കവിത ചിലപ്പോൾ എഴുതപ്പെടുന്നതിനേക്കാൾ ഒരു കവിയുടെ ഉള്ളിൽ നിശ്ശബ്ദമായി മുഴങ്ങിക്കൊണ്ടിരിക്കുന്ന സംഗീതമായി ജനിക്കുന്നു. ആ സംഗീതം ആദ്യം തിരിച്ചറിയുന്നത് പലപ്പോഴും കവിയല്ല, ഒരു നല്ല ഗുരുവായിരിക്കും. വർഷങ്ങൾക്കുശേഷം ജീവിതം തന്നെ ആ വാക്കുകളുടെ സത്യാവസ്ഥ തെളിയിക്കുമ്പോഴാണ് ആ ഉപദേശത്തിന്റെ ആഴം മനസ്സിലാകുന്നത്.
ഈ കുറിപ്പ് എന്റെ സാഹിത്യജീവിതത്തിലെ അത്തരമൊരു അപൂർവ അനുഭവത്തിന്റെ ഓർമ്മയാണ്. പ്രൊഫസർ പി. ഒ. പുരുഷോത്തമൻ സാറിന്റെ വിലപ്പെട്ട ഉപദേശവും, എന്റെ ചെറുകവിതയായ **"കാവ്യകന്യ"**യുടെ പിന്നിലെ കഥയും, ഒരു കവിതയുടെ അന്തർലീന സംഗീതം ഞാൻ കണ്ടെത്തിയ നിമിഷങ്ങളും ഇതിൽ പങ്കുവയ്ക്കുന്നു. എന്റെ എഴുത്തുയാത്രയിൽ ഗുരുവിന്റെ ദർശനവും കവിതയുടെ ആത്മാവും എങ്ങനെ ഒന്നായിത്തീർന്നുവെന്നതിന്റെ ചെറിയൊരു സ്മരണ കൂടിയാണിത്.
കലവൂരിനടുത്ത് താമസിച്ചിരുന്ന മലയാളം പ്രൊഫസർ പി. ഒ. പുരുഷോത്തമൻ സാറായിരുന്നു സാഹിത്യരചനയിൽ എനിക്ക് ആദ്യപാഠങ്ങൾ പറഞ്ഞുതന്നത്. "കഥയിൽ പ്രസ്താവനകൾ അഭംഗിയാണ്" എന്നതുപോലുള്ള നിരവധി വിലപ്പെട്ട നിരീക്ഷണങ്ങൾ അദ്ദേഹത്തിൽ നിന്നാണ് ഞാൻ പഠിച്ചത്.
'ഒഴുകുന്ന പൂവിതൾ' എന്ന എൻ്റെ ആദ്യ സാഹിത്യ സമാഹാരത്തിലെ നുറുങ്ങു കവിതകൾ പ്രസിദ്ധീകരിക്കും മുൻപ് കാണിച്ചിട്ട് അദ്ദേഹത്തോട് ഇതൊന്നു വൃത്തത്തിൽ ആക്കാൻ സഹായിക്കണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു
"എന്തിനാണ് ഇത് വൃത്തത്തിൽ ആക്കുന്നത്?"
ഞാൻ പറഞ്ഞു വൃത്തത്തിൽ എഴുതിയാലേ ഈണ ത്തിൽ ചൊല്ലാൻ പറ്റൂ അതുകൊണ്ടാണെന്ന് .
അപ്പോൾ സാർ പറഞ്ഞു
"ഈ കവിതകളിൽ ഇൻെറണൽ മ്യൂസിക് (internal music) ഉണ്ട്. വൃത്തത്തിൽ ആക്കിയാൽ അതിന്റെ തനിമ പോകും " എന്ന്.
ഞാൻ തെല്ലു നിരാശയോടെ ആണ് തിരികെ പോന്നത്. ഞാൻ വൃത്തത്തിൽ എഴുതാതിരിക്കാൻ വേണ്ടി പറഞ്ഞതാണോ എന്ന് പോലും സംശയിച്ചു.
പക്ഷെ പിന്നീട് ഒരിക്കൽ യുവകലാ സാഹിതിയുടെ ഒരു സാഹിത്യ ക്യാമ്പിൽ വച്ച് സാഹിത്യ തല്പരനായ ഒരാൾ എൻ്റെ പുസ്തകത്തിൻ്റെ ഒരു കോപ്പി സൗജന്യമായി കൊടുക്കുമോ എന്ന് ചോദിച്ചു. ഞാൻ അൽപ്പം വൈമനസ്യം കാണിച്ചപ്പോൾ അയാൾ ആ പുസ്തകം എടുത്ത് അതിലെ 'ഞാനെന്റെ ജനലുകൾ "എന്ന് തുടങ്ങുന്ന ചെറു കവിത ഈണത്തിൽ ചൊല്ലിയപ്പോൾ ഞെട്ടലോടെ ആണ് അത് കേട്ടത്.
എന്റെ കവിതയും ഈണത്തിൽ ചൊല്ലാൻ പറ്റും എന്ന് മനസിലാക്കി.
അന്ന് രാത്രി വീട്ടില് വന്നിട്ട് ആ പുസ്തകത്തിലെ മൂന്നു നാല് കവിതകൾക്ക് ഞാൻ ഈണം കൊടുത്ത് അമ്മയെ ചൊല്ലി കേൾപ്പിച്ചു. അന്ന് പുരുഷോത്തമൻ സാർ പറഞ്ഞ 'അന്തർലീനമായ സംഗീതം' അത്ഭുതത്തോടെ അങ്ങനെ കണ്ടെത്തി. അത് മൊബൈലിൽ റിക്കൊര്ട് ചെയ്ത് ഇട്ടിരുന്നു.
പിന്നെ ഒരിക്കൽ പ്രിയ സുഹൃത്തും കവിയും കവിത ചോല്ലുന്നതിൽ അഗ്രഗണ്യനും ആയ അജി കാട്ടൂർ വീട്ടിൽ വന്ന ഒരു ദിവസം ഈ കവിത ചൊല്ലിക്കൊടുത്ത്തപ്പോൾ അദ്ദേഹം അത് ഗമകങ്ങൾ ഒക്കെ ചേര്ത്ത് ഭാവ തീവ്രമായി ആലപിച്ചു.
അതാണ് ഈ യു ടുബ് വിഡിയോ ആക്കിയത്. (ഒരിക്കൽ അജി കാട്ടൂർ ശ്രീ അയ്യപ്പപണിക്കരുടെ ഒരു കവിത അദ്ദേഹത്തിന്റെ മുന്നില് വച്ചു ഒരു പരിപാടിയ്ക്ക് പാടിയപ്പോൾ അയ്യപ്പപണിക്കര് അജിയെ കെട്ടിപ്പിടിച്ചു ചുംബിച്ച് അഭിനന്ദിച്ചിരുന്നു. )
ഇനി ഈ കവിത ബാക്കിവരികൾ കൂടെ ചേര്ത്ത് ഇടക്കയും ഓടക്കുഴലും ഒക്കെ സഹിതം റിക്കോര്ഡ് ചെയ്ത് പ്രൊഫസർ പുരുഷോത്തമൻ സാറിന് സമർപ്പിച്ചു ഇറക്കണം എന്ന് കരുതുന്നു.
കാവ്യകന്യ
(കവിത) ഹരിശങ്കര്‍ കലവൂര്‍
ഹൃത്തില്‍ പിറന്ന കാവ്യകന്യേ..
നോവും മനസ്സില്‍ തേന്‍ പുരട്ടും നിന്‍റെ
കരങ്ങളില്‍ ഒന്ന് ചുംബിക്കട്ടെ ഞാന്‍ ..

Comments