![]() |
ഒരു പക്ഷെ ആത്മീയ രംഗത്ത് ശ്രീ നാരായണ ഗുരുവും സാഹിത്യ രംഗത്ത് വൈക്കം മുഹമ്മദ് ബഷീറും വഹിച്ച പങ്ക് മലയാള സിനിമയിൽ വഹിക്കുന്നത് ശ്രീനിവാസൻ ആയിരിക്കും. സാമൂഹിക മാറ്റത്തിനായി ഹാസ്യത്തെ നല്ല ആയുധം ആയി സ്വീകരിച്ചവരാണ് ഇവർ. ശ്രീനിവാസനെ ഇന്നും മിക്കവരും ഒരു കച്ചവട സിനിമാക്കാരൻ, ഹാസ്യനടൻ എന്ന രീതിയിലൊക്കെയേ വിലയിരുത്തപ്പെട്ടിട്ടുള്ളൂ. അത് കൊണ്ടു തന്നെ ശ്രീനാരായണഗുരുവിനും വൈക്കം മുഹമ്മദ് ബഷീറിനും ഒപ്പം ശ്രീനിവാസനെയും ഉള്പ്പെടുത്തിയത് പലര്ക്കും പൊരുത്തക്കേട്
ആയി തോന്നാം.
തുടക്കകാലഘട്ടത്തിനു ശേഷം ശ്രീനിവാസൻ സംവിധാനം ചെയ്യുകയും തിരക്കഥ എഴുതുകയും അഭിനയിക്കുകയും ചെയ്ത ചിത്രങ്ങളിൽ മിക്കതും സാമൂഹിക പ്രതിബദ്ധത ഉള്ളവ ആയിരുന്നു. അവയെ ആഴത്തിൽ പഠിച്ചു വിശകലനം ചെയ്യേണ്ടി ഇരിക്കുന്നു. പക്ഷെ ഈ കൊച്ചു ബ്ലോഗ് പോസ്റ്റിൽ അതിൽ കുറച്ചു കാര്യങ്ങൾ എഴുതാൻ ആണ് ആഗ്രഹിക്കുന്നത്.
ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞതായി ഓര്ക്കുന്നു പരിഹസിക്കുക എന്ന് പറഞ്ഞാൽ പരിശുദ്ധീകരിക്കുക എന്നാണ് അർഥം എന്ന്. അദ്ദേഹം ഹാസ്യശരം കൊണ്ടു പരിശുദ്ധീകരിക്കാൻ ശ്രമിച്ച ചില പ്രധാന രംഗങ്ങൾ ഏതൊക്കെ എന്ന് ചുരുക്കി എഴുതാം.
ഒന്നാമതായി അദ്ദേഹം വിമർശിച്ചത് രാഷ്ട്രീയക്കാരെ ആയിരുന്നു.കേരളീയർക്ക് പൊതുവെ സ്ഥിതി സമത്വത്തിൽ വിശ്വസിക്കുന്നവർ ആണ്. കമ്യുണിസ്റ്റ് ചിന്തകൾ അതിനു കരുത്തായി. പക്ഷെ ആ നല്ല ദർശനം പിന്നീട്
പ്രായോഗിക തലത്തിൽ ജീർണ്ണതയിലേക്ക് പോയപ്പോൾ അതിന്റ പോരായ്മകൾ അദ്ദേഹത്തിന്റെ സിനിമകൾ എടുത്ത് കാട്ടി തന്നു.
വരവേല്പ്പ്, മിഥുനം തുടങ്ങിയ സിനിമകളിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവര്ക്ക് നേരിടേണ്ടി വരുന്ന വിവിധ പ്രശ്നങ്ങളെ അവതരിപ്പിച്ചു. സന്ദേശം എന്ന സിനിമ കുടുംബത്തെക്കാൾ രാഷ്ട്രീയത്തെ സ്നേഹിച്ചു വീടിനു ഗുണം ഇലാതെ ആയി പോകുന്നവരെ വിമര്ശിച്ചു. യുവാക്കളുടെ കര്മ്മ ശേഷി വീടുകളിൽ പ്രയോജനപ്പെടുത്തി അങ്ങനെ സാമൂഹ്യ മുന്നേറ്റം ഉണ്ടാക്കുക എന്ന ആശയം ആണ് അതിലൂടെ നമുക്ക് കിട്ടിയത്. അത് കേരളത്തിലെ യുവജനങ്ങൾ ഏറ്റെടുത്തു എന്ന് തന്നെ പറയാം. കാരണം ആ സിനിമ ഇറങ്ങിയതിൽ പിന്നെ കുടുംബ ഭദ്രത ഉറപ്പു വരുത്തിയിട്ടേ യുവാക്കൾ രാഷ്ട്രീയത്തിൽ പ്രവര്ത്തിച്ച്ചിട്ടുള്ളൂ. കേരളത്തിന്റെ സാമ്പത്തിക വളര്ച്ചയിൽ ആ മാറ്റം ഗുണം ചെയ്തു.
സമൂഹത്തിന്റെ പുരോഗതിയെ തടസപ്പെടുത്തുന്ന പക്ഷെ അമിത രാഷ്ട്രീയതയെ ആണ് അദ്ദേഹം എതിർത്തത് അല്ലാതെ അരാഷ്ട്രീയതയുടെ പ്രചാരകൻ ആയിരുന്നില്ല. തൊഴിലാളി വര്ഗ്ഗം ആകണമെങ്കിൽ പുസ്തകം വായിച്ചു ബുദ്ധിജീവി ആകുകയല്ല ' തൊഴിൽ എടുക്കുക, സമൂഹത്തിൽ ഇറങ്ങി പ്രവര്ത്തിക്കുക' എന്ന സന്ദേശം ആണ് അദ്ദേഹം സിനിമകളിലൂടെ പ്രചരിപ്പിച്ചത് എന്നാണ് എന്റെ അഭിപ്രായം. അറബിക്കഥ എന്ന സിനിമയും ഇത്തരം വീക്ഷണം പ്രദാനം ചെയ്യുന്നു. (അതിന്റെ തിരക്കഥ ഇക്ബാൽ കുറ്റിപ്പുറം.)
വൈക്കം മുഹമ്മദ് ബഷീർ സാഹിത്യത്തിന്റെ പ്രത്യകത കഥാപാത്രങ്ങളുടെ കാരിക്കേച്ചർ സ്വഭാവം ആണല്ലോ അത് തന്നെയാണ് ശ്രീനിവാസന്റെ കഥാപാത്രങ്ങളും ഡയലോഗുകളും ഉള്ക്കൊള്ളുന്നത്. എട്ടുകാലി മമ്മൂഞ്ഞും, മൂക്കനും "ന്റുപ്പുപ്പാക്കൊരു ആനേണ്ടാർന്ന്" പോലുള്ള ഡയലോഗും ഒക്കെ നമ്മുടെ സാമൂഹികവും രാഷ്ട്രീയവും ആയ പോങ്ങച്ചത്തിന്റെയും കാപട്യത്തിന്റെയും ഒക്കെ ഹാസ്യാത്മകമായ ആവിഷ്കാരം ആയിരുന്നല്ലോ. അതുപോലെ തന്നെയുള്ളവയാണ്, ശ്രീനിവാസന്റെ മിക്കകഥാപാത്രങ്ങളും ഡയലോഗുകളും.
കുടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ മൂലകാരണങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. സംശയ രോഗിയായ ഭര്ത്താവ് (വടക്കുനോക്കി യന്ത്രം) ആഡംബരക്കാരി ആയ ഭാര്യ (തലയണ മന്ത്രം) വീടുനോക്കാതെ നടക്കുന്ന സ്വപ്ന ജീവി ആയ ഭര്ത്താവ് (ചിന്താവിഷ്ടയായ ശ്യാമള )
കാലഹരണപ്പെട്ട, അപ്രായോഗികമായ വിദ്യാഭ്യാസ സമ്പ്രദായത്തെയും അദ്ദേഹം ചില ഡയലോഗുകളിലൂടെയും ഇംഗ്ലീഷ് മീഡിയം എന്ന സിനിമയിലൂടെയും മറ്റും ആവിഷ്കരിച്ചു.
സിനിമാ രംഗത്തെ പ്രശ്നങ്ങളും അദ്ദേഹം വളരെ വിവാദം ആയ രീതിയിൽ ആവിഷ്കരിച്ചിട്ടുണ്ട്. "നടി വെള്ളത്തിലേക്ക് ചാടുമ്പോൾ കാമറയും വെള്ളത്തിലോട്ട് ചാടട്ടെ" എന്ന് പറയുന്ന ശ്രീനിവാസൻ അവതരിപ്പിച്ച വ്യാജ സംവിധായകൻ നിര്മ്മാതാക്കളെ കുത്ത് പാള എടുപ്പിക്കുന്ന സിനിമയെ നശിപ്പിക്കുന്ന ഒരു വലിയ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നു.
ഒരു പക്ഷെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് ദേഷ്യം തോന്നത്തക്ക വിധത്തിൽ തന്നെ സൂപ്പർ സ്റ്റാറുകളെ വിമർശിച്ചു. പക്ഷെ അവരെ നശിപ്പിക്കുക അല്ലായിരുന്നു അവരുടെ തെറ്റു കുറ്റങ്ങൾ നീക്കി മെച്ചപ്പെടുത്താൻ സഹായിക്കുക ആയിരുന്നു എന്ന് സമീപ കാലസംഭവങ്ങൾ തെളിയിക്കുന്നു.
കൂടുതൽ മെച്ചപ്പെട്ട സിനിമകൾ അദ്ദേഹത്തിൽ നിന്ന് ഇനിയും നമുക്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.
കൂടുതൽ മെച്ചപ്പെട്ട സിനിമകൾ അദ്ദേഹത്തിൽ നിന്ന് ഇനിയും നമുക്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Comments