ങളിൽ പലരും ചോദിച്ചപ്പോഴൊക്കെ പത്ത്പതിമൂന്ന് വർഷങ്ങൾക്ക് മുന്പ് ആദ്യമായി ഒരു കീ ബോർഡ് മേടിച്ചപ്പോൾ വെറുതെ വരികൾ എഴുതി കമ്പോസ് ചെയ്തതാണ് ഈ പാട്ട് എന്നായിരുന്നു ചുരുക്കി പറഞ്ഞിരുന്നത്. ഒരു കീ ബോർഡ് മേടിച്ച ഉടൻ ഉണ്ടായി വന്നതല്ല എന്റെ സംഗീതം. അതിന് മുൻപ് അതിന് ഉറവകൾ ഉണ്ട്. അത് ഈ ബ്ലോഗ് പോസ്ടിലൂടെ ആദ്യമായി എഴുതുകയാണ്.
ചെറുപ്പത്തിൽ കൂട്ടുകുടുംബത്തിൽ ആണ് ഞങ്ങൾ ജീവിച്ചിരുന്നത്. എന്റെ അച്ഛനും അമ്മയും അപ്പുപ്പനും ചിറ്റപ്പൻ മാരും അപ്പച്ചിമാരും എല്ലാം സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നു (ഭൂരി ഭാഗവും അധ്യാപകർ). എന്റെ അച്ചൻ ഹിന്ദി പാട്ടുകൾ റേഡിയോയിൽ കേൾക്കുകയും പാടിക്കൊണ്ട് നടക്കുകയും ചെയ്തിരുന്നു. അച്ഛനിൽ നിന്നാണ് എന്റെ സംഗീത വാസന ഉണ്ടായി വന്നത്. അച്ഛൻ ഒത്തിരി തമാശകൾ സൌഹൃദ സദസ്സിൽ പറയുകയും യൗവ്വനാരംഭ കാലത്ത് അമേച്വർ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് അദ്ദേഹം കെ എസ് ആർ ടിസി യിൽ കണ്ടക്ടർ ആയി.
![]() |
| ശ്രീ കലവൂർ ബാലൻ സാർ നമ്മുടെ കാസറ്റ് കട ഉദ്ഘാടനം ചെയ്തപ്പോൾ.. |
ഞങ്ങളുടെ വീട്ടിലും അന്ന് സംഗീത ത്തിന്റെ ഒരു അന്തരീക്ഷം ഉണ്ടായിരുന്നു. പള്ളുരുത്തിയിൽ ഉള്ള ഏണെസ്റ്റ് എന്ന പ്രശസ്ത വയലിനിസ്റ്റ് കോളേജ് പ്രൊഫസർ ആയിരുന്ന രാജപ്പൻ ചിറ്റപ്പനെ വയലിൻ പഠിപ്പിക്കാൻ വീട്ടിൽ വരുമായിരുന്നു.
എന്റെ ഒരു അപ്പച്ച്ചി മുഹമ്മയിൽ ആണ് താമസിച്ച്ചിരുന്നത്. പഞ്ചായത്ത് ഓഫിസർ ആയിരുന്ന അപ്പച്ചി അപ്പൻ ടി എൻ ശിവാനന്ദൻ മുഹമ്മയിലെ വൈ സി എ സി ക്ലബ്ബിന്റെ ഒരു സജീവ പ്രവര്ത്തകനും കവിയും ഗാനരചയിതാവും ആയിരുന്നു. ആ ക്ലബ്ബിൽ അക്കാലത്ത് ശ്രീ എം കെ അർജുനൻ മാസ്റ്റർ, ശ്രീ കുമരകം രാജപ്പൻ, ശ്രീ ആലപ്പി ഋഷികേശ്, കീ ബോർഡിസ്റ്റ് ശ്രീ. മുരളി തുടങ്ങിയ അനേകം സംഗീതജ്ഞൻ മാരുടെ സജീവസാന്നിധ്യം കൊണ്ട് സമ്പന്നംമായിരുന്നു. അവരുടെ ഒക്കെ സമ്പർക്ക ഫലമായി അപ്പച്ചിയുടെ മക്കൾ ട്രിപ്പിൾ ഡ്രുമ്മും ബോങ്കസും വയലിനും ഒക്കെ പഠിക്കാൻ തുടങ്ങിയിരുന്നു. കലവൂര് സ്കൂളിൽ ആണ് അവരും പഠിച്ചത് അത് കൊണ്ട് അവർ രണ്ടു പേരും കലവൂരും മുഹമ്മയിലും മാറി മാറി ആണ് താമസിച്ചിരുന്നത്. വീട്ടിൽ അവരൊക്കെ വായിക്കുന്ന സംഗീത ഉപകരണങ്ങൾ ഞാനും എടുത്ത് വായിക്കാൻ ശ്രമിക്കുമായിരുന്നു.
അന്ന് എനിക്ക് വയലിനിൽ ആദ്യമായി സ്വരസ്ഥാനങ്ങൾ പഠിപ്പിച്ച് തന്നത് ചിറ്റപ്പനായ പ്രൊഫസർ വിപി രാജപ്പൻ ആണ്. അത് പോലെ ട്രിപ്പിളിലും ബോങ്കസും വായിക്കുന്നത് എങ്ങനെ എന്ന് ആദ്യമായി പഠിപ്പിച്ച് തന്നത് അപ്പച്ചിയുടെ മകൻ ആയ തമ്പു ആണ്.
ചെറുപ്പത്തിൽ ഞാൻ എവിടെ ഇരുന്നാലും അവിടെ ഒക്കെ കാണുന്ന എന്തിലുംതാള വാദ്യോപകരണം പോലെ പോലെ കൊട്ടിക്കൊണ്ട് ആയിരുന്നു ഇരുന്നത്. അത് പോലെ നടക്കുമ്പോൾ ശൂളം അടിച്ച് ട്യുണുകൾ ഉണ്ടാക്കി കൊണ്ടിരിക്കും. ഇതിനു രണ്ടിനും പറ്റാത്തപ്പോൾ പല്ലുകൾ പതുക്കെ കടിച്ചു എനിക്ക് മാത്രം കേൾക്കാവുന്ന രീതിയിൽ താളം കൊട്ടും. അങ്ങനെ ഞാൻ അറിയാതെ സംഗീതം എന്റെ സിരകളിൽ നിറഞ്ഞു നിന്നിരുന്നു.
ദുഃഖം വരുന്ന അവസരങ്ങളിൽ ഞാൻ സോഫയിൽ കമഴ്ന്ന് കിടന്ന് ദുഖത്തെ പാട്ടാക്കി മാറ്റാൻ ശ്രമിക്കുന്നത് ഇപ്പോഴും ഓർക്കുന്നു. അന്ന് കുട്ടിയായിരുന്ന എന്റെ വിചാരം ഇങ്ങനെ ഉണ്ടാക്കുന്ന പാട്ടുകൾ ആട്ടോമാറ്റിക് ആയി സിനിമയിൽ വരും എന്നായിരുന്നു. (നാഗചൈതന്യയും തമന്നയും അഭിനയിച്ച 100 പെർസെന്റ് ലവ് എന്ന തെലുങ്ക് സിനിമയുടെ മലയാളം റീ മേക്കിൽ നായകനും നായികയും കാറിൽ എഫെം റേഡിയോ വക്കുമ്പോൾ സിൽസില പാട്ട് കേൾക്കുന്നതായി കാണിക്കുന്നുണ്ട്. ഞാൻ പാടിയ പാട്ട് ഞാനറിയാതെ സിനിമയിൽ വന്ന് കണ്ടപ്പോൾ ചെറുപ്പത്തിലെ ആ നിഷ്കളങ്കമായ ആഗ്രഹം ദൈവം സാക്ഷാത്കരിച്ച പ്രതീതി ആയിരുന്നു.)
ചിറ്റപ്പന്റെയും മറ്റൊരു അപ്പച്ച്ചിയുടെയും പെണ്മക്കളുടെ ഡാൻസ് പ്രോഗ്രാമിന് ശ്രീ ആലപ്പി ഋഷികേശിനെപോലെയുള്ള വലിയ സംഗീതജ്ഞരാണ് ഒര്ക്കസ്ട്രയ്ക്ക് വന്നിരുന്നത്. അത് പോലെ അമ്പലത്തിലെ കുടുംബത്തിന്റെ വകയായുള്ള സംഗീത ഭജനയ്ക്കും ഒര്ക്കസ്ട്രക്കാർ വീട്ടിൽ വരുമായിരുന്നു. അപ്പച്ചിയുടെ മക്കളായ ഷാജി അണ്ണന്റെയും തമ്പുവിന്റെയും സ്റ്റേജ് പ്രോഗ്രാമുകൾ പലതും കൂടെ പോയി കണ്ടിരുന്നു.
കലവൂർ ബാലൻ സാറിന്റെ മകൻ കണ്ണൻ സൂരജ് ബാലനും പട്ടണക്കാട് പുരുഷോത്തമന്റെ മകൾ ഷീബ പുരുഷോത്തമനും വല്ലാർ പാടം മോഹനന്ന്റെ മകൻ ബൈജുവും ഞാനും ഒന്നിച്ചാണ് നാലാം ക്ലാസിൽ പഠിച്ചത്. ആ ക്ലാസ്സിലെ എന്റെ എറ്റവും അടുത്ത മറ്റൊരു സുഹൃത്തായ ജയദീപും മൃദംഗ വായന പഠിക്കുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. (അദ്ദേഹം ഇപ്പോൾ റെയിൽവേയിൽ എന്ജിനീയർ ആണ്.)
അഞ്ചാം ക്ലാസിൽ എത്തിയപ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെ മലപ്പുറത്തേക്ക് ഞാനും പോയി. അവിടെ സ്കൂളിൽ ചേർന്ന് രണ്ട് വര്ഷം പഠിച്ചു. പക്ഷെ അക്കാലത്ത് ഞങ്ങൾ താമസിച്ചിരുന്ന ഗ്രാമത്തിൽ യാതൊരു സംഗീത പരമായ പരിപാടികളും ഇല്ലായിരുന്നു. അന്ന് അഛൻ വാങ്ങിച്ചു കൂട്ടിയിരുന്ന കലാകൌമുദികൾ വായിക്കുക മാത്രമായിരുന്നു എന്റെ ഒരു സാഹിത്യ സമ്പർക്കം. അതിൽ ശ്രീ എം കൃഷ്ണൻ നായർ സാറിന്റെ സാഹിത്യ വാരഫലം ആയിരുന്നു എന്നെ എറ്റവും ആകർഷിച്ചിരുന്നത്.(അന്ന് അവിടുത്തെ കുട്ടികളുടെ ഇഷ്ട വിനോദം ആയിരുന്നു ഫുട്ബോൾ. അന്ന് സ്കൂളിൽ ഫുട്ബോൾ കളിക്കാൻ കിട്ടാനുള്ള കുട്ടികളുടെ പ്രയാസം കണ്ടത് കൊണ്ടാണ് പിന്നെ കലവൂരിൽ ഒരു സ്പോര്ട്സ് സാധനങ്ങൾ വില്ക്കുന്ന കട തുടങ്ങാൻ പ്രചോദനം .)
ഏഴാം ക്ലാസിൽ വച്ച് തിരികെ കലവൂര് വന്നപ്പോൾ പഴയ സംഗീത സാഹചര്യം ഒക്കെ മാറിയിരുന്നു.
നിറയെ പുസ്തകങ്ങൾ ഉള്ള, സംഗീതോപകരണം ഉള്ള, പടം വരക്കാനും എഴുതാനും സൗകര്യം ഉള്ള സ്വന്തം മുറി എന്നതായിരുന്നു എന്റെ കൗമാരത്തിലെ എറ്റവും വലിയ സ്വപ്നം. അതിന് വേണ്ടി വീട്ടിൽ ഞാൻ കുറേ വഴക്ക് ഇട്ടിട്ടുണ്ട്.
പത്താം ക്ലാസ് ആയപ്പോൾ കുടുംബ വീട്ടിൽ നിന്ന് മാറി വാടക വീട്ടിൽ താമസിക്കുകയും പ്രീഡിഗ്രി ആയപ്പോൾ സ്വന്തം വീട് വച്ച് ഞങ്ങൾ അങ്ങൊട്ട് മാറുകയും ചെയ്തു. അപ്പോൾ ആണ് ഞാൻ ആഗ്രഹിച്ച മുറി എനിക്ക് കിട്ടിയത്. രാത്രി ഏറെ വൈകുന്നത് വരെ അവിടെ ഞാൻ വായിക്കുകയും എഴുതുകയും വരക്കുകയും ഒക്കെ ചെയ്തു. ഇന്നത്തെ പോലെ ഒരു കുറച്ചൊക്കെ പ്രശസ്തനായ കലാകാരൻ ആകാൻ ഉള്ള ഒരു പർണ്ണശാല ആയിരുന്നു എന്റെ മുറി.
ചെറുപ്പത്തിൽ സാംബശിവന്റെ ആയിഷ കഥാ പ്രസംഗത്തിൽ സർവ്വകലാശാലപഠനത്തെ പറ്റി അഭിമാന പുരസരം പറയുന്നത് കേട്ടപ്പോൾ എങ്ങനെ എങ്കിലും കലാലയത്തിൽ പഠിക്കാൻ ആഗ്രഹിച്ചു. എന്റെ വിചാരം സർവ്വകലാശാല എല്ലാ കലകളും പഠിപ്പിക്കുന്ന ഇടം ആണെന്നായിരുന്നു. പക്ഷെ പ്രീ ഡിഗ്രിയ്ക്ക് കോളേജിൽ ചെന്ന ഞാൻ അവിടുത്തെ സാഹചര്യം കണ്ട് അമ്പരന്ന് പോയി. ( ത്രിപ്പുണിത്തുറ ആർ എൽ വി കോളേജ് പോലെ ഒന്നായിരുന്നു ഞാൻ സ്വപ്നം കണ്ട സര്വ്വകലാശാല എന്ന് പിന്നെ ആണ് മനസിലായത്. ) എന്റെ കലയെയും സംഗീതത്തെ യും സഹായകമായ ഒന്നേ എനിക്കവിടെ ചെയ്യാനുണ്ടായിരുന്നുള്ളൂ പ്രണയം അറിയുക. കോളേജ് ജീവിതത്തിലെ എറ്റവും വലിയ നേട്ടം പ്രണയാനുഭവങ്ങൾ ആയിരുന്നു. അതും മൂകാനുരാഗങ്ങൾ അല്ലെങ്കിൽ ഏക ദിശാപ്രണയങ്ങൾ. എനിക്ക് ആ പ്രണയവും ദുഖവും മാത്രം മതിയായിരുന്നു.
ഒരു വിധത്തിൽ തട്ടിയും മുട്ടിയും ഡിഗ്രി വരെ കോളേജിൽ കഴിഞ്ഞ് ഇറങ്ങിക്കഴിഞ്ഞ് ഞാൻ കൊച്ചിയിലെ കേരളാ ഫിലിം അക്കാദമിയിൽ ചലച്ചിത്ര സംവിധാനം പഠിക്കാൻ ചേർന്നു.
സിനിമാ സംവിധാനം പഠിക്കാനാണ് ചെര്ന്നതെങ്കിലും എന്റെ മനസ്സില് ഒരു പാട്ടിന്റെ ജനനത്തിന് ഒരു നിമിത്തം എങ്കിലും ആകാൻ പറ്റുക എന്ന അത്യധികമായ ആഗ്രഹം ആയിരുന്നു. അത് കൊണ്ടാണ് ആ കോഴ്സിന്റെ ഭാഗമായ അഭിനയം എന്ന വിഷയം ഞാൻ ഫോമിൽ നിന്ന് വെട്ടി ക്കളഞ്ഞത്. അത് ഇന്റർവ്യു നടത്തിയവർ പ്രത്യകം ചോദിക്കുകയും ചെയ്തു. പക്ഷെ അഭിനയം എനിക്ക് ഒട്ടും താല്പ്പര്യം ഇല്ല എന്നാണ് മറുപടി പറഞ്ഞത്.
അക്കാലത്ത് ആണ് ശ്രീ ഏ ആർ റഹ് മാൻ സാറിന്റെ പാട്ടുകൾ ഹിറ്റ് ആയി വന്നത്. റോജ ജെന്റിൽ മാൻ കാതലൻ തുടങ്ങിയ സിനിമകളിലെ പാട്ടുകൾ ഹരം ആയി മാറി. ഞാൻ സംവിധാനം ചെയ്യുന്ന പടത്തിൽ അദ്ദേഹത്തെ കൊണ്ട് സംഗീതം ചെയ്യിക്കാൻ എനിക്കാവില്ല എന്ന് അറിയാവുന്നത് കൊണ്ട് അത് പോലെ എങ്ങനെ ആണ് പാട്ടുകൾ ഉണ്ടാക്കുന്നത് എന്ന് കണ്ടു പിടിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ പാട്ടുമായി സാമ്യം ഉള്ള പഴയ പാട്ടുകൾ കണ്ടെത്താൻ ശ്രമിച്ചു. ആവേശം ഉണർത്തുന്ന ഒരു പാട്ട് എങ്ങനെ ഉണ്ടാക്കാം എന്ന് കഴിയാവുന്ന വിധം റിസർച്ച് നടത്തി. ആ വിധം പറഞ്ഞ് കൊടുത്ത് മറ്റൊരു സംവിധായകനെ കൊണ്ട് ചെയ്യിക്കുക ആയിരുന്നു ലക്‌ഷ്യം.
അപ്പോൾ ആണ് അപ്പച്ചിയുടെ മകൻ തമ്പു മുഹമ്മയിൽ ഒരാൾക്ക് ഒരു സെക്കന്റ് ഹാൻഡ് കീ ബോര്ഡ് ആയിരം രൂപയ്ക്ക് വിൽക്കാൻ ഉണ്ടെന്ന് പറഞ്ഞത്. ഞാൻ പണം സംഘടിപ്പിച്ച് അത് പോയി വാങ്ങിച്ചു. കുടുംബ സുഹൃത്തായ കീ ബോർഡിസ്റ്റ് മുരളി ചേട്ടൻ ആണ് അതിൽ എങ്ങനെ ആണ് പാട്ട് വായിക്കേണ്ടത് എന്ന് അവിടെ സുഹൃത്തിന്റെ തുണി കടയിൽ വച്ച് കാണിച്ച് തന്നത്.
ആ കീ ബോർഡ് കിട്ടി രണ്ടോ മൂന്നോ ദിവസം കൊണ്ട് ഞാൻ സിൽസില എന്ന പാട്ടും മറ്റു ചില മെലഡി പാട്ടുകളും പല്ലവി ഒരു വിധം ഒപ്പിച്ച് കമ്പോസ് ചെയ്തു. പക്ഷെ ഇതിനെ ഒക്കെ പൂർണ്ണതയിൽ എത്തിക്കാൻ സംഗീതം ശാസ്ത്രീയ മായി പഠിച്ചേ പറ്റൂ എന്ന് മനസ്സിലാക്കി. പക്ഷെ ഒരു സംഗീത പാരമ്പര്യ വും ഇല്ലാതെ എങ്ങനെ സംഗീതം പഠിക്കാൻ തുടങ്ങും?
സംഗീതം പഠിക്കാനുള്ള ഒരു പ്രാഥമിക തയ്യാറെടുപ്പ് എന്ന പോലെ കലവൂരിൽ ഒരു ആഡിയോ കാസറ്റ് കട തുടങ്ങി. അത് ഉദ്ഘാടനം ചെയ്തത് പ്രശസ്ത സംഗീത സംവിധായകനും കുടുംബ സുഹൃത്തും അയ കലവൂർ ബാലൻ സാർ ആണ്. അതിന് ശേഷം അദ്ദേഹത്തിന്റെ അടുത്ത് സംഗീതം പഠിക്കാൻ ചേർന്നു.
അക്കാലത്ത് വളരെ തിരക്ക് പിടിച്ച സംഗീത സംവിധായകനും ഓർക്കസ്ട്ര അറേഞ്ചറും ആയിരുന്നത് കൊണ്ട് അദ്ദേഹത്തെ സ്ഥിരമായി പഠിപ്പിക്കാൻ കിട്ടുമായിരുന്നില്ല. (പിന്നെ പാണാവള്ളിയിൽ കലാമണ്ഡലം രാമചന്ദ്രകൈമൾ സാറാണ് പഠിപ്പിക്കൽ തുടർന്നത്. പിന്നെ കണിച്ചുകുളങ്ങര അമ്പി സാർ, ശ്രീവിദ്യ ടീച്ചർ, ജനാർദ്ധനൻ പോറ്റി സാർ, സുനിൽ പള്ളിപ്പുറംസാർ, ധനപാലൻ സാർ എന്നിവരിൽ നിന്ന് കഴിഞ്ഞ പത്ത് പതിനഞ്ച് വര്ഷത്തിലേറെക്കാലമായി സംഗീതം പഠിക്കുന്നു. )
ആത്മവിശ്വാസത്തോടെ സംഗീതം പഠിക്കാൻ എനിക്ക് സാഹചര്യം ഒരുക്കിയത് എന്റെ കാസറ്റ് കട ആണ്. പക്ഷെ കാസറ്റ് കടയുടെ തുടക്കത്തോടെ കേരള ഫിലിം അക്കാഡമിയിലെ പഠനം നിറത്തേണ്ടി വന്നു. പക്ഷെ പിന്നെ ഉള്ള വർഷങ്ങളിൽ നിരവധി ചലച്ചിത്ര ക്യാമ്പുകളിലും സാഹിത്യ ക്യാമ്പുകളിലും സാഹിത്യ കൂട്ടായ്മകളിലും സജീവമായി പങ്കെടുത്തു.
2005 ൽ ആണ് മൂകാംബികയ്ക്ക് പോകാൻ എനിക്ക് ഭാഗ്യം ലഭിച്ചത്. അത് എന്റെ ജീവിതത്തിന്റെ വഴിത്തിരിവ് ആയിരുന്നു. അതിൽ പിന്നെ എന്റെ കഥകളും കാർട്ടൂണുകളും ഒക്കെ പ്രസിദ്ധീകരിച്ച് വന്നു.
2006 ൽ ആദ്യമായി ആർട്ട് ഓഫ് ലിവിംഗ് ക്ലാസ്സിൽ പങ്കെടുത്തു. ശിബിരം ക്ലാസ് എടുത്ത ഗീത ടീച്ചറും ബേസിക് കോഴ്സ് എടുത്ത ശ്രീകുമാർ സാറും സഹപഠിതാക്കളും വളരെ സ്നേഹം തന്നു. ചെറിയ രീതിയിൽ സാമൂഹിക പ്രവർത്തനം നടത്തിയതും സഭാകമ്പം മാറ്റുന്നതിനും ഒക്കെ ആ കോഴ്സ് ഉപകരിച്ചു. ബേസിക് കോഴ്സ് തീർന്ന ഉടൻ ശ്രീകുമാർ സാർ എനിക്ക് ബംഗ്ലൂർ ആശ്രമത്തിൽ ഒരാഴ്ച സേവ ചെയ്യാൻ അവസരം ഒരുക്കി തന്നു. അത് എന്റെ വ്യക്തിത്വത്തിൽ വളരെ നല്ല ഫലം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാന ത്തിൽ നിന്നുള്ളവരുമായി പരിചയപ്പെടാനും എന്റെ ഇംഗ്ലീഷിലുള്ള കവിതകളും പെയിന്റിങ്ങുകളുടെ ഫോട്ടോയും അവരെ കാണിക്കാനും സാധിച്ചു. അവരുടെ പ്രതികരണത്തിൽ നിന്നാണ് എന്റെ കലാ പരമായ കഴിവുകളുടെ വില ഞാൻ അറിഞ്ഞത്.
പൂജനീയ ഗുരുജി ശ്രീ ശ്രീ രവിശങ്കറുടെ പടം വരക്കാനും അദ്ദേഹത്തിന് അവിടെ വച്ച് അത് നല്കാനും സാധിച്ചു. അദ്ദേഹം തലയിൽ കൈവച്ച് അനുഗ്രഹിച്ചപ്പോൾ അനുഗ്രഹ പ്രവാഹം അനുഭവിച്ച് അറിഞ്ഞു.
2008 ൽ പള്ളുരുത്തിയിൽ ഉള്ള ശ്രീ അർജ്ജുനൻ മാസ്റ്ററുടെ വീട്ടില് പോകുകയും അപ്പച്ചി അപ്പന്റെ പേര് പറഞ്ഞപ്പോൾ അദ്ദേഹം എന്നെ പ്രത്യേകം താല്പ്പര്യത്തോടെ കാര്യങ്ങൾ അന്യോഷിക്കുകയും ഞാൻ എഴുതിയ ഒഴുകുന്ന പൂവിതൾ എന്ന പുസ്തകം വായിക്കാനായി സ്വീകരിക്കുകയും ചെയ്തു. ഞാൻ സംഗീതം ചെയ്ത പാട്ടുകൾ ഒരു സിഡിയിൽ ആക്കി കൊണ്ടു വന്നാൽ കെട്ടിട്ട് അഭിപ്രായം പറയാമെന്ന് പറയുകയും ചെയ്തു. പോകാൻ നേരം തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു. അപ്പോഴും അനുഗ്രഹ പ്രവാഹത്തിന്റെ ശക്തി അറിഞ്ഞു.
ആ ഇടയ്ക്കാണ് ഡോക്ടർ ജീമോൻ കെ സാമിന്റെ ഒരു പാട്ട് വൈക്കം സ്റ്റുഡിയോയിൽ റിക്കോര്ഡ് ചെയ്തത്. അദ്ദേഹം എന്നെയും അത് കാണാൻ സ്റ്റുഡിയോയിൽ കൊണ്ടു പോയി. ശ്രീ സുദീപ്കുമാർ പാടുന്നതും സംഗീത സംവിധായകൻ ശ്രീ മധു ആലപ്പുഴ പറഞ്ഞു കൊടുക്കുന്നതും ശ്രീ അനൂപ് റിക്കോര്ഡ് ചെയ്യുന്നതും ഞാൻ വിടർന്ന കണ്ണുകളോടെ നോക്കി ഇരുന്നു.
അതിനു ശേഷം ഞാൻ സ്വയം കമ്പ്യുട്ടറിൽ റിക്കോർഡിംങ്ങും ഓർക്കസ്റ്റേഷനും പഠിച്ചു. ശ്രീ കലവൂർ ബാലൻ സാറിന്റെ വീട്ടില് പോയി സംശയങ്ങൾ എല്ലാം ചോദിച്ച് മനസ്സിലാക്കി. ശ്രീ മധു ആലപ്പുഴ സാറും ഇടയ്ക്കിടെ കലവൂര് വരുമ്പോൾ എന്റെ വീട്ടിലും വരുമായിരുന്നു. അദ്ദേഹവും അറിവുകൾ തന്നു.
2007 ൽ എനിക്ക് ചങ്ങനാശ്ശേരിയിലെ സർഗ്ഗ ക്ഷേത്രയിൽ ചിത്ര കലാ അധ്യാപകനായി ജോലി കിട്ടി. അവിടെ വിവിധ കലാരംഗത്ത് ഉള്ള കലാ പ്രവര്ത്തകരുമായി സഹകരിക്കാൻ അവസരം കിട്ടി.
2009 ല് ഡോക്ടർ ജീമോൻ കെ സാമിന്റെ എന്റെ ഭാഷ എന്ന കവിതാ സിഡിയുടെ റിഹേർസൽ എന്റെ മുറിയിൽ വച്ചും മറ്റും ആണ് ചെയ്തത്. അത് ഞാൻ പ്രാഥമികമായി കമ്പ്യുട്ടറിൽ റിക്കോര്ഡ് ചെയ്തു. പിന്നെ ശ്രീ ബിജു ജെ വര്ഗീസിന്റെ റിക്കോർഡിംഗ് സ്റ്റുഡിയോയിൽ വച്ച് നല്ല രീതിയിൽ ചെയ്തു.
ഞാൻ കമ്പ്യുട്ടറിൽ അന്ന് യന്ത്ര പ്പാട്ട് എന്ന അനിമേഷൻ വർക്ക് ചെയ്തിരുന്നു. അതിനു ശേഷം ശ്രീ ബിജു ജെ വര്ഗീസിന്റെ സ്റ്റുഡിയോയിൽ പോയി സിലസില റിക്കോര്ഡ് ചെയ്യാൻ തുടങ്ങി. റിതംപാഡ് വായിച്ചത് കൈരളിയിലെ പട്ടുറുമാൽ പരിപാടിയിലൂടെ പ്രശസ്തനായ ശ്രീ ബിജു ഷംസുദീൻ ആണ്. ഏതാണ്ട് മൂന്നു മാസത്തോളം സമയം എടുത്താണ് അത് റിക്കൊർഡു ചെയ്തത്.
ഉദയാ സ്റ്റുഡിയോയിൽ അത് ഷൂട്ട് ചെയ്ത് എറണാകുളത്തെ മെട്രോ സ്റ്റുഡിയോയിൽ വിഡിയോ എഡിറ്റ് ചെയ്ത് തിരുവനന്തപുരത്ത് കൊണ്ടു പോയി സെൻസർ ചെയ്ത് എടുക്കുവാൻ മാസങ്ങളോളം പെട്ട പാട് നിസ്സാരമല്ല. അതൊക്കെ വിശദമായി പിന്നീട് എഴുതണം. കാരണം ജനങ്ങൾ അറിയണം എത്ര കഷ്ടപ്പാടും ആത്മ സമർപ്പണവും കൊണ്ടാണ് ഒരു നാല് മിനിറ്റ് പാട്ട് ഇറക്കുന്നത് എന്ന്. അതിന്റെ ഫലം കൊള്ള അടിക്കപ്പെടുമ്പോൾ എത്ര വേദന അനുഭവപ്പെടുന്നു എന്ന്.


Comments