കേരളീയ ചിത്രകലയും കൊച്ചി-മുസിരിസ് ബിനാലെയും

അമേരിക്കയിലെ ഫ്ലോറിഡയിലെ മലയാളികൾ ഇറക്കിയ 'കുരുത്തോല ' എന്ന സ്മരണികയിൽ എന്റെ 'കേരളീയ ചിത്രകലയും കൊച്ചി മുസിരിസ് ബിനാലെയും ' എന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഫേസ്ബുക്ക് സുഹൃത്തായ ശ്രീ ജയരാജ് ആണ് അതിനുള്ള അവസരം എനിക്ക് തന്നത്. മാത്രമല്ല ആ പ്രസിദ്ധീകരണം എനിക്ക് അയച്ചു തരികയും ചെയ്തു. അമേരിക്കയിലെ പ്രബുദ്ധ
Sri. Jayaraj
മലയാളികളുടെ പ്രസിദ്ധീകരണത്തിൽ ഭാഗം ആകാനുള്ള അവസരം വലിയ ഒരു ഭാഗ്യമായി കരുതുന്നു. അതിന് അതിന്റെ ചീഫ് എഡിറ്റർ ശ്രീ ജയരാജിനും മറ്റ് ഭാരവാഹികൾക്കും നന്ദി.  

ആ ലേഖനത്തിന്റെ പൂർണ്ണരൂപം..    

 കേരളീയ ചിത്രകലയും കൊച്ചി-മുസിരിസ് ബിനാലെയും


               കൊച്ചു കേരളത്തിന് ഒട്ടും ചെറുതല്ലാത്ത ഒരു സ്ഥാനമാണ് ഇന്ത്യൻ ചിത്രകലാ ഭൂപടത്തിൽ ഉള്ളത്. കേരളത്തിനെ പറ്റി പരാമർശിക്കാതെ ഇന്ത്യൻ ചിത്രകലയുടെ ചരിത്രം എഴുതാൻ സാധിക്കില്ല. കേരളത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർ ചിത്രങ്ങൾക്ക് പാശ്ചാത്യ ലോകത്തെ വിശ്വ പ്രസിദ്ധമായ പല ചിത്രങ്ങള്ക്കും തുല്യമായ മഹത്വവും മനോഹാരിതയും ഉണ്ടെന്നു പല നിരൂപകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ പല കാരണങ്ങൾ കൊണ്ടും കേരളത്തിലെ ചുവർ ചിത്രങ്ങൾ പുറത്ത് അർഹിച്ച അംഗീകാരം നേടിയില്ല.

ക്ഷേത്രങ്ങളിലോ, കൊട്ടാരങ്ങളിലോ, പള്ളികളിലോ ആണ് കേരളീയ ചുവർ ചിത്രങ്ങൾ അധികവും കാണപ്പെടുന്നത്. അത് കൊണ്ടു തന്നെ മതപരമോ രാജാക്കന്മാരെ സംബന്ധിച്ചതോ ആയ വിഷയങ്ങൾ ആണ് അവ കൂടുതലും കൈകാര്യം ചെയ്തിരുന്നത്.

കൊട്ടാരങ്ങളും ആരാധനാലയങ്ങളും വിട്ട് ചിത്രകല സാധാരണക്കാരിലേക്ക് ഇറങ്ങി വന്നത് രാജാ രവി വര്മ്മയുടെ ചിത്രങ്ങളിലൂടെയാണ്. അതുല്യമായ മനോഹാരിതയും ലാളിത്യവും കൊണ്ടു ഇന്നും ജനകോടികളെ രാജാ രവി വർമ്മയുടെ ചിത്രങ്ങൾ ആകര്ഷിക്കുന്നു.

രാജാ രവിവര്മ്മയ്ക്ക് ശേഷം ചിത്രകലയിൽ പല പരീക്ഷണങ്ങളും നടന്നു. പല തരം ശൈലികളിൽ അനേകം പ്രഗത്ഭ ചിത്രകാരന്മാർ ചിത്രങ്ങൾ രചിച്ചു കേരളീയ ചിത്രകലയെ സമ്പന്നമാക്കി. സർവ്വ ശ്രീ കെ സി എസ് പണിക്കർ, എം വി ദേവൻ , സി എൻ കരുണാകരൻ, ശേഖർ അയ്യന്തോൾ, നമ്പൂതിരി, സാധു അലിയൂർ, യുസഫ് അറയ്ക്കൽ, കലാധരൻ, പദ്മിനി, വി എസ്‌ വലിയത്താൻ തുടങ്ങിയ നിരവധി ശൈലികൾ സ്വായത്തമാക്കിയ പ്രഗത്ഭ ചിത്രകാരന്മാർ കേരളീയ ചിത്രകലയ്ക്ക് അമൂല്യമായ സംഭാവനകൾ നല്കി.

അകാലത്തിൽ പൊലിഞ്ഞു പോയ ക്ലിന്റ് എന്ന കൊച്ചു ചിത്രകാരന്റെ ചിത്രങ്ങൾ വിൻസെൻറ് വാൻഗോഗ് ചിത്രങ്ങൾ പോലെ നമ്മുടെ ഹൃദയത്തിൽ പതിഞ്ഞു കിടക്കുന്നു.

സർവ്വ ശ്രീ, കേസരി എ ബാലകൃഷ്ണ പിള്ള, എസ്സെൽ ലാരിയസ്സ് , എംജി. ശശിഭൂഷണ്‍, ജി. അഴീക്കോട് തുടങ്ങിയ അനേകം ജ്ഞാനികൾ ചിത്രകലയെ പറ്റിയുള്ള പുസ്തകങ്ങൾ മലയാളത്തിൽ എഴുതി പ്രസിദ്ധീകരിച്ചു.

മാഗസിനുകളുടെ പ്രചാരം വര്ദ്ധിച്ചതോടു കൂടി ചിത്രകാരൻമാര്ക്ക് ചിത്രങ്ങൾ ജനങ്ങളിൽ എത്തിക്കുവാനുള്ള ഒരു മാര്ഗ്ഗം കൂടെ തുറന്നു കിട്ടി. നമ്പൂതിരി, എം വി ദേവൻ, മദനൻ, ഷെരീഫ്, തുടങ്ങിയ തുടങ്ങിയ ന്ര്നിരവധി ചിത്രകാരന്മാരുടെ ചിത്രങ്ങൾ നമ്മൾ മാഗസിനുകളിലൂടെ ആസ്വദിക്കുന്നു.

ലളിത കലാ അക്കാദമിയുടെയും സ്വകാര്യ വ്യക്തികളുടെയും ഗാലറികളിലൂടെയും മറ്റും ചിത്ര പ്രദർശനങ്ങൾ മലയാളികൾ നേരിട്ട് കണ്ടു ആസ്വദിക്കുകയും സമകാലിക ചിത്രകലയെ മനസിലാക്കുകയും ചെയ്യുന്നു.

ഈ അവസരത്തിലാണ് കൊച്ചി മുസിരിസ് ബിന്നാലെ എന്ന 108 ദിവസം നീണ്ടു നില്ക്കുന്ന അന്താരാഷ്‌ട്ര നിലവാരമുള്ള സമകാലീന ചിത്രങ്ങളുടെ പ്രദർശനം നടക്കുന്നത്. കേരളത്തിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും നിരവധി ചിത്രകാരന്മാരും ചിത്രകാരികളും ഇതിൽ പങ്കെടുക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ സമകാലിക ചിത്ര, ശിൽപ്പ കലകളും അനുബന്ധ കലകളും ആസ്വദിക്കുന്നു.

കേരളത്തിൽ ചലച്ചിത്ര അക്കാദമിയും ഫിലിം സൊസൈറ്റികളും നടത്തി വരുന്ന ഫിലിം ഫെസ്റ്റിവലുകൾ കേരളീയ സിനിമയെ അന്താരാഷ്‌ട്ര നിലവാരം ഉള്ളതാക്കാൻ വഹിച്ച പങ്ക് വളരെ വലുതാണല്ലോ. അത് പോലെ കേരളീയ ചിത്രകലയെ ലോകം ശ്രദ്ധിക്കുന്ന തരത്തിൽ വളർത്തി എടുക്കാൻ കൊച്ചി മുസിരിസ് ബിന്നാലെയ്ക്ക് സാധിക്കും എന്ന് പ്രത്യാശിക്കുന്നു.

Comments