ഓലപ്പുരയുടെ ഓർമ്മകൾ: ഒരു കർഷക കുടുംബത്തിന്റെ ബാല്യകാല സ്മരണകൾ


പുന്നപ്രയിൽ അൽപ്പം ഉൾഭാഗത്തായാണ് എന്റെ അമ്മയുടെ കുടുംബവീട്. പണ്ട് അവിടെ അൽപ്പം  വലിയ ഓലപ്പുര ആയിരുന്നു. പത്ത് പന്ത്രണ്ട് പേര് താമസിച്ചിരുന്ന  കർഷക കുടുംബം. 
 പറമ്പിന്റെ ഒരു മൂലയ്ക്ക് തോടിനരുകിലായി  മുള വളർത്തിയിരുന്നു. ഒരു വശത്ത്  പശു തൊഴുത്ത്. പറമ്പിൽ തെങ്ങുകൾ, കമുകുകൾ, മാവുകൾ.. കച്ചിത്തുറു.. വീടിനുള്ളിൽ നെല്ല് സൂക്ഷിക്കാനുള്ള പത്തായം. പറമ്പും പാടവും ആയി നാലേക്കറിലധികം സ്ഥലം അമ്മുമ്മയ്ക്ക് ഉണ്ടായിരുന്നു. അതിൽ ആണ് എല്ലാം കൃഷി ചെയ്തിരുന്നത്. (8 കുടി കിടപ്പ് കാർക്ക് 9-10 സെൻ്റ് സ്ഥലം വച്ച് അപ്പൂപ്പൻ നൽകിയിരുന്നു)
         നെല്ല് ഉരലില് ഇട്ടു കുത്തി അരിയാക്കി എടുക്കും. ഉച്ച കഴിഞ്ഞാല് പെണ്ണുങ്ങൾ കയറു പിരിക്കുകയും ഓല മെടയുകയും ചെയ്യും.. അത് പോലെ വേലിക്കരികിലെ കൈത ഓല കൊണ്ടു പായും ഇരിക്കത്തടുക്കും വട്ടിയും ഒക്കെ അമ്മുമ്മ സ്വയം ഉണ്ടാക്കുമായിരുന്നു.  
             ഒരു വീട് പണിയുന്നതിന് അന്ന് പണച്ചിലവ് അധികം ഒന്നും ഇല്ലായിരുന്നു.. ആവശ്യമായ ഓല, കയറ്,  മുള, കമുക് തടികൊണ്ടുള്ള വാരി, തിണ്ണ മെഴുകാനുള്ള  ചാണകം എല്ലാം അവിടെ തന്നെ ഉണ്ടായിരുന്നു.. ഒരു മാവ് വെട്ടി ആവശ്യമായ പലക അറുപ്പിച്ചെടുക്കും.. പണികൾ ചെയ്തിരുന്നത് വീട്ടുകാരും സുഹൃത്തുക്കളും ചേർന്നായിരുന്നു. പകരം അവരുടെ വീട് കെട്ടുമ്പോൾ ഇവിടുള്ളവരും അവിടെ പോയി സഹായിക്കും. പുര കെട്ടുന്നതും കച്ചിത്തുറു നിർമ്മിക്കുന്നതും ഒക്കെ ഒരു ആഘോഷം പോലെയാണ് ചെയ്തിരുന്നത്.   
                                  പുന്നപ്രയിലെ അമ്മയുടെ കുടുംബവീട്ടിൽ ചെറുപ്പത്തിൽ പോയി താമസിക്കുമ്പോൾ ഒത്തിരി മധുര സ്മരണകൾ ഉണ്ട്. വീടിന് പുറകിലെ തോട്ടിലും കുറേ കൂടെ കിഴക്കോട്ട് നടന്നു പോകുമ്പോൾ ഉള്ള കായലിലും ഒക്കെ കുളിക്കുമ്പോൾ ആണ് ഞാൻ നീന്തൽ പഠിച്ചത്. 
             കായലിനരികിൽ അമ്മുമ്മയുടെ സ്വന്തമായ പാടവും  15 സെൻറ് പറമ്പും ഉണ്ടായിരുന്നു.. പാടത്തെ  നെല്ല് കുത്തി ഉണ്ടാക്കുന്ന അവൽ ശർക്കരയും തേങ്ങയും ഒക്കെ ചേർത്ത് കഴിക്കുന്നതിൻറെ  രുചി ഇപ്പോഴും നാവിലുണ്ട്. 
         പക്ഷെ അവിടെ രാത്രി ഉറക്കം എനിക്ക് ഒരു പ്രശ്‍നം ആയിരുന്നു. അച്ഛന്റെ കുടുംബ വീട്ടിൽ ഫാനിട്ട് കിടന്ന് ശീലിച്ചത് കൊണ്ട് അക്കാലത്ത് കറണ്ട് കിട്ടിയിട്ടില്ലാത്ത ആ വീട്ടിൽ വേനലിലെ ചൂടിൽ കിടക്കുന്നത് അസഹനീയം ആയിരുന്നു. അത് കൊണ്ട് വീടിന് പുറത്തെ പഞ്ചാര മണലിൽ പായ വിരിച്ചാണ് പലപ്പോഴും ഞാൻ കിടന്നിരുന്നത്. നീലാകാശവും ചന്ദ്രനും മേഘങ്ങളും ഒക്കെ കണ്ട് ആസ്വദിച്ച് കിടക്കുന്നത് ഒരു അനുഭൂതിയായിരുന്നു. കൂടെ ഉണ്ടാകുമായിരുന്ന ചിറ്റമാർ സിനിമാക്കഥകൾ ഒക്കെ പറഞ്ഞു തരും. ടൈറ്റിൽ എഴുതി കാണിക്കുന്നത് മുതൽ  സീൻ ബൈ സീൻ ആയി സിനിമയുടെ കഥ പറഞ്ഞു തരുമ്പോൾ ഒരു സിനിമ കാണുന്ന അനുഭവം തന്നെ ആയിരുന്നു. 

                          ഓലപ്പുര എത്ര സൂക്ഷ്മമായി കെട്ടിയാലും ഇടയ്ക്ക് ദ്വാരം ഉണ്ടാകും. അതിലൂടെ പകൽ സൂര്യപ്രകാശം വട്ടത്തിൽ വീണ് കിടക്കും. സൂര്യഗ്രഹണം ഉണ്ടായ ഒരു ദിവസം അത്ഭുതകരമായ ഒരു കാഴ്ച കാണാൻ സാധിച്ചു. മുറിക്കുള്ളിൽ വട്ടത്തിൽ വീണ് കിടക്കുന്ന സൂര്യപ്രകാശം ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നതനുസരിച്ച് ചന്ദ്രക്കല പോലെ സൂര്യക്കല ആയി മാറുന്ന കാഴ്ച മറക്കാനാവില്ല. ഇതിന് ശാസ്ത്ര ദൃഷ്ട്യാ Pinhole Camera Effect എന്നാണ് പേര് എന്ന് ഗൂഗിൾ പിന്നീട് പറഞ്ഞപ്പോൾ ആണ് മനസിലായത്. കലവൂര് അച്ഛന്റെ വീട്ടിൽ വച്ച് കണ്ണാടിയിൽ സൂര്യപ്രകാശം ഭിത്തിയിലേക്ക് റിഫ്ളക്ട് ചെയ്യിപ്പിച്ച് ആണ് സൂര്യ ഗ്രഹണം പ്രധാനമായും കണ്ടിരുന്നത്. 

Pinhole Camera Effect ന്

ജമിനി AI  ഉണ്ടാക്കി തന്ന 

മാതൃകാ ചിത്രം 

"കണ്ടോ ഇങ്ങനെ ഉള്ള അത്ഭുത കാഴ്ചകളൊന്നും കലവൂര് വീട്ടിൽ കാണാൻ പറ്റില്ല" എന്ന് ഒരു ചിറ്റ പറഞ്ഞത് ഓർക്കുന്നു. അവരൊക്കെ പിന്നീട് സർക്കാർ ഉദ്യോഗസ്ഥരായി വലിയ വീടുകൾ വച്ചു. കാലം മാറിയപ്പോൾ ജീവിത സാഹചര്യങ്ങളും മാറി. പക്ഷേ ആ ഓലപ്പുരയിൽ ചെലവഴിച്ച ദിവസങ്ങളുടെ സമ്പത്ത് ഇന്നും മനസ്സിൽ ബാക്കിയുണ്ട്.
                           പല കുട്ടനാടൻ കർഷക കുടുംബങ്ങളും ഒരുകാലത്ത് ഇങ്ങനെയായിരിക്കാം ജീവിച്ചിരുന്നത്. ഇന്ന് ഒരു ഓലപ്പുര  കാണുന്നത് റിസോര്ട്ടിലാണ്.പതിനായിരം മുതൽ ആണ് ഒരു ദിവസത്തെ വാടക. ഭൂമിയോട് ചേർന്ന ഒറ്റനില വീടുകൾ ആണ് റിസോർട്ടുകൾക്ക് ഉള്ളത് എന്നത് പഴയ കാലത്തെ നന്മകളിലേക്കുള്ള തിരിച്ചുപോക്കിന് വേണ്ടി ആയിരിക്കാം. 

                       ഇന്ന് കൃഷി ചെയ്യാനും ജീവജാലങ്ങളെ പരിചരിക്കാനും ആർക്കും സമയം ഇല്ലാതെ ആയിരിക്കുന്നു. നമ്മുടെ നഷ്ടപ്പെട്ട ശുദ്ധ പ്രകൃതിയും ആരോഗ്യവും നന്മകളും ആധുനിക കാലത്തും തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു.

അല്ലെങ്കില് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം അവയൊക്കെ നഷ്ട പ്പെടും.

   ഉൽപാദകരിൽ നിന്ന് ഉപഭോക്താക്കളായി മാത്രം മാറുന്ന ഒരു സമൂഹമായി നാം ചുരുങ്ങിപ്പോകരുത്.

               ഓലപ്പുര വെറും ഒരു വീടല്ലായിരുന്നു. പ്രകൃതിയോട് ചേർന്ന ജീവിതത്തിന്റെയും സ്വാശ്രയത്വത്തിന്റെയും കൂട്ടായ്മയുടെയും ഒരു പാഠപുസ്തകമായിരുന്നു അത്. 
                   ഇന്ന് അവശേഷിക്കുന്നത് ഓർമ്മകൾ മാത്രം. എന്നാൽ ആ ഓർമ്മകൾ ഇന്നും നമ്മോട് പറയുന്നത് പ്രകൃതിയിലേക്കുള്ള മടങ്ങിപ്പോക്കാണ് അവനവൻറെ  യഥാർത്ഥ യാത്ര എന്ന സത്യമാണ്.

                                             ************************************

                                        Pictures created using Gemini and Chat Gpt

Comments