
സുകുമാര്‍ സാർ ഉദ്ഘാടനം ചെയ്ത
സംഘചിത്ര രചനയുടെ ദേശാഭിമാനിയില്‍
2006ല്‍ വന്ന ഫോട്ടോ
ജീവിതത്തിൽ ചില അംഗീകാരങ്ങൾ അവാർഡുകളേക്കാളും വിലപ്പെട്ടവയാണ്. നമ്മൾ ആദരവോടെ വായിച്ചും ആരാധിച്ചും വളർന്ന ഒരാൾ നമ്മുടെ സൃഷ്ടിയെ വായിച്ച് ഹൃദയത്തിൽ നിന്നുള്ള ഏതാനും വാക്കുകൾ കുറിച്ചയയ്ക്കുമ്പോൾ, അത് ഒരു അഭിനന്ദനക്കത്ത് മാത്രമല്ല—മുന്നോട്ടുള്ള യാത്രയ്ക്ക് വഴികാട്ടുന്ന വെളിച്ചമാണ്.എന്റെ ആദ്യ സാഹിത്യസമാഹാരമായ 'ഒഴുകുന്ന പൂവിതൾ' പ്രസിദ്ധീകരിച്ചതിന് ശേഷം എനിക്ക് ലഭിച്ച അത്തരമൊരു അമൂല്യസമ്മാനമായിരുന്നു പ്രശസ്ത സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ സുകുമാർ സാർ അയച്ച കത്ത്.
വർഷങ്ങൾ കഴിഞ്ഞിട്ടും ആ കൈപ്പടയിലെ ഓരോ വാക്കും എന്റെ ഓർമ്മയിലും കലാജീവിതത്തിലും ഇന്നും മായാതെ നിലകൊള്ളുന്നു.
ആ കത്തിന്റെയും അതിന് പിന്നിലെ മറക്കാനാവാത്ത അനുഭവങ്ങളുടെയും ഓർമ്മയാണ് ഈ കുറിപ്പ്.

സംഘചിത്ര രചനയുടെ ദേശാഭിമാനിയില്‍
2006ല്‍ വന്ന ഫോട്ടോ
2006ല്‍ കലവൂരിൽ വച്ച് നടന്ന ഒരു സംഘ ചിത്ര രചന സുപ്രസിദ്ധ സാഹിത്യകാരനും കാര്‍ട്ടൂണിസ്റ്റുമായ ശ്രി. സുകുമാര്‍ സാർ ആയിരുന്നു ഉദ്ഘാടനം ചെയ്തത്. അവിടെ വച്ചാണ് അദ്ദേഹത്തെ ആദ്യമായി ഞാൻ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോ ദേശാഭിമാനി പത്രത്തിൽ വന്നപ്പോൾ അദ്ദേഹത്തിൻ്റെ കൂടെ ഞാനും ഉണ്ടായിരുന്നു.
2007ല്‍ അമ്പലപ്പുഴയില്‍ വച്ച് നടന്ന ലജുമോന്‍ അനുസ്മരണ ഏകദിന കാര്‍ട്ടൂണ്‍ ക്യാമ്പില്‍ വച്ച് അദ്ദേഹത്തെ കൂടുതല്‍ പരിചയപ്പെടുകയും, 2001ല്‍ പ്രസിദ്ധീകരിച്ച എന്‍റെ ആദ്യ പുസ്തകം 'ഒഴുകുന്ന പൂവിതള്‍' നല്‍കുകയും ചെയ്തു. അന്ന് അവിടെ വച്ച് അഡ്വ. ജിതേഷ് സാറിന്‍റെ കാര്‍ട്ടൂണ്‍ ക്ലാസ്സിലും പങ്കെടുത്തു. സുകുമാർ സാർ അന്ന് ഞങ്ങളോടോപ്പം ഒത്തിരി സമയം ഇരുന്ന് കുറേ തമാശ കഥകൾ പറഞ്ഞു തന്നിരുന്നു.
പുസ്തകം കൊടുത്ത കാര്യം ഒക്കെ ഞാൻ മറന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്‍റെ ഒരു പോസ്റ്റ് കാര്‍ഡ് ലഭിച്ചു.
"പ്രിയ സുഹൃത്തെ,
ബഹുമുഖ പ്രതിഭയായ താങ്കളുടെ 'ഒഴുകുന്ന പൂവിതള്‍' മടക്കയാത്രയില്‍ തന്നെ സാവകാശം വായിച്ചു. വളരെ സന്തോഷിച്ചു. പ്രതിഭയുടെ പ്രോജ്വല സ്ഫുരണങ്ങൾ അവയില്‍ ചിലതില്‍ മിന്നിത്തിളങ്ങിയെന്നറിയിക്കാന്‍ ആഹ്ളാദമുണ്ട്. പ്രശോഭനമായ ഭാവിയുണ്ട്. തീര്‍ച്ച. എല്ലാ ഭാവുകങ്ങളും!
ക്ഷേമാശംസകളോടെ
സ്നേഹപൂര്‍വ്വം സുകുമാര്‍."
ചെറുപ്പം മുതല്‍ ഞാന്‍ അത്ഭുതാദരവോടെ വായിച്ചിരുന്ന ഒരു വലിയ സാഹിത്യകാരന്‍ എന്‍റെ പുസ്തകം വായിക്കുകയും കത്തയക്കുകയും ചെയ്തത് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമായ് കരുതുന്നു.
ഇന്ന് സുകുമാർ സാർ നമ്മോടൊപ്പമില്ല. എന്നാൽ അദ്ദേഹം എഴുതിയ ആ പോസ്റ്റ് കാർഡ് ഇന്നും എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അംഗീകാരങ്ങളിൽ ഒന്നായി ഞാൻ സൂക്ഷിച്ചുവെക്കുന്നു. ഒരു യുവ എഴുത്തുകാരനിൽ അദ്ദേഹം അർപ്പിച്ച വിശ്വാസം ഇന്നും എന്റെ എഴുത്തിനും ചിത്രരചനയ്ക്കും പ്രചോദനമാണ്.
ചില കത്തുകൾ കാലം മായ്ക്കുന്നില്ല; അവ ജീവിതത്തെ തന്നെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നു.

Comments