പെയിന്റിംഗ് എക്സിബിഷനിൽ പോയിട്ടും ഒന്നും മനസ്സിലാകുന്നില്ലേ? കാരണം ഇതാണ്

    ആലപ്പുഴയിൽ ലളിത കലാ അക്കാദമിയുടെ ആർട്ട് ഗാലറി ആരംഭിച്ചതോടു കൂടെ ആദ്യമായി പെയിന്റിംഗ് എക്സിബിഷൻ കാണുന്നവർ ധാരാളം നാട്ടിൽ ഉണ്ട്. കഴിഞ്ഞ ദിവസം അതിൽ ഒരാൾ എന്നോടു ചോദിച്ചു, "എന്ത് കൊണ്ടാണ് എനിക്ക് പെയിന്റിങ്ങ് എക്സിബിഷൻ കണ്ടിട്ട് പെയിന്റിങ്ങുകൾ മനസിലാകാത്തത്?" എന്ന്. 
                    രാജാ രവി വര്മ്മയുടെ ദമയന്തിയും ഹംസവും എന്ന ചിത്രം എല്ലാവര്ക്കും
    മനസിലാകുന്നതിന് കാരണം ആ ചിത്രത്തെ പറ്റിയും രാജാ രവി വര്മ്മയെ പറ്റിയും  സ്കൂളിൽ പഠിച്ചിരുന്നത് കൊണ്ടും മാധ്യമങ്ങളിൽ നിരന്തരം ആ ചിത്രം വരുന്നത് കൊണ്ടും ആണ്. രവിവര്മ്മയുടെ മറ്റൊരു ചിത്രം നോക്കുക ഈ ചിത്രം കണ്ടിട്ട് ഒരു സാധാരണക്കാരന് ഒരു പക്ഷെ ഒന്നും മനസിലായില്ല എന്ന് വരാം. കാരണം ആ ചിത്രത്തെ പറ്റി അയാള് ഒന്നും പഠിക്കുകയോ വായിക്കുകയോ അറിയുകയോ ചെയ്തിരിക്കില്ല എന്നത്
    കൊണ്ടാണ്. 
      
                                        നമ്മുടെ സ്കൂളുകളിൽ ഇന്നും കേരള ചിത്രകല എന്ന് പറഞ്ഞാൽ രാജാ രവിവർമ്മയുടെ ചിത്രങ്ങൾ ആണ്. അതിന് മുന്പും  പിൻപും ഉള്ള ചിത്രകലയെ പറ്റിയോ ചിത്രകാരന്മാരെ പറ്റിയോ വിവിധ ചിത്രകലാ സമ്പ്രദായങ്ങളെ പറ്റിയൊ ഒന്നും സ്കൂളുകളിലോ കോളേജുകളിലോ ഒന്നും  സാധാരണ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നില്ല. അത് കൊണ്ടാണ് പ്രധാനമായും നവീന ചിത്രകല പൊതു ജനങ്ങൾക്ക് മനസിലാകാത്തത്. 

    ഒരു ചിത്രത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ  താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ് :

    • ഏത് മാധ്യമത്തിലാണ് ചിത്രം വരച്ചിരിക്കുന്നത്?
    • എന്താണ് ചിത്രത്തിന്റെ വിഷയം?
    • കലാകാരന്റെ ജീവിത പശ്ചാത്തലം എന്താണ്?
    • അദ്ദേഹത്തിന്റെ മുൻകാല സൃഷ്ടികൾ എന്തൊക്കെയാണ്?
    • ചിത്രം സൃഷ്ടിക്കപ്പെട്ട സാമൂഹിക-ചരിത്രപരമായ സാഹചര്യം എന്തായിരുന്നു?
    • ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രതീകങ്ങൾ എന്തൊക്കെയാണ്? 

                   രാജാ രവിവർമ്മയുടെ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പം മനസ്സിലാകുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത് അവയിൽ നമുക്കറിയാവുന്ന  പുരാണ കഥാപാത്രങ്ങളെയും ജീവിതസാഹചര്യങ്ങളെയും യാഥാർത്ഥ്യരീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. രണ്ടാമത് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും കുറിച്ച് നമ്മൾ സ്കൂൾ കാലം മുതൽ കേട്ടും പഠിച്ചും വരുന്നു.  ഇങ്ങനെ  മനസ്സിലാക്കിയത് കൊണ്ടാണ് മഹാനായ ചിത്രകാരനായ രാജാരവിവര്മ്മയുടെ ചിത്രങ്ങൾ നമ്മൾ അനായാസം  ആസ്വദിക്കുന്നത്. 
                കഥകളി മനസിലാകുവാൻ പഠനം ആവശ്യം ആണെന്നത് പോലെ നവീന ചിത്രകല മനസ്സിലാക്കുവാൻ ചിത്രകലാ പഠനവും നിരന്തരമായ ചിത്രങ്ങൾ കണ്ടുള്ള പരിചയവും ആവശ്യം ആണ്. 
                       ചിത്രകല ഒരു ചിത്രം നോക്കുന്നതിൽ മാത്രം ഒതുങ്ങുന്ന അനുഭവമല്ല; അത് കാണാനും ചിന്തിക്കാനും പഠിക്കാനുമുള്ള ഒരു യാത്രയാണ്. അതുകൊണ്ട് ചിത്രകലാ ആസ്വാദന ക്ലാസുകളും സംവാദങ്ങളും ഗ്രാമങ്ങളിലും നഗരങ്ങളിലും കൂടുതൽ സംഘടിപ്പിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

    Comments