ചിത്രകലയുടെ സാമൂഹികപ്രതിബദ്ധതയും പ്രസക്തിയും


സം
ഗീതം സാഹിത്യം തുടങ്ങിയ കലകളില്‍ ഏതിനാണ് ഏറ്റവും പ്രാധാന്യം എന്ന് ചോദിച്ചാല്‍ സാഹിത്യത്തിനു എന്നേ ഞാന്‍ പറയുമായിരുന്നുള്ളൂ. 
   കാരണം സാഹിത്യത്തിനു സംഗീതമില്ലാതെ നില്‍ക്കാം പക്ഷെ സംഗീതത്തിന് സാഹിത്യം ഉണ്ടെങ്കിലെ പൂര്‍ണതതോന്നൂ അതുപോലെ നൃത്തത്തിനും ചിത്രകലയ്ക്കും ശില്പകലയ്ക്കും ഒക്കെ സാഹിത്യത്തിന്‍റെ പിന്‍ബലം ഉണ്ടാകുമ്പോഴാണ് ജനങ്ങള്‍ കൂടുതലായി അതിനെ ഓര്‍ത്തിരിക്കുന്നത്. 
ചിത്രകലയും ചരിത്രവും
             ഇക്കാര്യം ഞാന്‍ സുഹൃത്തായ  പ്രൊഫസർ ജോസ് കാട്ടൂര്‍ സാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു മനുഷ്യന്‍ ഭാഷ ഉണ്ടാക്കിയതിനു മുന്‍പേ ചിത്രകല ഉണ്ടായിരുന്നു അവര്‍ ഗുഹാഭിത്തിയിലും മറ്റും വരച്ചു അവന്‍റെ ആദ്യ കലാസൃഷ്ടി അനശ്വരമാക്കി. ഒരു കഥയോ കവിതയോ എഴുതും  മുന്‍പ് അതിന്‍റെ ചിത്രമാണ് മനസ്സില്‍ വരുന്നത്. അതുകൊണ്ടു ചിത്രകലയ്ക്കാണ് സാഹിത്യത്തെക്കാള്‍ പ്രാധാന്യം എന്ന്.
Magnificent cave paintings, the oldest are
more than 100 centuries old.
 
സാമൂഹികമായ അവഗണന
                  അത് ഒരു തര്‍ക്ക വിഷയം ആയിരിക്കാം പക്ഷെ നമ്മള്‍ കേരളീയര്‍ ചിത്രകലയ്ക്ക് വേണ്ട പ്രാധാന്യം കൊടുക്കുന്നുണ്ടോ? ഏറ്റവും കൂടുതല്‍ ചിത്രകാരന്മാരും  കാര്‍ട്ടൂണിസ്റ്റുകളും  ജനിക്കുന്ന നാടാണ് കേരളം. ഇവിടെ നിന്ന് ലോകപ്രശസ്തരായ അനേകം ചിത്രകാരന്മാര്‍ ജനിച്ചിട്ടുണ്ട്. പക്ഷെ അവര്‍ക്കെല്ലാം ഒരേ സ്വരത്തില്‍ പറയാനുണ്ടാകുക കേരളത്തില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടിയ കയ്‌പ്പേറിയ അനുഭവങ്ങളായിരിക്കാം. 
               ചിത്രകാരന്മാരെയും ചിത്രകാരികളെയും 'മുളയിലെ നുള്ളി കളയുക' എന്ന 'മഹത്' ഉദ്ദേശത്തോടെ ആണെന്ന് തോന്നുന്നു കേരളത്തിലെ സ്കൂളുകളില്‍ നിന്ന് ചിത്രകലാഅധ്യാപകരുടെ നിയമനം നിര്‍ത്തിയത്!! സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളുടെ അംഗീകാരം റദ്ദാക്കി പല ചിത്ര കലാപഠനസ്ഥാപനങ്ങളും പൂട്ടിച്ചു. ഉള്ളവ നാമമാത്രമായ വിദ്യാര്‍ഥികളെയും കൊണ്ടു വെറുതെ സമയം തള്ളി നീക്കുന്നു. 
              സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇങ്ങനെയുള്ള സമീപനമാനെങ്കില്‍ പൊതുജനം ചിത്രകാരന്മാരെ എത്ര വില ഇല്ലാത്തവരായി ആണ് കാണുന്നത് !!                      ലക്ഷങ്ങള്‍ മുടക്കി തറയില്‍ മാര്‍ബിളും ടയില്സും ഒക്കെ ഇടുന്നവര്‍ ഒരു അയ്യായിരം രൂപ മുടക്കി ഒരു ചിത്രം വാങ്ങി വീട്ടില്‍ തൂക്കില്ല. ഒരു ചിത്രം വരക്കാന്‍ അത്രയ്ക്ക് ചിലവുണ്ടോ  എന്നാണു അവരുടെ ചോദ്യം!! 
                  ഒരു ചിത്രകാരന്‍ എത്രയോ വര്ഷം ജീവിതം ഹോമിച്ച്ചിട്ടാണ് ഒരു പ്രൊഫഷണൽ ചിത്രകാരന്‍ ആകുന്നത്!! ഒരു ചിത്രം പൂര്‍ത്തിയാക്കാന്‍ അയാള്‍ക്ക്‌ ദിവസങ്ങളോ മാസങ്ങളോ വേണ്ടി വന്നേക്കാം. 
                 ഒരു സാധാരണ തൊഴിലാളിക്ക് ദിവസം ഇന്ന് നാനൂറു രൂപ പ്രതിഭലം ഉണ്ടെങ്കില്‍ എത്രയോ വർഷം പഠിച്ചു ദിവസങ്ങളോളം തന്‍റെ ജീവരക്തം നല്‍കി വരച്ച ചിത്രത്തിനു ഒരു തൊഴിലാളിക്ക് കൊടുക്കുന്ന പ്രതിഭലം പോലും കൊടുക്കാന്‍ ശരാശരി മലയാളി തയ്യാറല്ല എന്നത് ലജ്ജാവഹമാണ്. ചിത്രങ്ങള്‍ സൌജന്യമായി കിട്ടേണ്ടതാണ് എന്നാണു പലരുടെയും ധാരണ.
പിക്കാസോയുടെ ഗോര്‍നിക്ക
എന്ന യുദ്ധത്തിനെതിരായ ചിത്രം. 

      ഇത്ര വില കൊടുത്തു ചിത്രം വാങ്ങിച്ചിട്ട് എന്ത് പ്രയോജനം എന്നാണു ചിലരുടെ വിചാരം. ചിത്രകലയുടെ വിപണനം ഒരു സംസ്കാരമായ ഇടങ്ങളില്‍ അത്  സ്വര്‍ണത്തെക്കാള്‍ വിലപിടിച്ച്ചതാണ്. കാരണം ഒരു പ്രതിഭയുള്ള ചിത്രകാരന്‍റെ ചിത്രം സ്വന്തമാക്കിയാല്‍ ക്രമേണ ആ ചിത്രത്തിനുള്ള മൂല്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കും. കെ സി എസ് പണിക്കരെ പോലെയുള്ള ചിത്രകാരന്മാരുടെ രേഖാചിത്രങ്ങള്‍ക്ക് പോലും ഇന്ന് ലക്ഷക്കണക്കിന്‌ രൂപയുടെ മൂല്യം ഉണ്ട്. 

പിക്കാസോ വരച്ച സമാധാനസന്ദേശവാഹിയായ ചിത്രം. 

    ചിത്രകല ഇങ്ങനെ വിപണി മാത്രം ലക്ഷ്യമാക്കുന്ന ഒന്നല്ല അതിനു കാലട്ടത്തോടു പ്രതികരിക്കാനും സമൂഹത്തില്‍ മാറ്റം വരുത്താനും ശക്തി ഉണ്ട്. 
                            ഉദാഹരണത്തിനു പിക്കാസോയുടെ ഗോര്‍ണിക്ക പോലെയുള്ള ചിത്രങ്ങള്‍ നോക്കിയാല്‍ മതി. ഗ്വേർണിക്ക പോലുള്ള ചിത്രങ്ങൾ യുദ്ധത്തിന്റെ ഭീകരത ലോകമനസ്സാക്ഷിക്ക് മുന്നിൽ ശക്തമായി അവതരിപ്പിച്ചു; യുദ്ധവിരുദ്ധ ബോധം വളർത്തുന്നതിൽ അവ നിർണായക പങ്കുവഹിച്ചു. അദ്ദേഹം രൂപപ്പെടുത്തിയ സമാധാന പ്രാവനല്ലോ ഇന്നും ലോകമെമ്പാടും പ്രശനബാധിത പ്രദേശങ്ങളില്‍ വരച്ചു വെക്കാറുള്ളത്. 

                           അത് പോലെ രാജാരവിവര്‍മ്മയുടെ ചിത്രങ്ങള്‍ ഭാരതീയരില്‍ ഒരുമയും പാരമ്പര്യത്തില്‍ അഭിമാനവും ദേശസ്നേഹവും  തോന്നിപ്പിക്കുകയും സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. ഇങ്ങനെയൊക്കെ സമൂഹത്തില്‍ വിപ്ലവം വരുത്താന്‍ കഴിവുള്ള ശകതമായ ഒരു കലയാണ്‌ ചിത്രകല. 
          ചിത്രകലയില്‍ പിറക്കുന്ന സിദ്ധാന്തങ്ങളാണല്ലോ പിന്നീട് സാഹിത്യത്തിലും മറ്റും എത്തിച്ചെരുന്നത്. 

അവാർഡുകളിലെ സുതാര്യത
                   കേരള ലളിതകലാ അക്കാദമി ചിത്രകലാ ക്യാമ്പുകളും, പ്രദര്ശനങ്ങളും, അവാര്‍ഡുകളും, ഗ്രാന്റുകളും ഒക്കെ നല്‍കി ചിത്രകലയെ പരിപോഷിപ്പിക്കാന്‍ ഒത്തിരി ശ്രമിക്കുന്നുണ്ട്. 
                          പക്ഷെ ചിത്രകാരന്മാര്‍ക്ക് ഒരു ദിശാബോധം നല്‍കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടോ എന്ന് സംശയമാണ്. കാരണം ഓരോ വര്‍ഷവും ചിത്രകലയ്ക്ക് അവാർഡ് ചില ചിത്രങ്ങള്‍ക്ക് നല്‍കുമ്പോള്‍ അത് എന്ത് കൊണ്ടു നല്‍കി എന്താണ് അതിന്‍റെ മേന്മ എന്ന് ആരും ചോദിക്കുന്നുമില്ല  പറയുന്നുമില്ല. 
                     അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് വീതിച്ചു നല്കിയതാണോ? അതോ യഥാര്‍ത്ഥ കലാകാരന്മാര്‍ക്കും ചിത്രങ്ങള്‍ക്കും തന്നെയാണോ അവാര്‍ഡു ലഭിച്ചത് എന്ന് ആരും തിരക്കാറില്ല. അത് കൊണ്ടു തന്നെ അവാര്‍ഡു ചിത്രങ്ങള്‍ക്ക് സമൂഹത്തില്‍ ഒരു സ്ഥാനവും ലഭിക്കുന്നില്ല. ഇതിനൊക്കെ ഒരു മാറ്റം വരണമെന്നു  അതിയായ ആഗ്രഹം ഉണ്ട്.
2005ല്‍ മാതൃഭുമി പത്രത്ത്തിന്‍റെ ആലപ്പുഴ എഡിഷനില്‍
ആലപ്പുഴയില്‍ ആര്‍ട്ട് ഗാലറി വേണമെന്ന് ആവശ്യപ്പെട്ട്
 ഞാന്‍ എഴുതിയ പൌരവാര്‍ത്ത.ഇപ്പോള്‍ കോടികള്‍
 മുടക്കി പണിത നഗരചത്വരത്തില്‍ ആര്‍ട്ട് ഗാലറിയും
 ഉണ്ടെന്നു പറയുന്നു. പക്ഷെ തുടങ്ങിയിട്ടില്ല. 
ആസ്വാദനത്തിൻ്റെ ഭാഷ                        യാതൊരു അര്‍ത്ഥവും ആശയവും പേരുപോലും ഇല്ലാത്തതുമായ ചിത്രങ്ങള്‍ക്ക് അക്കാദമി എന്തിനാണ് അവാര്‍ഡു കൊടുകുനത് എന്ന് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. എന്താണ് ചിത്രത്തിനു പേര് കൊടുക്കാത്തത് എന്ന് ഒരു ചിത്രകാരനോട് ചോദിച്ചപ്പോള്‍ പേര് കൊടുക്കേണ്ടത് കാണികളാണ് എന്നാണു അദ്ദേഹം പറഞ്ഞത്. മനസിലാകാത്ത ആ ചിത്രം കണ്ടു പേരിടാന്‍ ഏതെങ്കിലും കാണി മേനക്കെടുമോ എന്ന് അദ്ദേഹം ചിന്തിക്കുന്നില്ല. 
                        പേരിട്ടാല്‍ ആ ചിത്രത്തി ന്‍റെ അര്‍ഥം ചുരുങ്ങിപ്പൊകും എന്നൊക്കെ അവര്‍ പറയുന്നു. ലോകത്തെ മിക്ക പ്രശസ്ഥ ചിത്രങ്ങള്‍ക്കും പേരുണ്ട് എന്നിട്ടും അവയുടെ അര്‍ഥം കുറഞ്ഞില്ല. പിന്നെയാണ് ഈ ആരും അറിയാത്ത ചിത്രകാരന്‍റെ ചിത്രം!! 
                ചിത്രകലയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നത് ഇത്തരം ദുര്‍വാശികളാണ് എന്നാണു എന്‍റെ അഭിപ്രായം .ഒരു ചിത്രം ഒരാളുടെ ആത്മാവിഷ്കാരമാണ് അതിന്‍റെ ആശയത്തിനു അനുയോജ്യമായ പേര് അയാള്‍തന്നെ കൊടുക്കുമ്പോഴേ അത് പൂര്‍ണമായും അയാളുടെതാകുകയുള്ളൂ. 
                          ഒരു കുട്ടി ജനിക്കുമ്പോള്‍ മാതാപിതാക്കള്‍, തങ്ങള്‍ അവനു പേരിടുന്നില്ല ഇവന്‍റെ സ്വഭാവം കണ്ടിട്ട് നാട്ടുകാര്‍ അവനു പെരിട്ടോളും എന്ന് തീരുമാനിച്ചാല്‍ എന്തായിരിക്കും സ്ഥിതി? (ചിത്രകാരന്മാരുടെ കഴിവുകളെ കുറച്ചു കാണിക്കുകയല്ല, ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന കൂടുതല്‍ മെച്ചപ്പെട്ട സൃഷ്ടികള്‍ അവരില്‍ നിന്ന് ഉണ്ടാകാനാണ് ഇങ്ങനെ എഴുതുന്നത്‌.അവരുടെ സ്വാതന്ത്ര്യത്തില്‍  ഇടപെടുന്നില്ല.) എല്ലാ ചിത്രങ്ങൾക്കും പേരുണ്ടാകണം എന്നല്ല; എന്നാൽ പൊതുജനങ്ങളുമായി സംവദിക്കാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾക്ക് അനുയോജ്യമായ പേരോ വിശദീകരണമോ ഉണ്ടെങ്കിൽ അതിന്റെ സ്വീകാര്യത വർധിക്കാം.
                ചിത്രകലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച കലാകാരന്മാരെയും കലാകാരികളെയും തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാനും,. സമൂഹനന്മയ്ക്ക് വേണ്ടി കലാമൂല്യവും, പ്രതികരണ ശേഷിയും സാമൂഹിക പ്രതിബദ്ധതയും ഉള്ളതുമായ ചിത്രങ്ങള്‍ അവരെ കൊണ്ടു വരപ്പിക്കാനും, പുതിയ തലമുറയിലെ ചിത്രകലാ പ്രതിഭകളെ വളര്‍ത്തി എടുക്കാനും ഉള്ള ഒരു നല്ല ചിത്രകലാ സംസ്കാരം കേരളത്തില്‍ വളര്‍ന്നു വരാനും ഇടയാകട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു. 
                                   ചിത്രകലയെ സ്നേഹിക്കുന്ന എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു. 

Comments

ചിത്രകലയുടെ ഏറ്റവും വലിയ ശക്തി അതിനു ഭാഷാഭേദമില്ലാതെ ലോകമെമ്പാടുമുള്ള ജനങ്ങളുമായി സംവദിക്കാന്‍ സാധിക്കുന്നു എന്നതാണ്. ദൃശ്യങ്ങള്‍ മനുഷ്യമനസ്സിനെ അതിവേഗം സ്വാധീനിക്കുന്നു. അതുകൊണ്ടാണല്ലോ സിനിമ ലോകം കീഴടക്കുന്നത്‌.
ഒരു ചിത്രത്തിനു പേര് കൂടാതെ തന്നെ ജന ഹൃദയങ്ങളിലേക്ക് കയറാന്‍ കഴിയും പക്ഷെ വെറുതെ എന്തെങ്കിലും വരച്ചിട്ടു അതില്‍ വലിയ അര്‍ഥങ്ങള്‍ കാണുന്നവര്‍ കണ്ടുപിടിച്ചു കൊള്ളണമെന്ന് പറഞ്ഞു ഇല്ലാത്ത മഹത്വം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനോടാണ് എനിക്ക് എതിര്‍പ്പ്. ആധുനിക ചിത്രകല മൊത്തം തള്ളിക്കളയുന്നവരുമായി ഞാന്‍ യോജിക്കുന്നില്ല. ആധുനിക ചിത്രകലയില്‍ മികച്ച സൃഷ്ടികള്‍ ഉണ്ടാകുന്നുണ്ട്..