നാടൻ കളികളിൽ നിന്ന് കമ്പ്യൂട്ടർ ഗെയിമുകളിലേക്ക്: കുട്ടികളുടെ വിനോദങ്ങളുടെ പരിണാമം


അവധിക്കാലവും കുട്ടികളുടെ സ്വാതന്ത്ര്യവും

അവധിക്കാലം കുട്ടികൾക്ക് ഒരു ഉത്സവകാലമാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതം നുകർന്ന് ഇഷ്ടമുള്ള കളികൾ ഒക്കെ കളിച്ചു ഇഷ്ടമുള്ളപ്പോൾ ആഹാരം കഴിച്ച് ഇഷ്ടമുള്ളപ്പോൾ ഉറങ്ങി എഴുന്നേറ്റ് ജീവിതം ആസ്വദിക്കുന്ന സമയം.

നഷ്ടപ്പെടുന്ന നാടൻ കളികൾ

    പണ്ടൊക്കെ കുട്ടികൾ ഒത്ത് ചേർന്ന് കുട്ടിയുംകോലും, സാറ്റ്കളി, കൈയ്യടിച്ചോട്ടം, കള്ളനും പോലീസും തുടങ്ങിയ പലതരം നാടൻ കളികൾ കളിക്കുമായിരുന്നു. ഇന്ന് അവയ്ക്ക് പകരം ക്രിക്കറ്റ്, ഫുട്ബോൾ, കാരംസ് തുടങ്ങിയ കളികളാണ് കൂടുതൽ പ്രചാരത്തിലുള്ളത്.

കമ്പ്യൂട്ടർ ഗെയിമുകളുടെ സ്വാധീനം

                    കുട്ടികൾ ഇന്ന് ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് കമ്പ്യൂട്ടർ ഗെയിമുകൾ. അത്ഭുതകരമായ വേഗതയിൽ ആണ് കുട്ടികൾ അ പഠിക്കുന്നതും അതിൽ പ്രാവീണ്യം നേടുന്നതും. കമ്പ്യൂട്ടർ ഗെയിമുകൾ മിക്കതും അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്‌. അവരുടെ സംസ്കാരത്തിനും പ്രകൃതിയ്കും അനുയോജ്യമായ ഗെയിമുകൾ ആണ് അവ. സ്പൈഡർമാൻ എന്ന അവരുടെ കാർട്ടൂണ്‍ കഥാപാത്രം ന്യുയോർക്ക് പോലെയുള്ള വൻ നഗരത്തിൽ ജീവിച്ച സ്റ്റാൻ ലീ (Stan Lee)  എന്ന എഴുത്ത്കാരന്റെയും സ്റ്റീവ് ഡിറ്റ് കോ  (Steve Ditko) എന്ന കലാകാരന്റെയും  ഭാവനയിൽ വിരിഞ്ഞ കഥാ പാത്രം ആണ്. 
                  എട്ടുകാലിയെയും മനുഷ്യനെയും സംയോജിപ്പിച്ചാണല്ലോ സ്പൈഡർമാനെ നിർമ്മിച്ചത്. പ്രകൃതിയോടും ജീവജാലങ്ങളോടും ഉള്ള കുട്ടികളുടെ ജന്മനാ ഉള്ള സ്നേഹം ഇവിടെ പ്രയോജനപ്പെടുത്തുന്നു. സ്പൈഡർമാൻ ആലപ്പുഴയിലോ, കൊല്ലത്തോ, കോട്ടയത്തോ വന്നാൽ ഫ്ലെക്സ് ബോർഡുകളിൽ കൂടെ ചാടി നടക്കേണ്ടി വന്നേനെ.. 

സ്പൈഡർമാനും നമ്മുടെ നാട്ടിലെ ഹീറോകളും

              നമ്മുടെ കുട്ടികളുടെ ഹീറോകൾ മിക്കതും കാട്ടിൽ ജീവിക്കുന്നവരായിരുന്നു. സ്പൈഡർമാൻ കെട്ടിടങ്ങളിലൂടെ വല വിരിച്ച് ചാടിച്ചാടി പോയത് പോലെ കപീഷ് മരങ്ങളിലൂടെ ചാടിച്ചാടി പോയി. അൽപ്പം കൂടെ പരിഷ്കാരം വന്നപ്പോൾ ഡിങ്കൻ വന്നു. ബാറ്റ്മാനെപ്പോലെയോ സൂപ്പെർമാനെപ്പോലെയോ ഒക്കെ കുട്ടികളുടെ ഹീറോ ആകാൻ ഡിങ്കന് (എലി മനുഷ്യൻ) കുറച്ചൊക്കെ കഴിഞ്ഞു. 
                                 അമിതമായ അക്രമരംഗങ്ങൾ ഉൾക്കൊള്ളുന്ന ഗെയിമുകൾ കുട്ടികളുടെ മാനസിക വളർച്ചയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം അറിവും സർഗാത്മകതയും വളർത്തുന്ന നിരവധി മികച്ച ഗെയിമുകളും ഇന്ന് ലഭ്യമാണ്.
           വിദേശികുട്ടികളുടെ സൂപ്പർ ഹീറോ കാർട്ടൂണ്‍ കഥാപാത്രങ്ങളായ സ്പൈഡർമാനും ബാറ്റ്മാനും (വവ്വാൽ മനുഷ്യൻ) സൂപ്പർമാനും ഒക്കെ നഗര സംസ്കാരത്തിന്റെ സൃഷ്ടി ആണെങ്കിൽ നമ്മുടെ കുട്ടി ഹീറോകൾ മിക്കതും കാടുമായി ബന്ധ പ്പെട്ടതാണ്. അത് നമ്മുടെ പരിസ്ഥിതിയുമായും ജീവിവൈവിധ്യവും ആയും  പാരമ്പര്യവുമായും സാംസ്കാരിക മൂല്യങ്ങളുമായും ബന്ധപ്പെട്ടതാണ്. നമ്മുടെ പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും   സ്വാധീനവും ഇതിൽ ഉണ്ട്. 

മലയാളം അനിമേഷന്റെയും ഗെയിമിംഗിന്റെയും ഭാവി

                          നമ്മുടെ കുട്ടികൾക്കുള്ള കഥാപാത്രങ്ങൾ വെറും കഥ പുസ്തകം മാത്രം ആയിരുന്നാൽ പോരല്ലോ. അവയെ വച്ചുള്ള 2ഡി, 3 ഡി അനിമേഷൻ ഫിലിമുകളും കമ്പ്യുട്ടർ, മൊബൈൽ  ഗെയിമുകളും ഉണ്ടാക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതി സ്നേഹവും സഹജീവികളോടുള്ള അനുകമ്പയും സമഭാവനയും കുട്ടികൾക്ക് ജന്മനാ ഉണ്ട്. അവയെ പരിപോഷിപ്പിക്കാനും മൂല്യബോധമുള്ള പൗരന്മാരായി വാർത്തെടുക്കാനും ഉതകുന്ന നമ്മുടെ സംസ്കാരത്തിനും പ്രകൃതിക്കും ഇണങ്ങുന്ന മികച്ച  കഥകളും അനിമേഷനുകളും ഗെയിമുകളും ഇനിയും കൂടുതൽ മികച്ച രീതിയിൽ ഉണ്ടാക്കാൻ എല്ലാ കലാകാരന്മാരും സാഹിത്യകാരന്മാരും കമ്പ്യൂട്ടർ വിദഗ്ധരും ഒന്നായി പരിശ്രമിക്കട്ടെ എന്ന് ആശംസിക്കുന്നു. 


Comments